മലപ്പുറം: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞതിന് പിന്നാലെ മലപ്പുറത്തും സമാന സംഭവം. അവശനിലയില്‍ ദിവസങ്ങളായി മലപ്പുറത്തെ ജനവാസകേന്ദ്രത്തില്‍ തമ്പടിച്ച കാട്ടാന ചരിഞ്ഞു. ജൂണ്‍ നാലിനാണ് കരുവാരക്കുണ്ട് ആര്‍ത്തലക്കുന്ന് കോളനിക്ക് സമീപം മോഴയാനയെ അവശനിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ച ആനയെ കാട്ടിലേക്കു കയറ്റിവിടാന്‍ വനപാലകര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ആനയെ പരിശോധിച്ചു. വായിലടക്കം മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് ചികിത്സയും ആരംഭിച്ചിരുന്നു. കരുവാരക്കുണ്ട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ അജയ്ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ ക്യാമ്പ് ചെയ്താണ് ആനയെ പരിചരിച്ചതെങ്കിലും ഇന്ന് പുലര്‍ച്ചയോടെ ചരിയുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മുറിവുകള്‍ എങ്ങനെ സംഭവിച്ചതാണെന്ന് വ്യക്തമാകൂയെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: