തിരുവനന്തപുരം: മണല്‍ വിഷയത്തില്‍ മന്ത്രിമാര്‍ തമ്മിലുള്ള പോരില്‍ പിണറായിയുടെ മുകളിലൂടെയും ചാടി കടന്ന് കെ. രാജു. ഗത്യന്തരമില്ലാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ബഹിഷ്കരിച്ച് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്. മന്ത്രിമാര്‍ തമ്മിലുള്ള പോരില്‍ ഇതോടെ സിപിഐ പ്രതിരോധത്തിലായി. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രശ്നം രണ്ട് വകുപ്പുകളിലേക്കും സ്വന്തം പാര്‍ട്ടിയിലെ തന്നെ രണ്ട് വകുപ്പ് മന്ത്രിമാരിലേക്കുമാണ് വളര്‍ന്നത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഇ. ചന്ദ്രശേഖരന് വിട്ടു നിന്നതോടെ അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവരുകയായിരുന്നു.
പമ്പയില്‍ നിന്നുള്ള മണല്‍ നീക്കത്തെ സംബന്ധിച്ചായിരുന്നു വനം മന്ത്രി കെ. രാജുവും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും തമ്മില്‍ അഭിപ്രായ വ്യത്യാസം ആരംഭിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രിയെ ഇറക്കി കളിച്ച ചന്ദ്രശേഖരന് ഹരിത ട്രൈബ്യൂണല്‍വഴി രാജു എതിര് പ്രഹരം ഏല്‍പ്പിക്കുകയായിരുന്നു.
പമ്പയില്‍ നിന്നുള്ള മണല്‍ നീക്കം താത്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് വനം വകുപ്പ് ഉത്തരവിറക്കി. മണല്‍ വനപ്രദേശത്തിന് പുറത്തുകൊണ്ടുപോകാനാവില്ലെന്ന് മന്ത്രി കെ. രാജുവും വ്യക്തമാക്കി. എന്നാല്‍ റവന്യു വകുപ്പിന്റെ അധീനതയിലാണ് മണല്‍ നീക്കം നടന്നത്. മണല്‍ കടത്തല്‍ തടഞ്ഞതോടെ റവന്യൂമന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പുനരാരംഭിക്കാനുള്ള ഉത്തരവ് കരസ്ഥമാക്കി. എന്നാല്‍ വനം വകുപ്പും തങ്ങളുടെ ഉത്തരവില്‍ ഉറച്ചു നിന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ട് വനം വകുപ്പിന്റെ ഉത്തരവ് മറികടന്ന് ജില്ലാ ഭരണകൂടം വഴി നടപടി പുനരാരംഭിക്കാനുള്ള ഉത്തരവ് ഇറക്കി.
രണ്ട് മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയില്‍ സിപിഐയിലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടു. പൊതുവെ രാജുവിനോട് താത്പര്യകുറവുള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇടപ്പെട്ടതോടെ എല്ലാം ഇ. ചന്ദ്രശേഖരന് അനുകൂലമായി. ദുരന്ത നിവാരണ നിയമ പ്രകാരമാണെങ്കില്‍ ആര്‍ക്കും തടയാനാകില്ലെന്ന് മുഖ്യമന്ത്രിയും അസന്നിക്തമായി വ്യക്തമാക്കി. എന്നാല്‍ ദേശീയ ഹരിത ട്രിബ്യൂണലിനെ കൊണ്ട് ഇടപെടുവിച്ച് രാജു അവസാന അടവ് പുറത്തിറക്കി.
പമ്പയിലെ മണല്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണല്‍ വിശദീകരണം തേടി. പരിസ്ഥിതി നിയമങ്ങളും നടപടി ക്രമങ്ങളും പരിഗണിക്കാതെ എന്തുകൊണ്ട് ദുരന്ത നിവാരണ നിയമപ്രകാരം മണല്‍ നീക്കം ചെയ്യാന്‍ ഉത്തവിട്ടെന്ന് ഹരിത ട്രബ്യൂണല്‍ ചോദിക്കുകയും റിപ്പോര്‍ട്ട് നല്കാന് സമിതിയെ നിയോഗിക്കുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രിയും പ്രതിരോധത്തിലായി. വിഷയത്തില്‍ നിന്നും പിന്നോട്ട് പോകണം എന്ന നിലപാടാണ് മന്ത്രി ഇ. ചന്ദ്രശേഖരനെ മുഖ്യമന്ത്രി അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇ. ചന്ദ്രശേഖരന് വാര്‍ത്താ സമ്മേളനം ബഹിഷ്കരിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: