കട്ടപ്പന: ഏലക്കാ വിലയിലുണ്ടായ ഉണര്‍വ് കര്‍ഷകരില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. തമിഴ്നാട്ടിലെ ബോഡി നായ്ക്കന്നൂരില്‍ കഴിഞ്ഞ ദിവസം നടന്ന സുഗന്ധഗിരി സ്പൈസസ് പ്രമോട്ടേഴ്സ് ആന്റ് മാര്‍ക്കറ്റിംഗ് ഏജന്‍സിയുടെ ഇ-ലേലത്തിലാണ് ശരാശരി വിലയില്‍ 163 രൂപയുടെ ഉയര്‍ച്ച രേഖപ്പെടുത്തിയത്.
ലേലത്തിന് പതിച്ച 9125 കിലോ ഏലക്കായില്‍ മുഴുവന്‍ കായും വിറ്റ് പോയി. കൂടിയ വില കിലോഗ്രാമിന് 2210 രൂപയും ശരാശരി വില കിലോഗ്രാമിന് 1780.43 രൂപയും കര്‍ഷകര്‍ക്ക് ലഭിച്ചു. വ്യാഴാഴ്ച നടന്ന ലേലത്തില്‍ ശരാശരി വില 1617.51 രൂപയാണ് ലഭിച്ചത്. ശരാശരി വിലയില്‍ 163 രൂപയുടെ ഉയര്‍ച്ചയാണ് ഉണ്ടായത്. ഇത് ഏലം കര്‍ഷകരില്‍ പ്രതീക്ഷ ഉയര്‍ത്തുന്നു. വരും ദിവസങ്ങളില്‍ വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് ഏലം കര്‍ഷകര്‍. തമിഴ്നാട്ടിലെ ബോഡി നായ്ക്കന്നൂരിലാണ് ഇ-ലേലം നടന്നതെങ്കിലും ലേല ഏജന്‍സി നെടുങ്കണ്ടത്താണ്.
സുഗന്ധഗിരി സ്പൈസസ് പ്രമോട്ടേഴ്സ് ആന്റ് മാര്‍ക്കറ്റിംഗ് ഏജന്‍സി നെടുങ്കണ്ടം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് പാസ് ലഭിക്കാത്തതിനാല്‍ ലേല ഏജന്‍സിയിലെ ആര്‍ക്കും ബോഡിയിലെ ഇ-ലേലത്തിന് എത്താനായില്ല. കൊറോണ നിബന്ധനങ്ങള്‍ മൂലമാണ് ആര്‍ക്കും പങ്കെടുക്കാനാവാതെ വന്നത്. സാമ്പിള്‍ ഏലക്കാ ബോഡിയിലെത്തിച്ചാണ് ലേലം നടത്തിയത്. ലേലം കഴിഞ്ഞ ഉടനെ വാങ്ങിയ വ്യാപാരികള്‍ക്ക് ബില്ലടിച്ച് ലോറിയില്‍ ഉടനെ തന്നെ ഏലക്കായ് എത്തിച്ച് നല്‍കുകയായിരുന്നു. എന്നിട്ടും ലേലത്തുകയില്‍ ഉണ്ടായ വര്‍ദ്ധനയാണ് ഏലകര്‍ഷകരില്‍ പ്രതീക്ഷ ഉണര്‍ത്തുന്ന ഘടകം.
സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏലക്കായുടെ കയറ്റുമതി പുനരാരംഭിച്ചതും ഗോട്ടിമാലയില്‍ കൊറോണ പ്രശ്നം മൂലം ഏലക്കാ ഉല്‍പ്പാദനം കുറയുമെന്ന സുചനകളുമാണ് ഏലക്കായുടെ ഇപ്പോഴത്തെ മുന്നേറ്റത്തിന് സഹായിക്കുന്നത്. തന്നെയുമല്ല തമിഴ്നാട്ടില്‍ ഇ-ലേലം പുനരാരംഭിച്ചതോടെ ഉത്തരേന്ത്യന്‍ വ്യാപാരികളും അവരുടെ ഏജന്റുമാരും മാര്‍ക്കറ്റില്‍ സജീവമായതും ഏലത്തിന്റെ വിലയുടെ മുന്നേറ്റത്തിന് തുണയായി. വരും ദിവസങ്ങളിലും വിലയിലെ ഈ ഉണര്‍വ്വ് തുടര്‍ന്നാല്‍ ഏലം വില കൂടുതല്‍ ഉയരുമെന്നാണ് കര്‍ഷകര്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: