തിരുവനന്തപുരം: നഗരഹൃദയത്തിലെ പുത്തരിക്കണ്ടം മൈതാനത്തെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി നഗരസഭ. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത ടണ്‍ക്കണക്കിന് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് പുത്തരിക്കണ്ടത്താണ്. മാലിന്യക്കൂമ്പാരത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ച് മൈതാനത്തേക്കും സമീപപ്രദേശത്തേക്കും കടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നിരന്തരം പരിപാടികള്‍ നടന്നിരുന്ന പുത്തരിക്കണ്ടമാകെ ഇപ്പോള്‍ മാലിന്യക്കൂമ്പാരമാണ്. ഇതുവരെ ഇത്തരത്തില്‍ പുത്തരിക്കണ്ടത്ത് ടണ്‍കണക്കിന് മാലിന്യം നിക്ഷേപിച്ചിട്ടില്ല. നഗരസഭ ചവര്‍ നിക്ഷേപിച്ചിരുന്ന വിളപ്പില്‍ശാലയുടെ അന്നത്തെ അവസ്ഥ പോലെയാണ് ഇന്ന് പുത്തരിക്കണ്ടം മൈതാനം.
‘എന്റെ നഗരം സുന്ദര നഗര’ ത്തിന് ഉദാഹരണമായി നഗരസഭ ചൂണ്ടിക്കാട്ടിയിരുന്ന മൈതാനത്തിന്റെ ഇന്നത്തെ അവസ്ഥ അതിദയനീയമാണ്. പ്ലാസ്റ്റിക് കുപ്പികള്‍, മദ്യക്കുപ്പികള്‍, ഇറച്ചി മാലിന്യം തുടങ്ങിയവയെല്ലാം കുന്നുകൂടിയിട്ടുണ്ട്. മഴക്കാലമായതോടെ മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധം വമിക്കുന്ന മലിനജലം മൈതാനം നിറഞ്ഞിട്ടുണ്ട്. ഇത് കിഴക്കേകോട്ട റോഡിലേക്കും ഇറങ്ങുന്നു. നൂറു കണക്കിന് പേരാണ് മലിനജലത്തില്‍ ചവിട്ടിനടക്കേണ്ടി വരുന്നത്. പരിസ്ഥിതിക്കും ഇത് ഏറെ ദോഷകരമാകുന്നുണ്ട്. കൊതുകുകള്‍ പെറ്റുപെരുകി ഡങ്കിപ്പനി തുടങ്ങിയ സാംക്രമികരോഗങ്ങള്‍ പരക്കുന്നതിന് മാലിന്യകൂമ്പാരം ഇടയാക്കും.
കൊറോണ കാരണം പൊതുപരിപാടികള്‍ ഇല്ലാത്തതിനാലാണ് പുത്തരിക്കണ്ടത്ത് ചവര്‍ നിക്ഷേപിക്കാനുള്ള സ്ഥലമായി നഗരസഭ തെരഞ്ഞെടുത്തത്. പുത്തരിക്കണ്ടത്തിനു പിന്നിലായി പ്രത്യേകം ഒരുക്കിയ സ്ഥലത്താണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കുള്ള നെല്‍കൃഷി നടത്തുന്നത്.
ഇവിടെയും മാലിന്യ കൂമ്പാരം എത്തിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ധാരാളം പേര് മൈതാനത്തിന്റെ വശങ്ങളിലെ പുല്ത്തകിടികളില് വന്നിരിക്കാറുണ്ട്. ഈ പുല്‍ത്തകിടികള്‍ ഇപ്പോള്‍ ചെളികൊണ്ട് നിറഞ്ഞു. ചവര്‍ നീക്കം ചെയ്ത് പൊതുപരിപാടികള്‍ക്ക് മൈതാനം വാടകയ്ക്ക് നല്കിയാലും അണുവിമുക്തമാക്കിയില്ലെങ്കില്‍ രോഗങ്ങള്‍ പിടിപെടാം.
പരിസ്ഥതി ദിനമായ ഇന്ന് നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്ന നഗരസഭ തന്നെ നഗരത്തിന്റെ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്.
ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ ആമയിഴഞ്ചാന്‍തോട്ടിലുള്ള മാലിന്യം നീക്കം ചെയ്തശേഷം നിക്ഷേപിക്കാന്‍ വേറെ സ്ഥലമില്ലാത്തിനാലാണ് പുത്തരിക്കണ്ടത്ത് നിക്ഷേപിച്ചതെന്ന് മേയര്‍ ശ്രീകുമാര്‍ പറഞ്ഞു. പ്ലാസ്റ്റിക് വേര് തിരിച്ച ശേഷം മാലിന്യം ഇവിടെ നിന്നും നീക്കം ചെയ്യുമെന്നും മേയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: