കരിന്തളം: നിയമ പോരാട്ടത്തിനൊടുവില്‍ ജലനിധി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അശാസ്ത്രീയമായി നിര്‍മിച്ച ചെക് ഡാം പൊളിച്ചു മാറ്റി. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ജലനിധി പദ്ധതിയില്‍ കുമ്പളപ്പള്ളി തോടിനു കുറുകെ നിര്‍മിച്ച ചെക് ഡാം ആണ് സമീപവാസിയായ കരിമ്പില്‍ രാമനാഥന്റെ പരാതിയെ തുടര്‍ന്നു കഴിഞ്ഞ ദിവസം പൂര്‍ണമായി പൊളിച്ചു നീക്കിയത്.
10 ലക്ഷത്തോളം രൂപ ചെലവിട്ടു നിര്‍മിച്ച ചെക് ഡാം 3 വര്‍ഷത്തിനു ശേഷമാണ് പൊളിച്ചു മാറ്റിയത്. ആറര മീറ്റര്‍ വീതിയില്‍ നിര്‍മിച്ച ചെക് ഡാമില്‍ 1 മീറ്റര്‍ വീതിയില്‍ മാത്രമാണ് വെള്ളം ഒഴുകിപ്പോകാന്‍ സ്ഥലമിട്ടത്. 2.40 മീറ്റര്‍ ആഴത്തില്‍ നിര്‍മ്മിക്കേണ്ടിയിരുന്ന ചെക്ക് ഡാം 1.50 മീറ്റര്‍ ആഴത്തിലാണ് നിര്‍മ്മിക്കപ്പെട്ടത്.
ഇവിടെ ചെളിയടിഞ്ഞ് ജലനിരപ്പ് ഉയര്‍ന്നു സമീപത്തെ തോട്ടത്തിലേക്കു കവിഞ്ഞതോടെ തോട്ടം ഉടമയായ രാമനാഥനു പ്രതിവര്‍ഷം 3 ലക്ഷം രൂപ വീതം നഷ്ടം വന്നു. ജലം തടഞ്ഞു നിര്‍ത്തേണ്ട പലകയുടെ എണ്ണവും വലിപ്പവും കുറക്കാനാണ് ഇതു ചെയ്തതെന്നു പറയുന്നു. ഇത് സംബന്ധിച്ച് 2018 ജൂണിലാണ് രാമനാഥ് ആദ്യമായി പരാതിയുമായി പഞ്ചായത്തിനെ സമീപിക്കുന്നത്.
ജൂലായ് 28ന് ജലനിധി വകുപ്പിനും തുടര്‍ന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ക്കും അന്നത്തെ വകുപ്പ് മന്ത്രി മാത്യു.ടി തോമസിനും പരാതി നല്കുകയുണ്ടായി. രാമനാഥിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 2018 ഡിസംബര്‍ 6ന് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പൊളിച്ചു കെട്ടികൊടുക്കാമെന്ന ധാരണപത്രം നല്‍കിയിരുന്നു. തുടര്‍ നടപടികളില്ലാത്തതിനാല്‍ 2019 ഫെബ്രുവരിയില്‍ കോടതിയെ സമീപിക്കുന്നത്.
ഇതിനിടയില്‍ പല അന്വേഷണ കമ്മിഷനുകള്‍ വന്ന് തെളിവെടുത്തപ്പോള്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. വെള്ളമൊഴുകാന്‍ വഴിയുണ്ടാക്കാന്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനു പകരം ചെങ്കല്ലിനു സിമന്റു പൊതിഞ്ഞു നിര്‍മാണത്തില്‍ നടത്തിയ തട്ടിപ്പും വെളിച്ചത്തു വന്നു. ഇതോടെ ചെക് ഡാം പൊളിച്ചു മാറ്റാന്‍ ശ്രമം നടന്നെങ്കിലും ജലനിധി ഉദ്യോഗസ്ഥരുടെ സാന്നിധ്യം വേണമെന്ന ആവശ്യത്തില്‍ രാമനാഥന് ഉറച്ചു നിന്നു. ജലനിധി ടെക്നിക്കല്‍ മാനേജര്‍ ഗീത, പ്രൊജക്ട് കമ്മിഷണര്‍ അനസ് എന്നിവര്‍ കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയതോടെ കൂറ്റന്‍ കംപ്രസര്‍ തോട്ടിലിറക്കി ചെക് ഡാം പൊളിച്ചു നീക്കി.
തോടിന്റെ അരികു കെട്ടിക്കൊടുക്കണമെന്നു 2019 നവംബറില്‍ തന്നെ കോടതി നല്കിയ നിര്‍ദേശവും 6 മാസം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. പഞ്ചായത്ത് ജലനിധി പദ്ധതിയിലെ മുഴുവന്‍ ക്രമക്കേടും വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: