തിരുവനന്തപുരം: വിദേശത്തു നിന്ന് വരുന്നവര്‍ കൊറോണ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. കേരളം അല്ലാതെ രാജ്യത്തെ ഒരു സംസ്ഥാനവും ഇത്തരത്തില്‍ ഒരു നിബന്ധന മുന്നോട്ട് വെച്ചിട്ടില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കവേയാണ് ഇത്തരത്തില്‍ അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ ബഹ്റൈനില്‍ മാത്രമാണ് കൊറോണ ടെസ്റ്റ് നടത്തുന്നതില്‍ നിബന്ധനകള്‍ മുന്നോട്ട് വെയ്ക്കാത്തത്. സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ പ്രോട്ടോക്കോള്‍ പ്രകാരം കൊറോണ വൈറസ് രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രമേ പരിശോധനയ്ക്ക് വിധേയമാക്കൂ.
നിലവില്‍ യുഎഇയില്‍ മാത്രമാണ് സ്വകാര്യ ടെസ്റ്റിങ് നടത്താന്‍ സംവിധാനമുള്ളൂ. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ ഫലം കാണിച്ചാല്‍ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ഇത്രയും പേര്‍ക്ക് ഒരുമിച്ച് ടെസ്റ്റ് നടത്താനുള്ള സൗകര്യം യുഎഇയിലെ ലാബില്‍ ഉണ്ടാകണമെന്നില്ല. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്ത വ്യക്തിയാണെങ്കില്‍ പരിശോധനാഫലം പോസിറ്റീവ് ആണെങ്കില്‍ ബുക്ക് ചെയ്ത പണം നഷ്ടമാകും. അതല്ലാതെ പരിശോധനാ ഫലം വരാന്‍ വൈകിയാലും ഇത് തന്നെയാണ് അവസ്ഥ.
സംസ്ഥാന സര്‍ക്കാരിന്റെ 48 മണിക്കൂറെന്ന നിബന്ധന പ്രകാരം കൊറോണ പരിശോധനാഫലം ലഭിക്കുക പ്രയാസമാണ്. വിദേശ രാജ്യത്തുനിന്ന് മടങ്ങിയെത്തുന്നവര്‍ക്കായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി എന്നാണ് കേരളം വ്യക്തമാക്കിയിരുന്നത്. ഇവര്‍ക്കായി ഒന്നര ലക്ഷത്തോളം മുറികളും മറ്റും സജ്ജീകരിച്ചതായും അറിയിച്ചിരുന്നു. എന്നിട്ടും അപ്രായോഗിക കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ എന്തിനാണ് ശ്രമിക്കുന്നത്.
പ്രവാസികളെ സ്വീകരിക്കാനുള്ള തയ്യാറെടെപ്പുകളെല്ലാം പൂര്‍ത്തിയായതായാണ് കേരളം കേന്ദ്രത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതുമായി കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളൊന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. അതിനാല്‍ തന്നെ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളുടെ കാര്യത്തില്‍ വിദേശകാര്യ വകുപ്പിന് ആശങ്കയുണ്ടായിരുന്നു. ആ കേരളമാണ് തിരിച്ചുവരുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനായി പലവിധ നടപടികള്‍ കൈക്കൊള്ളുന്നത്. ക്രൂരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: