തിരുവനന്തപുരം: ഭാരത ചരിത്രത്തിന്റെ പുനര്‍രചന വേണമെന്നതിനെ കുറിച്ച് ഇന്ന് സജീവ ചര്‍ച്ച നടക്കുമ്പോള്‍ അതിനൊക്കെ പ്രേരണ വീര സവര്‍ക്കര്‍ ആയിരുന്നുവെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. സ്വാതന്ത്ര്യത്തിനായി 1857 ല്‍ നടന്ന ധീരമായ പോരാട്ടത്തിന്റെ ചരിത്രം ചരിത്രകാരനല്ലാത്ത സവര്‍ക്കര്‍ എഴുതി നമ്മെ പഠിപ്പിച്ചു.
ഇന്ത്യയുടെ ഒന്നാം സ്വതന്ത്ര്യ സമരത്തെകുറിച്ച് സവര്‍ക്കര്‍ എഴുതിയില്ലായിരുന്നെങ്കില്‍ ധീരന്മാരുടെ ബലിദാനം അര്‍ത്ഥമില്ലാതെ പോകുമായിരുന്നു. പ്രജ്ഞാപ്രവാഹുമായി ചേര്‍ന്ന് ‘വീരേതിഹാസം’ എന്ന പേരില്‍ ജന്മഭൂമി സംഘടിപ്പിച്ച വീര സവര്‍ക്കര്‍ ലേഖനമത്സരത്തിന്റെ ഭാഗമായി നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ ചരിത്രത്തില്‍ പലതിനും ഒന്നാമനായിരുന്നു സവര്‍ക്കര്‍. ആദ്യമായി വി പ്ളവസംഘടന രൂപികരിച്ചതും സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി വിദേശ വസ്ത്ര ബഹിഷ്ക്കരണം നടത്തിയതും അദ്ദേഹമാണ്. ഒരേ സമയം രണ്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സവര്‍ക്കറുടെ പുസ്തകമാണ് എഴുതും മുന്‍പ് നിരോധിക്കപ്പെടുന്ന ലോകത്തിലെ ആദ്യ പുസ്തകം.
സ്വാതന്ത്ര്യ- വിപ്ളപോരാട്ടങ്ങള്ക്കൊപ്പം സാഹിത്യമേഖലയിലും ഒന്നാമനായിരുന്നു അദ്ദേഹം. മനോഹരമായ കവിതകളും ഗംഭീരമായ മൂന്ന് നാടകങ്ങളും ഭാവാത്മകമായ നോവലുകളും രചിക്കുക മാത്രമല്ല മറാഠി വ്യാകരണത്തിനും അമൂല്യ സംഭാവന നല്കിയ സാഹിത്യകാരന് കൂടിയായിരുന്നു സവര്‍ക്കര്‍. അദ്ദേഹത്തെ വേണ്ടവിധം അനുസ്മരിക്കാനോ യുവതലമുറയക്ക് പ്രേരണ ആകും വിധം സംഭാവന പാഠനവിഷയമാക്കാനോ കഴിഞ്ഞിട്ടില്ല. നന്ദകുമാര്‍ പറഞ്ഞു.
ആധുനിക ലോകം കണ്ട മഹാവിപ്ളവകാരികളില് പ്രമുഖനായിരുന്നു സവര്‍ക്കറെന്ന് ആമുഖ പ്രഭാഷണം നടത്തിയ ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ പി .നാരായണന് പറഞ്ഞു. ലെനിന് ഉള്‍പ്പെടെ ലോകപ്രശസ്തരായ വിപ്ളവകാരികളുമായി ഒന്നിച്ചുകൂടാനുളള അവസരം അദ്ദേഹത്തിനു കിട്ടി. സവര്‍ക്കര്‍ക്കെതിരായ പ്രചരണം ഇപ്പോഴും നടക്കുന്നതിനര്ത്ഥം അദ്ദേഹത്തെ ഭയക്കുന്നവര്‍ ഇന്നും ഉണ്ട് എന്നാണ് . എന്‍ എസ് എസ് രജതജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ചങ്ങനാശ്ശേരിയില്‍ അദ്ദേഹം വന്നിരുന്നു. ചെങ്കോട്ടയില്‍നിന്ന് സ്വീകരിച്ചുകൊണ്ടുവന്ന കാര്യം മന്നത്തു പത്മനാഭന് എഴുതിയിട്ടുണ്ട്. നാരായണന് പറഞ്ഞു.
ജൂറി അംഗങ്ങളായിരുന്ന പി ശ്രീകുമാര്‍, ആര്. കൃഷ്ണകുമാര്‍, അശോക് കുറുപ്പ്, ആദ്യ മൂന്ന് സമ്മാനങ്ങള്‍ നേടിയ വിഷ്ണു അശോക്, അരുണ്‍ കീഴ്മഠം, സുരേന്ദ്രന് മക്കള്‍ വീട് എന്നിവര്‍ സംസാരിച്ചു.
സവര്‍ക്കര്‍ രചിച്ച ‘ ജയോസ്തുതേ..’ എന്ന ഗാനാലാപനത്തോടെ തുടങ്ങിയ പരിപാടി വന്ദേമാതരത്തോടെ അവസാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: