കൊല്ലം: കശുവണ്ടി ഫാക്ടറി ഉടമയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് പ്രതീകാത്മക ആത്മഹത്യാസമരവുമായി ഫാക്ടറി ഉടമകള്‍. നല്ലില നിര്‍മല മാതാ കാഷ്യൂ ഉടമ സൈമണിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ എസ്ബിഐ ബാങ്കിന്റെ കൊല്ലം റീജ്യണല്‍ ഓഫീസിനു മുന്നിലാണ് സമരം സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ കശുവണ്ടി വ്യവസായമേഖലയോട് കാണിക്കുന്നത് നിഷേധാത്മത നിലപാടാണെന്ന് അവര്‍ കുറ്റപ്പെടുത്തി. നാല് കശുവണ്ടി വ്യവസായികള്‍ ആണ് അടുത്തകാലത്തായി വ്യവസായം നഷ്ടത്തിലായത് മൂലം ആത്മഹത്യ ചെയ്തത്.
മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ സ്വന്തം മണ്ഡലത്തില്‍ ഇത്തരത്തില്‍ വ്യവസായികള്‍ കൂട്ട ആത്മഹത്യ ചെയ്യുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന മട്ടാണ്. മൂന്നുവര്‍ഷമായി ജപ്തി നടപടി നേരിടുന്ന സൈമണ്‍ ബാങ്കിന്റെ നിഷേധാത്മക നിലപാട് മൂലം മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും സമരസമിതി ആരോപിച്ചു. ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പകളുടെ തിരിച്ചടവില്‍ സാവകാശം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്കിയിരുന്നെന്ന് വ്യവസായികള്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴും കശുവണ്ടി ഫാക്ടറികളില്‍ ബാങ്കുകളുടെ ജപ്തി നടപടി തുടരുകയാണ്. സംസ്ഥാനത്ത് ഒട്ടാകെയും ജില്ലയിലും സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷമാകുന്നു. ലക്ഷക്കണക്കിന് തൊഴിലാളികളെ അന്നമൂട്ടിയിരുന്ന ഫാക്ടറികളാണ് അടഞ്ഞുകിടക്കുന്നത്. പട്ടിണിയിലായ തൊഴിലാളികള്‍ എങ്ങനെ ജീവിക്കുന്നെന്ന് അന്വേഷിക്കാനാളില്ല. നരകജീവിതമാണ് തൊഴിലാളികള്‍ക്കും ഫാക്ടറി ഉടമകള്‍ക്കും സര്‍ക്കാര്‍ ഇന്ന് സമ്മാനിച്ചിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
ഈ വ്യവസായി പലതവണ ബാങ്ക് അധികാരികളോട് വിഷമങ്ങള്‍ പറഞ്ഞിട്ടുള്ളതും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിട്ടുള്ളതാണ്. സൈമണിന്റെ 80 വയസ്സുള്ള പിതാവ് മത്തായി സമരത്തില്‍ പങ്കെടുത്തു. വളരെ വേദനാജനകമായ അനുഭവം പങ്കുവയ്ക്കുകയും ചെയ്തു. കശുവണ്ടി വ്യവസായികളുടെ സംഘടനകളായ കാഷ്യൂ ഇന്‍ഡസ്ട്രി പ്രൊട്ടക്ഷന്‍ കൗണ്‍സിലും(സിഐപിസി) ഫെഡറേഷന് ഓഫ് കാഷ്യു പ്രൊട്ടക്ഷന്‍ കൗണ്‍സിലും(എഫ്സിപിഇ) സംയുക്തമായി സംഘടിപ്പിച്ച സമരത്തില്‍ സിഐപിസി പ്രസിഡന്റ് ഡി. മാത്യൂകുട്ടി, എഫ്സിപി ഇ പ്രസിഡന്റ് നിസാമുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: