നാദാപുരം: പേരോട് എംഐഎം ഹൈസ്കൂള്‍ റോഡില്‍ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ച നിലയില്‍. ഇന്നലെ പുലര്‍ച്ചെ പാറക്കെട്ടില്‍ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ബൊലേറോ കാറാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. വീടിനോട് ചേര്‍ന്ന ടാര്‍പോളിന്‍ ഷെഡില്‍ നിര്‍ത്തിയിട്ടതായിരുന്നു വാഹനം.
റുഫിങ് കരാറുകാരനായ ഇയാളുടെ യന്ത്രസാമഗ്രികളും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരുന്നത് കാറിലായിരുന്നു. ഇവ പൂര്‍ണ്ണമായും കത്തിനശിച്ചു. ചുമരിലുണ്ടായിരുന്ന വൈദ്യുതി മീറ്റര്‍, സര്‍വീസ് ലൈന്‍ എന്നിവയും കത്തിയിട്ടുണ്ട്. ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസും അഗ്നിശമന സേനാ വിഭാഗവും ഏറെ പാടുപെട്ടാണ് തീ അണച്ചത്.
രാഷ്ട്രീയ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ഐഎന്‍എല്‍ പ്രവര്‍ത്തകനായ ഗഫൂറും മുസ്ലിംലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറെ നാളുകളായി വാട്സ്ആപ്പില്‍ ചില പരാമര്‍ശങ്ങളുടെ പേരില്‍ ഏറ്റുമുട്ടലിലായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
വാട്സാപ്പിലൂടെ ഇയാള്‍ക്കെതിരെ വന്ന വധഭീഷണിക്കെതിരെ നാദാപുരം പോലിസ് സ്റ്റേഷനില്‍ പരാതിയും നിലനില്‍ക്കുന്നതിനിടെയാണ് ബുധനാഴ്ച രാത്രി അക്രമണം നടക്കുന്നത്. എഎസ്പി അങ്കിത് അശോകിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നാദാപുരം പോലിസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: