അഡ്വ: പി സുധീര്‍
സംസ്ഥാന സര്‍ക്കാര്‍ ഒരു ആസൂത്രണവും മുന്നൊരുക്കവുമില്ലാതെയാണ് സ്‌കൂള്‍ തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്രശിക്ഷ കേരളയുടെ പരിശോധനയില്‍ 2,61,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലന്ന് വ്യക്തമായിരുന്നു. എന്നാല്‍, യഥാര്‍ത്ഥ്യം ഇതിലും വലുതാണ്. പട്ടികജാതി/ആദിവാസി/ പിന്നോക്ക ഗ്രാമീണ മേഖലകളില്‍ താമസിക്കുന്ന പത്തുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ പുറത്ത് നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ക്ലാസുകള്‍ ആരംഭിച്ചത്. വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ വിഭജിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. സാമ്പത്തികം ഉള്ളവര്‍ പഠിക്കുകയും അല്ലാത്തവര്‍ പുറത്താകുകയും ചെയ്തു. ഇങ്ങനെ പുറത്തു നില്‍ക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം മനസിലാക്കാന്‍ സര്‍ക്കാരിനായില്ല. ഈ കൊടിയ വിവേചനത്തില്‍ മനം നൊന്താണ് ദേവിക എന്ന പതിനാലുകാരി തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഈ മരണത്തിനു ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ്.
കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ അധ്യായന വര്‍ഷം ആരംഭിക്കണമെന്ന നിര്‍ബന്ധം ആര്‍ക്കായിരുന്നു?. കേരളം ഒന്നാമതാണന്ന് വരുത്തി തീര്‍ക്കാന്‍ ദേവികയെ പോലുള്ള ലക്ഷക്കണക്കിന് കൊച്ചു മിടുക്കികളെ പുറത്ത് നിര്‍ത്തി. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഉപയോഗം 50 ശതമാനം മാത്രമാണ്. ടിവിയുള്ള വീടുകള്‍ 70ശതമാനത്തില്‍ താഴെയാണ്. ടിവിയും, സ്മാര്‍ട് ഫോണും, കേബിള്‍ കണക്ഷനും ഇല്ലാത്ത ലക്ഷകണക്കിന് കുടുംബങ്ങള്‍ കേരളത്തില്‍ ഉണ്ടന്ന് സര്‍ക്കാര്‍ മറന്നു പോയോ?. എല്ലാവര്‍ക്കും പഠന സൗകര്യം ഏര്‍പ്പെടുത്താതെ ക്ലാസ് ആരംഭിച്ചത് മുഖ്യമന്ത്രിയുടെ അല്‍പ്പത്തരമാണ് കേരളത്തെ ഒന്നാമതാക്കിയപ്പോള്‍ പുറത്തായത് ലക്ഷക്കണക്കിന് ആദിവാസി / പട്ടികജാതി/ പിന്നോക്ക വിദ്യാര്‍ത്ഥികളാണ്.
പൊതു വിദ്യാഭ്യാസ മേഖലയില്‍ വിശ്വാസമര്‍പ്പിച്ച പാവങ്ങളെയാണ് സര്‍ക്കാര്‍ അവഗണിച്ചത്. പക്ഷേ ഒരു ദലിത് വിദ്യാര്‍ത്ഥിനി പഠന സൗകര്യമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്തിട്ടും സര്‍ക്കാര്‍ കണ്ണ് തുറന്നിട്ടില്ല. മന്ത്രിമാര്‍ക്ക് തോര്‍ത്ത് മുണ്ട് വരെ വാങ്ങാന്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ ആദിവാസി / പട്ടികജാതി/പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ ചില്ലിക്കാശു പോലും ചെലവാക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് ഇതിനായി സ്‌പോണ്‍സര്‍മാരെ സമീപിക്കുമെന്നാണ്.എന്തൊരു ഗതികേടാനണിത് കോടികള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാരിന് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യസം നല്‍കാന്‍ കാശില്ല. പാവപ്പെട്ട കുട്ടികളുടെ പേരില്‍ അടുത്ത പിരിവ് നടത്താനാണ് ശ്രമം വിദ്യാര്‍ത്ഥികളുടെ പഠനം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറരുത്.
എല്ലാ വിദ്യാര്‍ത്ഥികളേയും ഓണ്‍ലൈന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിക്കണം. ടിവി ഇല്ലാത്ത വീടുകളില്‍ ടിവിയും കേബിള്‍ കണക്ഷനും സൗജന്യമായി നല്‍കണം. ആദിവാസി മേഖലയില്‍ സമൂഹ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കണം. ഓരോ ദിവസവും നടക്കുന്ന ക്ലാസിന്റെ പിഡിഎഫ് നോട്ട് പരസ്യപ്പെടുത്തണം. വ്യക്തമായ ആസൂത്രണത്തോടു കൂടി എല്ലാ വിദ്യാര്‍ത്ഥികളേയും പഠനപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയണം. അുതു സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.അത് നിറവേറ്റിയേ തീരൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: