മധുര: പഠനത്തിനായി നീക്കി വച്ചതായിരുന്നു ആ അഞ്ചു ലക്ഷം രൂപ. എന്നാല്‍, കോവിഡ് കാലത്ത് പാവങ്ങള്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നത് കണ്ട് ബാര്‍ബര്‍ ഷോപ്പ് ഉടമയായ അച്ഛന് സി. മോഹനോട് പതിമൂന്നുകാരിയായ മകള്‍ എം. നേത്ര പറഞ്ഞു, പണം പാവങ്ങള്‍ക്കു നല്‍കൂ, അവരുടെ ബുദ്ധിമുട്ട് ഇപ്പോള്‍ മാറട്ടെ പഠനത്തിന് എങ്ങനെ എങ്കിലും പണം കണ്ടെത്താം. മധുര സ്വദേശിനിയുടെ ഈ നന്മ തിരിച്ചറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി മന് കി ബാത്തില്‍ നേത്രയുടെ പേര് എടുത്ത് അഭിനന്ദനം അറിയിക്കുകയും മാതൃകാപരമെന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഇതുമൂലം നേത്രയെ തേടിയെത്തിയത് യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന് ഫോര്‍ ഡെവലെപ്മെന്റ് ആന്‍ഡ് പീസ് എന്ന സംഘടനയുടെ ഗുഡ് വില്‍ അംബാസഡര്‍ സ്ഥാനമാണ്. പാവങ്ങള്‍ക്കുള്ള ഗുഡ് വില്‍ അംബാസഡറായാണ് നേത്രയെ സംഘടന നിയമിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് നേത്രയ്ക്കു നല്‍കണമെന്ന് കൂടി മുഖ്യമന്ത്രി പളനിസ്വാമിയോടു ശുപാര്‍ശ ചെയ്തിരിക്കുകയാണ് മന്ത്രി സെല്ലൂര്‍ രാജു.
പ്രധാനമന്ത്രിയുടെ നല്ലവാക്കുകളാണ് നേത്ര എന്ന പെണ്‍കുട്ടിയെ തേടി ഇത്ര വലിയ സ്ഥാനം എത്തിയതെന്നും മന്ത്രി. ന്യൂയോര്‍ക്ക്, ജെനീവ എന്നിവടങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സുകളില്‍ സംസാരിക്കാന്‍ നേത്രയ്ക്ക് അവസരം നല്‍കുമെന്നും യുഎന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒപ്പം, ഒരു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പും നേത്രയ്ക്കു നല്‍കും.
കോവിഡ് പശ്ചാത്തലത്തില്‍ പാവപ്പെട്ട കുടുംബങ്ങള്‍ പട്ടിണിയിലായത് അറിഞ്ഞ നേത്ര, ഈ പണം കൊണ്ട് പാവപ്പെട്ടവര്‍ക്ക് നിത്യോപയോഗസാധനങ്ങളുടെ കിറ്റുകള്‍ വാങ്ങി നല്കാന് പിതാവിനോടാവശ്യപ്പെട്ടു. ഇതുപ്രകാരം മോഹനും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് അഞ്ച് കിലോ അരി, പലചരക്ക്, പച്ചക്കറികള്‍ എന്നിവയടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്തു.600 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 31 ന് സംപ്രേഷണം ചെയ്ത ‘മന് കി ബാത്’ പരിപാടിയില്‍ ഇവരുടെ പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചിരുന്നു.ഇതാണ് നേത്രയുടെ ജീവിതത്തെ മാറ്റിമറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: