കോഴിക്കോട്: സ്വകാര്യബസ്സുകള്‍ മിക്കതും സര്‍വ്വീസ് നിര്‍ത്തിയതോടെ നഗരത്തില്‍ യാത്രാദുരിതം രൂക്ഷമായി. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ ദുരിതത്തിന് കുറവില്ല. യാത്രക്കാരുടെ കുറവും നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്താതിനാലും സര്‍വ്വീസുകള്‍ നഷ്ടത്തിലാണെന്നാണ് ബസ്സുടമകള്‍ പറയുന്നത്. നിയന്ത്രണങ്ങള്‍ നീക്കിയ ഘട്ടത്തില്‍ സര്‍വ്വീസ് നടത്തിയ സിറ്റി ബസ്സു കള്‍ പോലും ഇപ്പോള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അല്പം ചില ദീര്‍ഘ ദൂരബസ്സുകള് സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാര്‍ കുറവാണ്.
കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ ദുരിതത്തിന് അറുതിയാവുന്നില്ല. കെഎസ്ആര്‍ടിസി ബസ്സുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താതെ പോകുന്നത് യാത്രക്കാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്ക്കത്തിനിടയാക്കുന്നുണ്ട്. നിന്ന് യാത്ര ചെയ്യാന്‍ അനുമതി ഇല്ലാത്തതിനാല്‍ സീറ്റുകള്‍ നിറഞ്ഞാല്‍ പിന്നെ വരുന്ന സ്റ്റോപ്പുകളില്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തുന്നില്ല.
രാവിലെ ജോലിക്കായി ഇറങ്ങിയ പലരും ബസ് കിട്ടാതായതോടെ ഓട്ടോറിക്ഷയും ടാക്സിയും വിളിച്ച് പോകേണ്ട അവസ്ഥയിലായി. ജില്ലയില്‍ ഏറ്റവും തിരക്കേറിയ മെഡിക്കല്‍ കോളേജ്, വെള്ളിമാട്കുന്ന്, രാമനാട്ടുകര, പന്തീരാങ്കാവ് ഭാഗത്തേക്കും പാലാഴി, മേത്തോട്ട് താഴം, പൊറ്റമ്മല്‍ റൂട്ടിലും സിറ്റി ബസുകള്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും അതെല്ലാം നിലച്ചമട്ടാണ്. പന്തീരാങ്കാവ് കണ്ടെയിന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചതോടെയാണ് ഈ മേഖലയിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിയത്.
കടുത്ത സാമ്പത്തിക നഷ്ടം സഹിച്ച് സര്‍വ്വീസ് നടത്താന്‍ കഴിയാ ത്തതുകൊണ്ടാണ് അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിയതെന്ന് സ്വകാര്യബസ്സുടമകള് പറയുന്നു. കോവിഡ് 19 ഭീതികാരണം ആളുകള്‍ ബസില്‍ കയറാത്ത അവസ്ഥയാണെന്ന് ബസ് ഉടമകളും ജീവനക്കാരും പറയുന്നു. പല ബസുകളും കാലിയായാണ് സര്‍വീസ് നടത്തുന്നത്. ഭൂരിഭാഗം ബസ് ഉടമകളും സര്‍വീസ് നിര്‍ത്തുകയാണെന്ന തീരുമാനത്തിലാണെന്നും ആരെങ്കിലും സര്‍വീസ് നടത്തിയാല്‍ തടയില്ലെന്നും ഓള് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി രാധാകൃഷ്ണന് അറിയിച്ചു. സര്‍ക്കാര്‍ പറഞ്ഞ ആനുകൂല്യങ്ങള്‍ ഒന്നും നടപ്പിലാക്കിയിട്ടില്ല. മൂന്നു മാസത്തെ നികുതി ഒഴിവാക്കുമെന്നും ചാര്‍ജ് കൂട്ടുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പാക്കിയിയിട്ടില്ല. മുന്‍പ് 8000 മുതല്‍ 10,000 രൂപ വരെ ദിവസവും ലഭിച്ച റൂട്ടുകളില്‍ ഇപ്പോള്‍ 3000 – 4000 രൂപയാണ് ലഭിക്കുന്നത്. നിലവിലെ വരുമാനം ഡീസല്‍ ചെലവിന് പോലും തികയില്ല. ഇതിനിടയില്‍ ബസിന്റെ അറ്റകുറ്റപ്പണികള്‍, തൊഴിലാളികളുടെ ശമ്പളം തുടങ്ങിയവ നല്‍കണം. ഇക്കാരണങ്ങള്‍ കൊണ്ടാണ് അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തി വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ബസ് സര്‍വ്വീസ് നിര്‍ത്തിയതോടെ തൊഴിലില്ലായതിനെ തുടര്‍ന്ന് കക്കോടിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തിരുന്നു. കക്കോടി മക്കട കീഴൂര്‍വീട്ടില്‍ സന്തോഷ് ആണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: