ഗുരുവായൂര്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി ഒരു ദിവസം 600 പേര്‍ക്ക് ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തുന്നവരെ മാത്രം അമ്പലത്തിനകത്ത് പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ദേവസ്വം ഭരണ സമിതി തീരുമാനം.
രാവില ഒമ്പത് മുതല്‍ ഒന്നര വരെ മാത്രമേ ദര്‍ശനം അനുവദിക്കുകയുള്ളു. ഒരു മണിക്കൂറില്‍ 150 പേര്‍ക്ക് ദര്‍ശനം സാധ്യമാക്കും. വിഐപി ദര്‍ശനം അനുവദിക്കില്ല. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സമയം നല്‍കും. ബാച്ചായി ദര്‍ശനം നടത്താം. ഓരോ ബാച്ചിലും 50 പേര്. ഒരു മണിക്കൂറില്‍ 3 ബാച്ചിനെ കടത്തിവിടും. 10 വയസിന് താഴെയുള്ളവര്‍ക്കും 65ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം അനുവദിക്കുകയില്ല. ഭക്തര്‍ ശാരീരിക അകലം കൃത്യമായി പാലിക്കണം.
ക്ഷേത്രത്തിനുള്ളിലെ ഗ്രില്ലുകള്‍ സാനിറ്റൈസ് ചെയ്യും. ജീവനക്കാരും ഭക്തരും മാസ്ക് ധരിക്കണം. പ്രസാദവും തീര്‍ഥവും നിവേദ്യവും നല്‍കില്ല. ഒരു ദിവസം പരമാവധി 60 വിവാഹത്തിന് അനുമതി നല്‍കും. രാവിലെ 5 മുതല്‍ 1.30 വരെയായിരിക്കും വിവാഹത്തിന്റെ സമയം. റജിസ്ട്രേഷന്റെ സമയം അനുസരിച്ച് വിവാഹ സമയം ക്രമീകരിക്കും. ഒരു വിവാഹത്തിന് 10 മിനിട്ട് സമയം നല്‍കും. വരനും വധുവും ഉള്‍പ്പെടെ 10 പേര്‍ക്ക് പങ്കെടുക്കാം. കല്യാണത്തിനെത്തുന്ന സംഘങ്ങള്‍ക്ക് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഇരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും. വരനും വധുവുമടക്കമുള്ളവര് വിവാഹ സമയത്തിന് അരമണിക്കൂര്‍ മുമ്പ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെത്തണം. മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: