ആത്മജ്ഞാനോപദേശം
അടുത്ത രണ്ട് ശ്ലോകങ്ങളോടെ സമാപിക്കുന്നു.
ശ്ലോകം – 205
അസന്നിവൃത്തൗ തു സദാത്മനാ സ്ഫുടം
പ്രതീതിരേതസ്യ ഭവേത് പ്രതീചഃ
തതോ നിരാസഃ കരണീയ ഏവ
സദാത്മനഃ സാധ്വഹമാദിവസ്തുനഃ
അസദ് വസ്തുക്കളില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ ഈ ജീവാത്മാവ് തന്നെ പരമാത്മാഭാവത്തില് വ്യക്തമായി അനുഭവമാകും. അതിനാല്‍ പരമാത്മാവില്‍ നിന്ന് ഞാന്‍ എന്ന ജീവഭാവത്തേയും മറ്റ് അസദ് വസ്തുക്കളേയും പൂര്‍ണമായും നീക്കം ചെയ്യണം.
ചളി നീങ്ങിയാല്‍ വെള്ളം ശുദ്ധമാകുന്നതു പോലെ അസദ് വസ്തുക്കള്‍ നീക്കം ചെയ്താല്‍ ആത്മതത്വം തെളിഞ്ഞ് വിളങ്ങും. ശരീരം, മനസ്സ്, ബുദ്ധി എന്നിവയും അവയുടെ വിഷയങ്ങളും കര്‍തൃത്വഭോക്തൃത്വ അഭിമാനിയായ ജീവനുമൊക്കെ അസദ് വസ്തുക്കളില്‍ പെടും. ഇവയെല്ലാമായി വളരെ താദാത്മ്യം പ്രാപിച്ചിരിക്കുകയാണ് നാം. അസദ് വസ്തുക്കളെ പൂര്‍ണമായും വെടിയുമ്പോള്‍ ജീവാത്മാവ് തന്നെ പരമാത്മാവായി മാറും. ഇത് അനുഭവമായി മാറേണ്ടതാണ്.
അനാത്മ നിരാസം കൊണ്ടേ ആത്മസ്വരൂപത്തെ അറിയാനാവൂ. പരമാത്മാവില്‍ ആരോപിക്കപ്പെട്ടതായ ജീവഭാവമുള്പ്പടെയുള്ള എല്ലാ അസദ് വസ്തുക്കളും തള്ളിക്കളയാന്‍ കഴിഞ്ഞാലേ ഇത് സാദ്ധ്യമാകൂ. സംസാരത്തില്‍ ഭ്രാന്തിയില്പെട്ട് ഉഴലുന്ന ജീവനെ മുക്തനാക്കാന്‍ ഇത് തന്നെ വഴി. അനാവശ്യമായി കെട്ടിയ എല്ലാ വേഷം കെട്ടലുകളും അഴിച്ചു മാറ്റുക അപ്പോള്‍ ഞാന്‍ ആ പരമാത്മാവ് തന്നെയെന്ന് ബോധ്യമാകും.
ശ്ലോകം 206
അതോ നായം പരാത്മാ
സ്യാത് വിജ്ഞാനമയ ശബ്ദഭാക്
വികാരിത്വാത് ജഡത്വാച്ച
പരിച്ഛിന്നത്വഹേതുതഃ
ദൃശ്യത്വാത്വ്യഭിചാരിത്വാത്
നാനിത്യോ നിത്യ ഇഷ്യതേ
ഇതുവരെ പറഞ്ഞ വിജ്ഞാനമയകോശവും പരമാത്മാവല്ല.
കാരണം വിജ്ഞാനമയത്തിന് വികാരമുണ്ട്, ജഡമാണത്, പരിമിതികളുണ്ട്, ദൃശ്യവസ്തുവാണ്, സ്ഥിരതയില്ലാത്തതാണ്. അനിത്യമായ ഒന്നിനെ നിത്യനായ ആത്മാവെന്ന് പറയാനാവില്ല.
അഞ്ച് കാരണങ്ങളെ കൊണ്ടാണ് വിജ്ഞാനമയ കോശം ആത്മാവല്ലെന്ന് പറയുന്നത്.
- വികാരിത്വാത്- വികാരമുള്ളതാണ്. വികാരം എന്നാല്‍ മാറ്റം. നിരന്തരം പരിണാമത്തിന് വിധേയമാണ് ബുദ്ധി. ഓര്‍മ്മ വെച്ച കുട്ടിക്കാലം മുതല്‍ നമ്മുടെ ബുദ്ധിയുടെ നില മാറിക്കൊണ്ടിരിക്കുന്നതാണ്.ശാരീരികമായ മാറ്റം പോലെ ബുദ്ധിയിലും മാറ്റങ്ങള്‍ വ്യക്തമായി കാണാം. ആശയ ആദര്‍ശങ്ങള്‍ മാറിക്കൊണ്ടേയിരിക്കും. അതു കൊണ്ട് മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന വിജ്ഞാനമയകോശം ആത്മാവല്ല.
- ജഡത്വാത്- ജഡമാണ്. ചേതനയില്ലാത്തതാണ്. സചേതനമായ ആത്മ സാന്നിധ്യം കൊണ്ട് മാത്രമേ അതിന് പ്രവര്‍ത്തിക്കാനാവൂ. അതിന് ഒറ്റയ്ക്ക് ഒന്നുമാവില്ല.
- പരിച്ഛിന്നത്വാത് – പരിമിതികളുള്ളതാണ്. ഓരോ ബുദ്ധിയും ഓരോ തരത്തിലും തലത്തിലുമാണ്. ഒന്നിന് മറ്റൊന്നിന്റെ നിലയിലാകാനാവില്ല.ചിത്ര കാരനും കവിയും ശാസ്ത്രജ്ഞനും ഭരണാധികാരിയും വേദാന്തിയുമൊക്കെ പല തരം ബുദ്ധിയുള്ളവരാണ്. ഓരോരുത്തരും പരിമിതമായ ബുദ്ധിയിലൊതുങ്ങുന്നവരാണ്. എന്നാല്‍ ആത്മാവ് യാതൊരു പരിമിതിയുമില്ലാതെ അപരിച്ഛിന്നമായിരിക്കുന്നതാണ്
- ദൃശ്യത്വാത്- ദര്‍ശിക്കാന്‍ കഴിയുന്നതാണ്. അറിവിന് വിഷയമാണ് ബുദ്ധി. അത് ദൃശ്യവസ്തുവാണ്. മന്ദബുദ്ധി, സമര്ത്ഥന്, സൂക്ഷ്മ ബുദ്ധി എന്നൊക്കെയുള്ള പറച്ചിലുകള്‍ ബുദ്ധിയുടെ സ്വഭാവത്തെ കുറിക്കുന്നു. എന്നാല്‍ ആത്മാവ് ദൃശ്യ വസ്തുവല്ല. അത് ദ്രഷ്ടാവാണ്.കാണുന്ന ദ്രഷ്ടാവ് കാഴ്ചവസ്തുവായ ദൃശ്യ മാവില്ല.
- . വ്യഭിചാരിത്വാത്- ഒരേ പോലെ നിലനില്ക്കുന്നില്ല. അതിന് സ്ഥിരതയില്ല. ഉണര്‍ന്നിരിക്കുമ്പോള്‍ ഉണ്ട്. സ്വപ്നത്തില്‍ ചപലമാണ്. ബോധംകെടുമ്പോഴും ഉറക്കത്തിലും അതിന് പ്രവര്‍ത്തനമില്ല.
ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ ചില സമയത്ത് നന്നായിരിക്കും ചിലപ്പോള്‍ മൂഢതയിലുമാകും. ഇതൊന്നും ആത്മാവിന്റെ ഭാവങ്ങളല്ല. അത് യാതൊരു മാറ്റവുമില്ലാതെ സ്ഥിരമായതാണ്. നശ്വര സ്വഭാവത്തോടു കൂടിയതായതിനാല്‍ അത് അനിത്യമാണ്. ആത്മാവ് അനശ്വരവും നിത്യവുമാണ്. അതിനാല്‍ വിജ്ഞാനമയ കോശം ആത്മാവല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: