തൊടുപുഴ: താലൂക്കില്‍ നിന്ന് ഇന്നലെ നാട്ടിലേക്ക് മടങ്ങാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി. നിയന്ത്രിക്കാന്‍ പോലീസടക്കമുള്ള അധികൃതര്‍ തയ്യാറായില്ല. 450 തൊഴിലാളികള്‍ ആണ് പശ്ചിമ ബംഗാളിലേക്ക് താലൂക്കില്‍ നിന്ന് ഇന്നലെ മടങ്ങിയത്.
ഇന്നലെ രാവിലെ മുതല്‍ തൊടുപുഴയിലെത്തിയ ഇവര്‍ക്കായി സെന്റ്. സെബാസ്റ്റ്യന്‍ പള്ളിയോട് ചേര്‍ന്ന് ഹെല്‍പ്പ് ഡസ്‌ക് തയ്യാറാക്കിയിരുന്നു. ഇവിടെയാണ് തൊഴിലാളികള്‍ കൂട്ടം കൂടിയത്. രാവിലെ 9 മുതല്‍ പുറപ്പുഴ, മുട്ടം സിഎച്ച്‌സികളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവരെ പരിശോധിച്ച് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.
തൊടുപുഴയില്‍ നിന്നും ഒമ്പത് ബസിലായി ഇവരെ ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. വൈകിട്ട് 9.30ന് കൊല്‍ക്കത്തയിലേക്കുള്ള ട്രെയിനിലാണ് ഇവര്‍ മടങ്ങിയത്. ഇന്ന് 240 തൊഴിലാളികള്‍ പശ്ചിമ ബംഗാളിലേക്ക് മടങ്ങുമെന്ന് തൊടുപുഴ തഹസില്‍ദാര്‍ പറഞ്ഞു. തൊഴിലാളികള്‍ മടങ്ങിയ ശേഷം സെന്റ് സെബാസ്റ്റ്യറ്യന്‍സ് പള്ളിയും പാരിഷ് ഹാളും അഗ്നി രക്ഷാസേനയെക്കൊണ്ട് അണുവിമുക്തമാക്കുമെന്നും തഹസില്‍ദാര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ നിന്ന് 1550 തൊഴിലാളികളാണ് ഇന്നലെ ആകെ നാട്ടിലേക്ക് മടങ്ങിയത്. 31 കെഎസ്ആര്‍ടിസി ബസുകളാണ് തൊഴിലാളികള്‍ക്കായി ഉപയോഗിച്ചത്. തൊടുപുഴ 450, ദേവികുളം 300, ഉടുമ്പന്‍ചോല 250, ഇടുക്കി 350, പീരുമേട് 200 എന്നിങ്ങനെയാണ് തൊഴിലാളികള്‍ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: