അര്‍ബന്‍ നക്സലുകളുടെ അറിയാക്കഥകള്‍
ഇത് കമ്മ്യൂണിസം അല്ല , ഇവരെ കമ്മ്യൂണിസ്റ്റ് ആയി വിശേഷിപ്പിക്കാനല്ല തോന്നുന്നത്. ഇവര്‍ക്ക് ചേരുക അര്‍ബന്‍ നക്സല്‍ എന്ന വിശേഷണമാണ്. ഒരു രക്തരൂഷിത വിപ്ലവത്തിനാണ് ഇവര്‍ കാത്തു നില്‍ക്കുന്നത്. ഇന്ത്യ എന്ന ജാനാധിപത്യത്തിന്റെ നെടും തൂണിനെ തകര്‍ത്ത് കമ്മ്യൂണിസത്തിന്റെ സ്വേച്ഛാധിപത്യത്തെ കൊണ്ടുവരാനാണ് ഇവര്‍ ശ്രമിക്കുന്നത്.
1991, എന്റെ അച്ഛന് ജീവിതത്തില്‍ കമ്മ്യൂണിസം മാത്രം മുറുകെ പിടിച്ച വ്യക്തിയായിരുന്നു. അദ്ദേഹം എന്നെ തിരുവനന്തപുരം എകെജി സെന്ററിലേക്ക് കൂട്ടിക്കൊണ്ടു പോയി. കമ്മ്യൂണിസ്റ്റുകാരുടെ പുണ്യ ഗേഹം. കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ യുദ്ധഭൂമി. മുതിര്‍ന്ന സഖാക്കള്‍ തങ്ങളുടെ എല്ലാ ദിനചര്യകളും ചെയ്യുന്നത് ഇവിടെ ആണ്.
അവരുടെ ജോലി സ്ഥലവും, തീറ്റയും, കിടപ്പും എല്ലാം ഇവിടെ തന്നെ. ഇതില്‍ കൂടുതല്‍ അവര്‍ ചെയ്യുന്നത് എന്താണെന്ന് ചോദിച്ചാല്‍ ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിനെതിരെ അപവാദങ്ങള്‍ അല്ലെങ്കില്‍ വിദ്വേഷ പ്രചാരണം നടത്തുക എന്നതും കൂടിയാണ്.
ഞാന്‍ എങ്ങനെ അവിടെ എത്തി എന്നറിയണമെങ്കില്‍ അല്ലെങ്കില്‍ എനിക്ക് അതിന്റെയുള്ളില് പ്രവേശിക്കാനുള്ള അനുമതി കിട്ടി എന്നറിയണമെങ്കില്‍, എന്റെ അച്ഛനെ കുറിച്ചു പറയേണ്ടി വരും. പരമ്പരാഗത കമ്മ്യൂണിസ്റ്റ് കുടുംബം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് മാത്രം വോട്ട് ചെയ്യുന്ന കുടുംബം. 1950 കളില്‍, നെഹ്റു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചപ്പോള്‍, കമ്യൂണിസ്റ്റുകാര്‍ വേട്ടയാടപ്പെട്ടപ്പോള്‍, സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാട് ഒളിവില്‍ താമസിച്ചത് എന്റെ വീട്ടിലാണ്. ‘പെറ്റി ബൂര്‍ഷ്വാ’ കുടുംബത്തില്‍ ഒളിച്ചാല്‍ കമ്മ്യൂണിസ്റ്റുകാരെ പോലീസ് അവിടേക്ക് തേടി വരാനുള്ള സാധ്യത കുറവാണെന്നുള്ള നിഗമനമാണ് കാരണം. ആ ബുദ്ധിപരമായ നീക്കം വിജയിച്ചു. ഇഎംഎസിനെ പോലീസിന് കണ്ടെത്താനായില്ല. ഇപ്പോള്‍ മനസ്സിലായിക്കാണും എന്റെ അച്ഛനും എകെജി സെന്ററും തമ്മിലുള്ള ബന്ധം. അദ്ദേഹത്തിന് അത് തറവാടു പോലെയായിരുന്നു.
അച്ഛന് വളരെയധികം ആവേശത്തിലായിരുന്നു. എല്ലാ മുറികളിലുമുള്ള പഴയ സഖാക്കന്മാരെ നേരിട്ട് കണ്ടു. പിന്നെ പുതിയ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് സ്വയം പരിചയപ്പെടുത്തി. ഒരു മുറിയില്‍ ചെന്നപ്പോള്‍ ഒരു പഴയ സഖാവ് അവിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്തൊക്കെയോ പായ്ക്ക് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അച്ഛന് ഒരു യുദ്ധ വീരനെ അഭിവാദ്യം ചെയ്യുന്നതുപോലെ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. ആ കണ്ണുകളിലെ തിളക്കം ഒന്ന് വേറെ തന്നെ ആയിരുന്നു അപ്പോള്‍. പരിചയപ്പെടലുകളുടെ നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അച്ഛന് എന്നോടായി ചോദിച്ചു ‘ നിനക്ക് ഇടത്തെ അറിയാമോ ?.
അച്ഛന് തന്നെ ഉത്തരവും പറഞ്ഞു തുടങ്ങി. ഇത് കെ.എന്‍. 1980ല്‍ ഇഎംഎസിനെ ചൈന അതിര്‍ത്തി വരെ അനുഗമിച്ചതു ഇദ്ദേഹം ആണ്. അവിടെ നിന്നും ചൈനീസ് ആര്‍മി ഇഎം എസിനെ ഹെലികോപ്റ്ററില്‍ ബെയ്ജിങ്ങിലേക്ക് കൊണ്ടുപോയി.
ഇതുകേട്ട കെഎന്‍ നിര്‍വികാരമായി ചിരിച്ചു. എളിമയും അത് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം താന്‍ ചെയ്തത് മാത്രമാണെന്നുമുള്ള ഒരു ഭാവവും ആ മുഖത്തുണ്ടായിരുന്നു. തന്റെ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചു എന്ന തിരിച്ചറിവോ അല്ലെങ്കില്‍ അത് തെറ്റാണെന്നുള്ള അപമാനബോധമോ അയാളുടെ മുഖത്തുണ്ടായതായി എനിക്ക് തോന്നിയില്ല. അപ്പോഴേക്കും വി.എസ് അച്യുതാനന്ദന് അദ്ദേഹത്തിന്റെ ഭാര്യയുടെ കൂടെ അവിടെയെത്തി. അവരെ കണ്ട ഉടന്‍ കെഎന്‍ പറഞ്ഞു. ‘ വിഎസിനെ പറഞ്ഞയച്ച ശേഷം ഞാന്‍ വരാം. ഒരു മിനിറ്റ് വെയിറ്റ് ചെയ്യൂ’.
താഴേക്ക് വിഎസിന്റെ പിറകെ കെഎന്‍ നടന്നു. ‘അയ്യോ ഞാന്‍ തലയണ മറന്നു പോയി’, വിഎസിന്റെ ഭാര്യ പറഞ്ഞു. ഉടന്‍ തന്നെ കെഎന്‍ ഓടിപ്പോയി തലയണ എടുത്തു കൊണ്ടുവന്നു. പിന്നെ കാറിന്റെ ഡോര്‍ തുറന്നു കൊടുത്തു. ഇതെല്ലാം എന്റെ അച്ഛന് ജനലില്‍ കൂടെ കാണുന്നുണ്ടായിരുന്നു. ‘പണ്ട്, കെഎന്നിന്റെ സമുദായക്കാര്‍ നമ്പൂതിരിമാര്‍ക്ക് സഹായികള്‍ ആയിരുന്നു. ഇപ്പൊ അയാളുടെ ഉള്ളിലെ ആ വ്യക്തിത്വമാണ് അയാള്‍ അറിയാതെ തന്നെ പുറത്തു വരുന്നത്. അതുകൊണ്ടാണ് തലയണ എടുത്ത് ഇങ്ങനെ പിറകെ പോയത്’.
വേറെ ആരെങ്കിലുമാണ് ഇത് പറഞ്ഞതെങ്കില്‍ ഒരു ജാതിവെറിയന്റെ ജല്പനങ്ങളായി ഞാന്‍ പുച്ഛിച്ചു തള്ളുമായിരുന്നു. പക്ഷെ ഇതുവന്നത് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മനസ്സിലാണ്, അവിടെ ജാതിക്കും, മതത്തിനും പ്രസക്തി ഉണ്ടാവില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. ഇത് കമ്മ്യൂണിസം അല്ല , ഇവരെ കമ്മ്യൂണിസ്റ്റ് ആയി വിശേഷിപ്പിക്കാനല്ല തോന്നുന്നത്. ഇവര്‍ക്ക് ചേരുക അര്‍ബന്‍ നക്സല്‍ എന്ന വിശേഷണമാണ്. ഒരു രക്തരൂഷിത വിപ്ലവത്തിനാണ് ഇവര്‍ കാത്തു നില്‍ക്കുന്നത്. ഇന്ത്യ എന്ന ജാനാധിപത്യത്തിന്റെ നെടും തൂണിനെ തകര്‍ത്ത് കമ്മ്യൂണിസത്തിന്റെ സ്വേച്ഛാധിപത്യത്തെ കൊണ്ടുവരാനാണ് ഇവര്‍ ശ്രമിക്കുന്നത്. എന്റെ അച്ഛന് ജീവിതം മുഴുവന്‍ സ്വപ്നം കണ്ടത് അതായിരിക്കുന്നു.
ടികായത്തിന്റെ വിപ്ലവം
1987ല്‍ ഉത്തര്‍പ്രദേശിലെ കര്‍ഷക നേതാവായിരുന്ന മഹേന്ദ്ര സിങ് ടികായത് കരിമ്പിന് ഉയര്‍ന്ന വില വേണമെന്ന ആവശ്യം ഉന്നയിച്ചു പ്രക്ഷോഭം തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ അതിനു എതിരായിരുന്നു. അദ്ദേഹം തന്റെ സമരം ദില്ലിയിലേക്ക് മാറ്റി. അയ്യായിരത്തോളം പേര് പാര്‍ലമെന്റിനു നൂറു മീറ്റര്‍ അകലെയായി നിലയുറപ്പിച്ചു. മുദ്രാവാക്യങ്ങള്‍ ഉച്ചത്തിലായി. എന്റെ അച്ഛന് പെട്ടെന്ന് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു ബാല്‍ക്കണിയിലേക്ക് വന്നു ചോദിച്ചു ‘വിപ്ലവം ആരംഭിച്ചോ’
ഒരു തമാശയായി മാത്രമായിട്ടാണ് എനിക്ക് തോന്നിയത്. പന്ത്രണ്ടു കമ്യൂണിസ്റ്റുകാര്‍ ഒരു വലിയ സ്ഥലത്തു നിന്ന് റഷ്യന്‍ വിപ്ലവം തുടങ്ങുന്നതു ഒന്ന് ആലോചിച്ചു നോക്കൂ. അച്ഛന്റെ ഈ മണ്ടത്തരത്തിന് തലയില്‍ കൈ വെച്ച് ചിരിക്കാനേ എനിക്ക് സാധിച്ചുള്ളൂ. അത് വെറും കര്‍ഷക പ്രതിഷേധം മാത്രമാണെന്ന് അദ്ദേഹത്തിന് പറഞ്ഞു കൊടുക്കേണ്ടി വന്നു. ഇന്ത്യ എന്ന രാജ്യത്തെ ഫ്യൂഡല്‍ വ്യവസ്ഥ ഒരു കമ്യൂണിസ്റ്റ് വിപ്ലവം വഴി മാറ്റിയെടുക്കുക ‘ഇങ്ക്വിലാബ് സിന്ദാബാദ്’ അതിനു വഴിയൊരുക്കുക എന്നൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ ചിന്താഗതി. നിരാശയോടെ ‘കര്‍ഷകര്‍ ഉണര്‍ന്നാല്‍ ഈ രാജ്യം കത്തും’ എന്ന ആത്മവിശ്വാസം ഉള്ള കമന്റുമടിച്ചു അദ്ദേഹം വീണ്ടും ഉറങ്ങാന്‍ പോയി.
ടികായത്തിന്റെ കീഴിലുള്ള കര്‍ഷകരുടെ ആവശ്യം അവരുടെ വിളകള്‍ക്ക് കൂടുതല്‍ പണം വേണം എന്നത് മാത്രമായിരുന്നു. ഇറക്കുമതി ചെയ്തിരുന്ന ഉത്പന്നങ്ങള്‍ അവരുടെ വരുമാനത്തെ നന്നായി ബാധിക്കുന്നു. അതിനാല്‍ ഇറക്കുമതി നിര്‍ത്തിക്കുക എന്നത് കൂടെയായിരുന്നു അവരുടെ ആവശ്യം. ‘ദേശാഭിമാനി’യും, കമ്മ്യൂണിസ്റ്റ് പുസ്തകങ്ങളും മാത്രം തലച്ചോറില്‍ നിറച്ച അച്ഛന് ഇന്ത്യയെ ശരിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല.
അച്ഛന് ബെര്‍ലിനിലെ ഹംബോള്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും എഞ്ചിനീയറിങില്‍ പിഎച്ച്ഡി എടുത്തയാളാണ്. ഐന്സ്റ്റീന് പഠിച്ച സ്ഥലം. പിന്നെ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഗോള്‍ഡ് മെഡലും.
ചുവപ്പന്‍ വിപ്ലവത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്
സിപിഎം റാലികള്‍ ദല്‍ഹിയില്‍ നടക്കുമ്പോള്‍ അച്ഛന് ഉള്‍പ്പുളകം കൊള്ളുന്നത് കാണാമായിരുന്നു. തന്റെ നെഞ്ചില്‍ കൈ വെച്ച് ‘ദല്‍ഹി ഞങ്ങളുടെ ശക്തി ഇന്ന് കാണും’ എന്ന് അഭിമാനത്തോടെ അച്ഛന് പറയും. കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടയില്‍ അച്ഛന് പൊളിറ്റ്ബ്യൂറോ അംഗം ഇ. ബാലാനന്ദനെ കണ്ടത് ഞാന്‍ ഓര്‍ക്കുന്നു.’നമുക്ക് ദല്‍ഹി ചുവപ്പിക്കണം’ അച്ഛന് അന്ന് ബാലാനന്ദനോട് പറഞ്ഞ വാക്കുകള്‍ ഇതാണ്.
വടക്കന്‍ കേരളത്തില്‍ എങ്ങനെയാണീ സിപിഎമ്മിന്റെ ഗുണ്ടകള്‍ ആര്‍എസ്എസ് കേഡറുകളെ അമര്‍ച്ച ചെയ്തത് എന്ന് വിവരിക്കാന്‍ അദ്ദേഹത്തിന് ആവേശമായിരുന്നു. ഈ ചര്‍ച്ച എന്റെ കുടുംബത്തില്‍ നടക്കുമ്പോള്‍ മലബാര്‍ മേഖലയില്‍ ഹിന്ദുക്കളുടെ വംശീയ ഉന്മൂലനത്തെ തടഞ്ഞത് ആര്‍എസ്എസ് ആണെന്നുള്ള ഒരു മറുഭാഗം വാദം വന്നു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു ‘ശരിയായിരിക്കാം, പക്ഷെ ആര്‍എസ്എസ് മരുന്നായി ഉപയോഗിക്കാം, പക്ഷെ അത് ഭക്ഷണം ആക്കരുത്’. കുടുംബ സംഗമങ്ങള്‍ നടക്കുമ്പോള്‍ റഷ്യന്‍ വിപ്ലവവും ഒക്ടോബര്‍ വിപ്ലവവും എല്ലാം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞു നില്ക്കുമായിരുന്നു.
ഇന്ത്യയിലെ ഉന്നതകുല ജാതരെ കൊന്നൊടുക്കി അടിസ്ഥാന വര്‍ഗ്ഗക്കാര്‍ക്ക് സ്വര്‍ഗ്ഗം തീര്‍ക്കണം എന്ന വിപ്ലവ ആവേശം അദ്ദേഹം പ്രതിഫലിപ്പിക്കുമായിരുന്നു. ഇതിലെ വൈരുദ്ധ്യം എന്താണെന്ന് വച്ചാല്‍, ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ ഭൂവുടമ അച്ഛനായിരുന്നു. അങ്ങനെ ഒരു വിപ്ലവം സംഭവിച്ചാല്‍ ആദ്യത്തെ വെടിയുണ്ട പായുന്നത് അദ്ദേഹത്തിന്റെ നെഞ്ചിലൂടെയായിരിക്കും. കേരളത്തിലെ ആരോഗ്യ സംവിധാനം ഏറ്റവും മികച്ചത് എന്ന് പറഞ്ഞു മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നതുപോലെയുള്ള കോമഡി.
ദേശസ്നേഹം എന്നത് എന്റെ അച്ഛനില്ലായിരുന്നു. അത്രയ്ക്കായിരുന്നു മാര്‍ക്സിസത്തിന്റെ സ്വാധീനം. പഞ്ചാബിയുടെ കമ്പനിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജോലി. ഹിമാചല്‍പ്രദേശിലെ സൊളാനില്‍. വടക്കേ ഇന്ത്യയോട് ഒട്ടും ഇഷ്ടമില്ലായിരുന്നു. അവിടെ സൗഹൃദങ്ങള്‍ തീരെയില്ല.
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്ക് എയര്‍ഫോഴ്സില്‍ ചേരണമെന്ന് അച്ഛനോട് പറഞ്ഞു. പൈലറ്റ് ആവണം. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ ഫോമില്‍ അച്ഛന് ഒപ്പിടേണ്ടി വന്നു. ആ സംഭാഷണത്തിന്റെ രത്നച്ചുരുക്കം ഇതായിരുന്നു.
അച്ഛന്: നിന്റെ ബുദ്ധി കെട്ടു പോയോ, എന്തിനാണ് എയര്‍ഫോഴ്സ്?
ഞാന്‍ : എനിക്ക് ഫ്ളൈറ്റുകള്‍ ഇഷ്ടമാണ്.
അച്ഛന് : ഞാന്‍ സമ്മതിക്കില്ല, അത് അപകടം പിടിച്ച ജോലിയാണ്
ഞാന്‍ : സാരമില്ല , രാജ്യത്തിന് വേണ്ടി മരിക്കാന്‍ തയ്യാറാണ്
അച്ഛന് : വേണമെങ്കില്‍ വടക്കേ ഇന്ത്യക്കാര്‍ കേരളത്തിന് വേണ്ടി മരിക്കട്ടെ. കേരളീയര്‍ എന്തിനാണ് ഇന്ത്യക്ക് വേണ്ടി മരിക്കുന്നത്.
അവസാനത്തെ വാക്ക് ഒരിക്കലും മാപ്പര്ഹിക്കുന്നതായിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ ആകെ തുക ആ വാക്കുകളിലുണ്ട്. കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍, 1962 ല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള യുദ്ധം നടക്കുമ്പോള്‍, ലണ്ടനില്‍ മാര്‍ക്സിസ്റ്റ് വിദ്യാര്‍ത്ഥിയായി പഠിക്കുകയായിരുന്നു. അന്ന് അയാള്‍ ചൈനയ്ക്ക് പണം സ്വരൂപിച്ചു കൊടുത്തിട്ടുണ്ട്. ഒരു അര്‍ബന്‍ നക്സലിന്റെ ഉത്തമ ഉദാഹരണമാണ് അയ്യര്‍, പാകിസ്ഥാനില്‍ പോയി മോദിയെ താഴെയിറക്കാന്‍ പറഞ്ഞത് അദ്ദേഹമല്ലേ? അതിന്റെ ചെറിയ പതിപ്പാണ് അച്ഛന് എന്ന് എനിക്ക് തോന്നി. ഭാരതവിരുദ്ധ പത്രപ്രവര്‍ത്തകരായ എം.കെ. വേണുവിനും ശേഖര്‍ ഗുപ്തയ്ക്കും ദക്ഷിണഭാരതം ഇന്ത്യയില്‍ നിന്നും വേര്‍പെട്ടു വേറൊരു രാജ്യം ആകണമെന്നാണ് അഭിപ്രായം. അച്ഛനും അതേ അഭിപ്രായമാണ്. ‘ തെക്കേ ഇന്ത്യക്ക് മുന്നേറാന്‍ അത് കൂടുതല്‍ സഹായകരമാവും ‘ എന്നദ്ദേഹം വിശ്വസിച്ചിരുന്നു. ഇത് പറയുമ്പോള്‍ വടക്കേ ഇന്ത്യയിലെ ആ കമ്പനിയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് അദ്ദേഹത്തിനായിരുന്നു.
അര്‍ബന്‍ നക്സല്‍ മാത്രമല്ല നല്ലൊരു അവസരവാദി കൂടിയാണ് അച്ഛനെന്ന് തോന്നിയിട്ടുണ്ട്. 1940 ല്‍ ക്ഷാമം കാരണം പലരും കേരളത്തില്‍ മരിച്ചു വീണപ്പോള്‍ തങ്ങള്‍ ആട്ടിറച്ചിയും അച്ചാറും കഴിച്ചാണ് അതിജീവിച്ചതെന്നു കള്ളം പറഞ്ഞു എല്ലാവരെയും സ്തബ്ധരാക്കാറുണ്ട് അച്ഛന്. ഒരിക്കലും സത്യമല്ലാത്ത കാര്യമായിരുന്നു. ഇങ്ങനെയാണ് അതിജീവനം ചെയ്തത് എന്ന് ബോധിപ്പിക്കാന്‍ അച്ഛന് പറഞ്ഞത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല.
എന്റെ മുത്തച്ഛന് അവിടെ ഒരു അംഗീകരിക്കപ്പെട്ട വ്യക്തിയായിരുന്നു. ശ്രീനാരയണ ഗുരുവില്‍ നിന്നും ആശയം ഉള്‍കൊണ്ടു അധസ്ഥിതര്‍ക്ക് വേണ്ടി വിദ്യാലയം അദ്ദേഹം തുറന്നു. അവരുടെ അമ്പലത്തില്‍ ഒരു പ്രത്യേക സ്ഥാനം മുത്തച്ഛന് ഉണ്ടായിരുന്നു.
അച്ഛന്റെ മനസ്സിലുള്ള കമ്മ്യൂണിസവും പടിഞ്ഞാറിനോടുള്ള അഭിനിവേശവും അവിടെ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. എന്നിലേക്ക് പകരാനും അച്ഛന് പരമാവധി ശ്രമിച്ചു. ഇന്ന് കേരളത്തില്‍ ജാതി വിവേചനവും പട്ടിണിയും ഇല്ലാത്തതിന് കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആണെന്നുള്ള ടാഗ് ലൈന്‍ ആണ് അച്ഛന് ഉപയോഗിച്ചിരുന്നത്. ശ്രീനാരായണ ഗുരുവിനെ പോലുള്ള ആള്‍ക്കാരുടെ പ്രവര്‍ത്തനങ്ങളെ സൗകര്യപൂര്‍വം മറന്നു. ചട്ടമ്പി സ്വാമികളെയും, അയ്യങ്കാളിയെയും ഒഴിവാക്കി. ഇതിന്റെ വിരോധാഭാസം എന്താണെന്ന് വെച്ചാല്‍, സിപിഎം ആണ് ഏറ്റവും കൂടുതല്‍ ജാതി വ്യവസ്ഥയുള്ള പാര്‍ട്ടി. പൊളിറ്റ്ബ്യൂറോ ബ്രാഹ്മണര്‍ക്ക് വേണ്ടി മാത്രം മാറ്റി വച്ചതാണ്. ദളിതരുടെയും മറ്റുളവരുടെയും സാന്നിധ്യം വളരെ കുറവ്.
വാക്കുകള്‍ കൊണ്ട് എന്നെ കമ്മ്യൂണിസത്തിലേക്ക് അടുപ്പിക്കാന്‍ പറ്റാതെയായപ്പോള്‍ അച്ഛന് അടവ് മാറ്റി. സോവിയറ്റ് സിദ്ധാന്തങ്ങള്‍ നിറഞ്ഞ പുസ്തകങ്ങള്‍ വാങ്ങി തരും. വാങ്ങുന്നത് ദല്‍ഹിയിലുള്ള സോവിയറ്റു സെന്റര്‍ ഫോര്‍ ആര്‍ട്ട്, സയന്‍സ് ആന്‍ഡ് കള്‍ച്ചര്‍ സെന്ററില്‍ നിന്നും. ഞാന്‍ പതിനൊന്നില്‍ പഠിക്കുമ്പോള്‍ ലെനിന്റെ ജീവചരിത്രം തന്നിട്ട് പറഞ്ഞു ‘ നീ ഇത് വായിക്കണം, കാരണം എല്ലാ വശങ്ങളും നീ തിരിച്ചറിയണം’.എതിരൊന്നും പറഞ്ഞില്ല. കാരണം എനിക്ക് വായന ഇഷ്ടമായിരുന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും അതിലെ ഒന്നാം അദ്ധ്യായം പിന്നിടാന്‍ എനിക്ക് സാധിച്ചില്ല. ഒരു നിലവാരമോ ഉപകാരമോ ഇല്ലാത്ത പുസ്തകങ്ങളില്‍ ഒന്നായിട്ടാണ് എനിക്ക് തോന്നിയത്.
വൈരുദ്ധ്യാത്മക ഭൗതിക വാദം ഉണ്ടെങ്കിലും മൂന്നു നേരം പ്രാര്‍ത്ഥിക്കുന്ന തികഞ്ഞ വിശ്വാസിയാണ് അച്ഛന് . അമ്പലങ്ങളില്‍ പോകും. പൂജകള്‍ ചെയ്യും. 1991 ല്‍ സോവിയറ്റു യൂണിയന് പിളര്‍ന്നപ്പോള്‍ ബോറിസ് യെല്സണ് സര്‍ക്കാര്‍ വരാന്‍ വേണ്ടി 100 രൂപ കൊടുത്ത് പ്രത്യേക പൂജ കഴിപ്പിച്ച ആളാണ് അച്ഛന് എന്നതാണ് ഏറ്റവും വലിയ തമാശ. വളരെയധികം നാണക്കേട് തോന്നി, ‘കേരളത്തിലെ ഈ പൂജ കൊണ്ട് മോസ്കോവില്‍ വല്ലതും നടക്കുമോ? ‘എന്ന് തമാശരൂപേണ അച്ഛനോട് ചോദിച്ചു.’റഷ്യക്കാര്‍ക്ക് വേണ്ടാത്ത കമ്മ്യൂണിസം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നത്?. ഗാന്ധി തുര്‍ക്കിയിലെ കാലിഫേറ്റിനെ പിന്തുണയ്ക്കുന്നതു പോലെയുണ്ട്, തുര്‍ക്കിക്കാര്‍ക്ക് അത് വേണ്ടാത്തപ്പോള്‍…’
‘ഇവിടത്തെ ദേവി വളരെ ശക്തിയുള്ളതാണ്. യെല്സണ് ഇപ്പോള്‍ അതിജീവിക്കാന്‍ പറ്റില്ല. അദ്ദേഹത്തിന് ശേഷം റഷ്യയില്‍ ശരിയായ കമ്മ്യൂണിസം വരും. ‘1997 യെല്സണ് പുറത്തായി പിന്നെ കമ്മ്യൂണിസം റഷ്യ കണ്ടില്ല. ഇനി കാണാനുള്ള സാധ്യത വളരെ കുറവാണ്. അച്ഛന് ഒരിക്കലും ഹിന്ദു മതഗ്രന്ഥങ്ങള്‍ തന്നിരുന്നില്ല. ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടും. പക്ഷെ അമര്‍ചിത്രകഥ, ചന്ദാമാമ, മാഡ് പോലെയുള്ള ബൂര്‍ഷ്വാ പുസ്തകങ്ങള്‍ വായിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നുന്നില്ല . അദ്ദേത്തിനു ഏറ്റവും വെറുപ്പുള്ള പുസ്തകം മാഡ് ആയിരുന്നു. അതാകട്ടെ ലെഫ്റ്റ് ലിബറല്‍ പബ്ലിഷ് ചെയ്യുന്നതും.
ഞാന്‍ എന്റെ ജേര്‍ണലിസം കരിയര്‍ ആരംഭിക്കുമ്പോള്‍ അര്‍ബന്‍ നക്സല്‍ എന്ന പേര് തികച്ചും അപരിചിതമായിരുന്നു. ഇത് ഈ ദേശവിരുദ്ധര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ദല്‍ഹി അവരുടെ താവളമായി. അവര്‍ അവരുടെ ശക്തി തെളിയിച്ചു തുടങ്ങി.
2005 ല്‍ ഒരു വനിതാ ആക്ടിവിസ്റ്, എന്റെ എഡിറ്ററെ സമീപിച്ചു. ഒരു എന്‍ജിഒയുടെ ലേബലിലാണ് വന്നത് . എഡിറ്റര്‍ ചിലപ്പോഴൊക്കെ പാര്‍ട്ട് ടൈം ആയി ഇവന്റ് മാനേജ്മന്റ് ചെയ്യാറുണ്ട്. ഒരു സെമിനാര്‍ സംഘടിപ്പിച്ചു. രാജിവ് ഗാന്ധി ഫൗണ്ടേഷന് ആയിരുന്നു സ്ഥലം. കോട്ടണ്‍ സാരി ഉടുത്തു, ഒരു മുഷിഞ്ഞ രീതിയില്‍ ഉള്ള കോട്ടണ്‍ വസ്ത്രം ധരിച്ച ഒരു സ്ത്രീ. കുറച്ചു രാഷ്ട്രീയക്കാരെ ഇതിലേക്ക് ക്ഷണിക്കണമെന്നു അവര്‍ എന്റെ എഡിറ്ററോട് പറഞ്ഞു, കൂടെ കുറെ അക്കാഡമിക് വിദഗ്ദന്മാരും, പത്രപ്രവര്‍ത്തകരെയും. 70000 രൂപയ്ക്കാണ് ഇതിന്റെ കരാര്‍ എഡിറ്റര്‍ ഏറ്റെടുത്തത്. അതുകാരണം എല്ലാം എന്റെ എഡിറ്റര്‍ സമ്മതിച്ചു. അതിന്റെ വളരെ പ്രധാനപ്പെട്ട വക്താവ് രാജീവ് ഗാന്ധി ഫൗണ്ടേഷനിലെ ഒരു സീനിയര്‍ ഒഫീഷ്യല്‍ ആയിരുന്നു. സെമിനാര്‍ നന്നായി തുടങ്ങി. തികച്ചും ആകര്‍ഷകമല്ലാത്ത വിഷയമാണെന്ന് തോന്നി. ദല്‍ഹിയിലെ ല്യൂട്ടിയന്‍ മാധ്യമക്കാര് ആവശ്യത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ ബുഫേ ഭക്ഷണമാണ് കൂടുതല്‍ ആകര്ഷകമായിരുന്നത്. എന്‍ജിഒ അംഗങ്ങളെല്ലാം കോണ്‍ഗ്രസ് നേതാക്കന്മാരോട് ചേര്‍ന്ന് ഫോട്ടോ എടുക്കാനുള്ള അവസരം നന്നായി ഉപയോഗിച്ചു. അത് കഴിഞ്ഞ് എഡിറ്റര്‍ ബില്ല് അയച്ചു കൊടുത്തു .
പിന്നീടാണ് മനസ്സിലായത് എന്‍ജിഒ ഓഫീസ് ഒഴിഞ്ഞു പോയെന്ന്. ആ സ്ത്രീയെ വിളിച്ചപ്പോള്‍ അവര്‍ യാത്രയില്‍ ആണെന്നും, അവരുടെ ഹെഡ് ഓഫീസ് വേറെ ഒരു സംസ്ഥാനത്ത് ആണെന്നും അവിടെ നിന്നും പണം വരുമെന്നും വാഗ്ദാനം ചെയ്തു. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും വിളിച്ചു. അതവര്‍ക്ക് അത്ര ദഹിച്ചില്ല . അവരെ വിളിച്ചു ശല്യം ചെയ്യരുതെന്നും പറഞ്ഞു. താന്‍ തന്റെ ജോലി ചെയ്ത കാശിനാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ അവരുടെ ശബ്ദം മാറി. ‘ഇങ്ങനെ തുടര്‍ച്ചയായി വിളിച്ചാല്‍ നിന്റെ ജീവന് അപകടത്തിലാകും എന്നായിരുന്നു മറുപടി’ . പറഞ്ഞത് വ്യക്തമാക്കാന്‍ എഡിറ്റര്‍ പറഞ്ഞപ്പോള്‍ അവര്‍ ഒരു മാവോയിസ്റ്റ് സംഘടനയുടെ നേതാവാണെന്ന് പച്ചക്ക് വിളിച്ചു പറഞ്ഞു. ”നിങ്ങള്‍ക്ക് ആവശ്യത്തിന് ഫണ്ട് ഉണ്ടല്ലോ പിന്നെ സേവനത്തിനു എന്തേ പൈസ കൊടുക്കാത്തത്?” എന്ന് എഡിറ്റര്‍ ചോദിച്ചു. തങ്ങളുടെ എതിരാളികള്‍ക്ക് പൈസ കൊടുക്കാതിരിക്കുക എന്നതാണ് തങ്ങളുടെ തന്ത്രമെന്ന് വളരെ അഭിമാനത്തോടെ അവര്‍ മറുപടി പറഞ്ഞു.
നിങ്ങള്‍ വഴി കുറച്ചു രാഷ്ട്രീയ നേതാക്കന്മാരുടെ ബന്ധം സ്ഥാപിക്കണം. അവരുമായി ചില ഫോട്ടോസ് എടുക്കണം. അവര്‍ക്ക് ഈ എന്‍ജിഒകളുടെ പേര് പോലും ഓര്‍മ്മ കാണില്ല. പക്ഷെ ഈ ഫോട്ടോസ് കൂടുതല്‍ സ്വീകാര്യത വരുത്തും. കാരണം ഫോട്ടോയില്‍ കൂടെയുള്ളത് ഇന്ത്യയിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാര്‍ ആണല്ലോ. ഇത് വഴി ഐക്യരാഷ്ട്രസഭ, മറ്റ് അന്താരാഷ്ട്ര ഏജന്‍സികള്‍, വിദേശ മാധ്യമങ്ങള്‍ എന്നിവയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. ‘ഞങ്ങളെ പറ്റി മറന്നേക്കൂ ഇല്ലെങ്കില്‍ മാവോയിസ്റ്റുകള്‍ നിങ്ങളെ തീര്‍ക്കും’ എന്ന് പറഞ്ഞു ആ സംഭാഷണം അവസാനിച്ചു.
അടുത്ത കാലത്താണ് മഹാരാഷ്ട്ര പോലീസ് മാവോയിസ്റ്റ്, അര്‍ബന്‍ മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയത്. ആയുധ കൈമാറ്റങ്ങള്‍ കൃത്യമായി നടക്കുന്നുണ്ട്. എല്ലാം ഇന്ത്യക്കെതിരെ. മാവോയിസ്റ്റുകളെ നമ്മുടെ അര്‍ദ്ധസൈനിക വിഭാഗം പല തവണ കീഴ്പ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഈ അര്‍ബന്‍ നക്സലുകള്‍ ഒരു തീരാ തലവേദന തന്നെ യാണ്.സ്വന്തം രാജ്യത്തിനെതിരെ ഒരു കുഴപ്പവുമില്ലാതെ സെക്കുലര്‍ മുഖംമൂടിയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുക. ഇന്ത്യയില്‍ മാത്രം നടക്കുന്ന ഒരു സംഗതിയാണിത്.
അര്‍ബന്‍ നക്സലുകള്‍ക്ക് വിദേശ രാജ്യങ്ങളിലെ പല എന്‍ജിഒകളുമായും മികച്ച ബന്ധം ഉണ്ട്, ഇന്ത്യയിലെ ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍, മുസ്ലീങ്ങള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ഇടത് മാധ്യമങ്ങള്‍, പാക്കിസ്ഥാന്, ചൈന…ഇവരുടെ ഇടയിലെല്ലാം. ഇവര്‍ സമൂഹവുമായി നന്നായി ഇടകലര്‍ന്ന ശേഷമായിരിക്കും ഇവരുടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. ഇവരെ കണ്ടെത്തുക എന്നത് ശ്രമകരമാണ്. കാരണം ഇവര്‍ പ്രത്യക്ഷത്തില്‍ നിരുപദ്രവകാരികളാണ്, വരവര റാവു, വെര്‍നോണ്‍ ഗോണ്‍സാല്‍വേസ്, അരുണ്‍ ഫെറാറിയ, റോണാ വില്‍സണ്‍, സുധ ഭരദ്വാജ് , ഗൗതം നവ്ലഖ…ആരെങ്കിലും കേട്ടിട്ടുണ്ടോ ഇവരെ പറ്റി, മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നതുവരെ?
ഗൗതം നവ്ലഖയെ കുറിച്ച് ചിലപ്പോള്‍ കേട്ടിട്ടുണ്ടാകും. പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്ന സംശയത്താല്‍ പിടിയിലായിട്ടുണ്ട്. ഇവര്‍ എല്ലാം പിടിക്കപ്പെടുന്നതിന് മുമ്പ് സമൂഹത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. കവിയായി, ആക്ടിവിസ്റ്റായി, പ്രൊഫസറായി…
അര്‍ബന്‍ നക്സലുകള്‍ ഒരിക്കലും യാഥാര്‍ത്ഥ്യ ലോകത്ത് ജീവിക്കുന്നവരല്ല. മസ്തിഷ്ക പ്രക്ഷാളനം കാരണം ചിത്തഭ്രമം ബാധിച്ച് ലെനിനെയും മാവോയെയും സ്വപ്നം കണ്ടു ചുവപ്പന്‍ വിപ്ലവത്തിന് വേണ്ടി കാത്തു നില്‍ക്കുന്നവരാണ്. ഇന്ത്യയുടെ ശത്രുക്കളും ദേശദ്രോഹികളും തന്നെയാണവര്‍.
അവര്‍ക്ക് തോക്കെടുത്ത് പോരാടാനുള്ള ധൈര്യമില്ല. എയര്‍ കണ്ടീഷന്റെ സുഖ ശീതളിമയില്‍ കോര്‍പ്പറേറ്റ് ലോകത്ത് ഇരിക്കണം. നിങ്ങള്‍ ഒരു സിഇഒ അല്ലെങ്കില്‍ ഹയറിങ് മാനേജര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് അവരെ തുടക്കത്തില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കണം. കുടുംബ പശ്ചാത്തലം, കമ്മ്യൂണിസ്റ്റ് ബന്ധങ്ങള്‍ എന്നിവ കാണുമ്പോള്‍ നിങ്ങള്‍ ജാഗരൂകരാകുക.
അടുത്ത കാലത്തായി പല ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളും ഇവരെ വളര്‍ത്തുന്നുണ്ട്. അവിടത്തെ പ്രൊഫസര്‍മാരാണ് ഇവര്‍ക്ക് വേണ്ട പോഷകങ്ങള്‍ കൊടുക്കുന്നത്. ഇത്തരം വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ നിന്ന് വരുന്നവരെ ശരിയായ സ്ക്രീനിങ്ങിനു വിധേയരാകണം. ഒരാളെ അയാളുടെ ഭൂതകാലമോ, ചുറ്റുപാടോ വച്ച് ജഡ്ജ് ചെയ്യരുതെന്ന് ധരിച്ച് അവസരം കൊടുക്കണമെന്ന് വിചാരിക്കുന്നതിനു മുമ്പ് ശരിയായ പരിശോധന നടത്തുക.
ഇവര്‍ ഇന്ത്യയെ തകര്‍ക്കുന്ന ആള്‍ക്കാരുടെ ഭാഗമാണെകില്‍ ?
ഒരു 21 കാരന് എന്ത് ചെയ്യാന്‍ പറ്റും എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?. അവര്‍ക്ക് ഒരു ട്രെയിനില്‍, ഒരു മാര്‍ക്കറ്റില്‍ ഒരു വിമാനത്തില്‍ ബോംബ് വെയ്ക്കാന്‍ പറ്റും. അതില്‍ ചിലപ്പോള്‍ ഉണ്ടാകുക നിങ്ങളുടെ മകനോ മകളോ ആയിരിക്കും. കോര്‍പ്പറേറ്റ് ലോകത്ത് ഒരു ശക്തിയുള്ള നിയമസംഹിത ഉണ്ടെങ്കില്‍ ഇവരെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കും,
അവരോട് ചോദിക്കണം, കാറല്‍ മാര്‍ക്സ്, ലെനിന്, മാവോ ,അഫ്സല് ഗുരു, ജിന്ന, ബിന്ദ്രന്‍ വാല എന്നിവരെ പറ്റി. ഇവരാണ് അവരുടെ ഹീറോ എങ്കില്‍ പുറത്തേക്കുള്ള വാതില്‍ അവര്‍ക്ക് കാണിച്ചു കൊടുക്കണം. ഇന്ത്യ എന്ന രാജ്യത്തിന്റെ നികുതി ഉപയോഗിച്ച് പഠിച്ച്, അതില്‍ നിന്നും ശമ്പളം പറ്റി രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ അറിയണം. ദേശഭക്തന്മാരായ ഇന്ത്യക്കാരുടെ നികുതിപ്പണമാണ് ഈ പ്രൊഫസര്‍മാര്‍ ശമ്പളമായി പറ്റുന്നത്. ഇവരുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിച്ചേ മതിയാവൂ,
പാഠപുസ്തകങ്ങളില്‍ ഇവരുടെ ഒന്നിനും കൊള്ളാത്ത അര്‍ബന്‍ നക്സലിസവും, മാവോയിസവും, കമ്മ്യൂണിസവും ഉള്‍പ്പെടുത്തണം, അവര്‍ക്ക് കൃത്യമായ ധാരണ ഉണ്ടാകണം. കാരണം ആ കോളേജുകളില്‍ എത്തുമ്പോള്‍ അര്‍ബന്‍ നക്സല്‍ പ്രൊഫെസ്സര്‍മാരുടെ കൈകളിലേക്കായിരിക്കണം ഇവര്‍ എത്തിച്ചേരുന്നത്. റഷ്യയിലെയും, ഈസ്റ്റേണ്‍ യൂറോപ്പിലെയും പരാജയപ്പെട്ട കമ്മൂണിസം ഇവര്‍ മനസ്സിലാക്കണം. ചൈന കമ്മ്യൂണിസത്തെ കൈവിട്ടു എങ്ങനെ മുതലാളിത്തം സ്വീകരിച്ചു എന്നിവര്‍ അറിയണം.
ദൂരദര്ശന് പോലെയുള്ള മാദ്ധ്യമങ്ങള്‍ ഇതിനു വേണ്ടി ഉപയോഗിക്കണം. സ്കൂള്‍ പുസ്തകങ്ങളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ചരിത്രം ഉണ്ടാകണം. ലോകത്തിലെ ഏറ്റവും സമ്പന്നമായിരുന്ന രാജ്യം, അന്ന് മുതലാളിത്തവും ഹൈന്ദവവും ആയ രാജ്യം. അതിങ്ങനെ പിറകോട്ടു പോയതിന്റെ ചരിത്രം കുട്ടികള്‍ പഠിക്കണം. മുതലാളിത്തത്തെ കൈപിടിച്ച് ഇന്ത്യ സമ്പന്നമായതിനെ പറ്റിയും അവര്‍ അറിയണം.
രാകേഷ് കൃഷ്ണന് സിംഹ
പരിഭാഷ: ഉല്ലാസ് ചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: