ഏതായാലും കൊറോണക്കാലം സകല മനുഷ്യരെയും ശരിയായി കാണിച്ചുതന്നു എന്നു വേണം പറയാന്‍. ചൈനയിലെ വുഹാന്‍മാര്‍ക്കറ്റില്‍ രാക്ഷസ വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതൊരു കൗതുകമായിരുന്നു. ലക്ഷക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് നിന്ന് ഈ വൈറസ് എങ്ങനെ ഇവിടെയെത്താന്‍ എന്ന സമാധാനം തലയിണയാക്കി വെച്ചു കിടന്നുറങ്ങിയ നമ്മുടെ കാലില്‍ ചൂടു തട്ടിയപ്പോഴാണ് അപകടം വാപിളര്‍ത്തി മുമ്പിലെത്തിയത് നാമറിഞ്ഞത്.
ഞാന്‍ എന്ന ധാര്‍ഷ്ട്യ നിലപാട് പോകപ്പോകെ മഞ്ഞുരുകിയതുപോലെയായി. മരുന്നു കണ്ടു പിടിക്കാത്ത മഹാമാരണത്തെ കൈപ്പിടിയിലാക്കാന്‍ ലോകമൊട്ടാകെ ഭഗീരഥ പ്രയത്നം നടത്തുമ്പോഴും അതിലെ ക്ഷുദ്ര രാഷ്ട്രീയ മുതലെടുപ്പിനാണ് ലോകത്തെ ദൈവത്തിന്റെ നാട് ശ്രമിച്ചത്.
വിദേശത്തു നിന്ന് ആരു വന്നാലും സ്വീകരിക്കാന്‍ സര്‍വ സജ്ജം എന്ന് വീരവാദം മുഴക്കിയ സംസ്ഥാന സര്‍ക്കാര്‍ കൊടും കാളിയവിഷമത്രയും കേന്ദ്ര സര്‍ക്കാരിനു മേല്‍ കോരിയൊഴിച്ചു. ഭരണത്തിന്റെ ഇടനാഴിയില്‍ എന്തൊക്കെ സംഭവിക്കുന്നു എന്നറിയാത്ത, അറിയാന്‍ പാങ്ങില്ലാത്ത ജനസഹസ്രങ്ങള്‍ സ്വാഭാവികമായും സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്നു. പക്ഷേ, സ്ഥിതിഗതികള്‍ മാറി മറിഞ്ഞത് പൊടുന്നനെയാണ്. കൊറോണ കൊണ്ടുവരുന്ന കോവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലവും മാസ്കും സാനിറ്റൈസറും മാത്രമേ ഉപയോഗപ്രദമാവൂ എന്നത് ലോക സത്യമായി. എന്നാല്‍ ആളുകള്‍ ഒരു സാധാരണ വൈറസാണെന്നു കരുതി ലളിത സമീപനം സ്വീകരിച്ചതോടെ വ്യാളി അതിന്റെ തനിസ്വരൂപം പുറത്തെടുക്കാന്‍ തുടങ്ങി.
കേന്ദ്രഭരണത്തിനെതിരെ വാളോങ്ങിയ സംസ്ഥാന സര്‍ക്കാര്‍ കോവിഡിന്റെ യഥാര്‍ഥ രൂപം രുചിച്ചപ്പോള്‍ പൊള്ളി പിന്മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വിദേശത്തു നിന്ന് എത്ര പേരെത്തിയാലും സ്വീകരിക്കാന്‍ തയ്യാര്‍ എന്നു പറഞ്ഞവര്‍ പിന്നെ പിറകോട്ടു നടക്കുന്ന സ്ഥിതിയായി. വന്ദേ ഭാരതില്‍ പെടുത്തി പ്രവാസികളെ തുരുതുരാ കൊണ്ടുവരാന്‍ തയ്യാറായതോടെ പണ്ട് പറഞ്ഞതൊക്കെ ജലരേഖ! സര്‍ക്കാര്‍ ക്വാറന്റൈന് ആണെങ്കില്‍ സൗജന്യം എന്നത് അര്‍ഹതപ്പെട്ടവര്‍ക്ക് എന്നാക്കി. അത് പ്രശ്നമായപ്പോള്‍ പിന്‍വലിച്ചു. ഒടുവില്‍ പ്രവാസികള്‍ സ്വന്തം വീട്ടില്‍ ക്വാറന്റൈന് ആയാല്‍ മതിയെന്നായി. രണ്ടര ലക്ഷം മുറി ഒരുക്കിയെന്ന വീമ്പിളക്കല്‍ പത്രക്കാരോടുള്ള സ്വകാര്യം പറച്ചിലായി.
എങ്ങനെ വീണാലും പൂച്ച നാലു കാലില്‍ എന്നു പറയുന്നതു പോലെയാണ് സംസ്ഥാന സര്‍ക്കാര്‍. കൊറോണ ഭീഷണി വര്‍ധിക്കുന്തോറും ജനങ്ങളെ ദുരന്തത്തിലേക്ക് എറിഞ്ഞു കൊടുത്ത് മുഖ്യവിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ്. ക്ഷേത്രങ്ങള്‍ ആരാധനയ്ക്ക് തുറന്നിട്ടു കൊണ്ട് വിശ്വാസികളുടെ മനസ്സ് പിടിച്ചെടുക്കാനാണ് ഒടുവില്‍ ശ്രമിച്ചത്. പ്രവാസികളും ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികളും തുരുതുരാ എത്തുമ്പോള്‍ ആള്‍ക്കൂട്ടം സ്വാഭാവികമായും ഉണ്ടാകാവുന്ന ഇടങ്ങള്‍ അടച്ചിടുന്നതിനു പകരം തുറന്നു വയ്ക്കുകയാണ്. ക്രിസ്ത്യന്‍-മുസ്ലിം മത നേതൃത്വം അവരുടെ ദേവാലയങ്ങള്‍ തുറക്കാതെ പ്രായോഗിക ക്ഷമത കാണിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ മറവില്‍ ക്ഷേത്രങ്ങളെ രോഗവ്യാപനത്തിനുള്ള കേന്ദ്രമാക്കുകയാണ് സര്‍ക്കാര്‍. വിശ്വാസികളുടെ പേരിലുള്ള പൂതനാവേഷമാണിത്. തബ്ലീഗ് സമ്മേളന ശേഷം എന്തൊക്കെ പ്രശ്നങ്ങളുണ്ടായെന്നും അത് ഏതൊക്കെ രീതിയില്‍ വഴി മറഞ്ഞു പോയെന്നും നമുക്കറിയാം. അതിനൊരു ബദല്‍ ഇരിക്കട്ടെ എന്ന നീച ചിന്തയുടെ വിഷംപുരട്ടിയ അമ്പാണ് വിശ്വാസികളുടെ പേരില്‍ തയാറാക്കിയിരിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ സര്‍ക്കാരിനെതിരെയുള്ള സകല പ്രശ്നങ്ങളുടെയും മുനയൊടിക്കാനാവും. തബ്ലീഗ് സമ്മേളനാനന്തരം തങ്ങളുടെ ന്യൂനപക്ഷ നിലപാടില്‍ മാറ്റമുണ്ടായോ എന്ന ഭീതി സര്‍ക്കാരിനെയും അതിനെ താങ്ങി നിര്‍ത്തുന്ന പാര്‍ട്ടിയേയും ചില്ലറയല്ല വിഷമിപ്പിച്ചത്. അതിനുള്ള മറുമരുന്ന് തേടി നടക്കുമ്പോഴാണ് ക്ഷേത്രം തുറക്കല്‍ കച്ചിത്തുരുമ്പായത്. ഭക്തജനങ്ങള്‍ വ്യാപകമായെത്തുമ്പോള് അനിഷ്ടകാര്യങ്ങളുണ്ടായാല് രാഷ്ട്രീയ ചാകരയല്ലേ വാരാനാവുക!
പാലക്കാട് ജില്ലയിലെ ആനവധത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ ചുരുളഴിച്ച് സ്ഥിതിഗതികള്‍ പുറത്തു കൊണ്ടുവരുന്നതിനു പകരം മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തെ മുന്‍നിര്‍ത്തി ആസിഡ് ആക്രമണം നടത്തുകയായിരുന്നു സര്‍ക്കാര്‍. തങ്ങള്‍ നഗ്നരാവുമ്പോഴും മറ്റുള്ളവര്‍ മാസ്ക് ധരിച്ചിട്ടില്ലെന്ന തരത്തിലുള്ള അപഹാസ്യനാടകം സംവിധാനം ചെയ്യുന്നത് ഊരിപ്പിടിച്ച വാളുകള്‍ക്കു മുമ്പിലൂടെ നെഞ്ചുവിരിച്ചു നടന്ന പോരാളിയാണല്ലോ എന്ന് സമാധാനിക്കാം, എന്താ അങ്ങനെയല്ലേ? ഓര്‍മയില്ലേ ഗാന്ധാരീ വിലാപം?’ കൊല്ലാതെ കൊള്ളാഞ്ഞതെന്തവന്‍ തന്നെ നീ ,കൊല്ലിക്കയത്രേ നിനക്കു രസമെടോ ‘.ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് നാളെ എത്രയെത്ര ഗാന്ധാരിമാര്‍ ഇങ്ങനെ നെഞ്ചു പൊട്ടുമാറ് വിലപിച്ചു ചോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: