പളളുരുത്തി: എസ്ഡിപിവൈ റോഡില്‍ വെളിപറമ്പില്‍ അന്‍സാര്‍ മൂന്നുകൊല്ലമായി പള്ളുരുത്തി നഗരസഭ ഓഫീസ് കയറിയിറങ്ങുന്നു. പിഎംഎവൈ പദ്ധതി പ്രകാരമാണ് വീടുനിര്‍മാണം നടത്തിയത്. നിര്‍മാണം പൂര്‍ത്തിയായി മൂന്നു കൊല്ലം പിന്നിടുമ്പോഴും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ നഗരസഭ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ ഓരോ ഒഴിവും പറഞ്ഞു വിടുകയാണ്.
ഒടുവില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യക്ഷ സമരം ആരംഭിക്കയായിരുന്നു. ഭാര്യ റഹീമ, വിദ്യാര്‍ഥികളായ മക്കള്‍ ആദില്‍, ആക്വിബ് എന്നിവര്‍ക്കൊപ്പം കോര്പറേഷന് ഓഫീസിനു മുന്നില്‍ ഇന്നലെ രാവിലെ മുതല്‍ നില്‍പ്പ് സമരത്തിലാണ് അന്‍സാര്‍. പണം നല്കിയാല് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനു തയ്യാറാകാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞു വെച്ചുവെന്ന് അന്‍സാര്‍ പറയുന്നു.
കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പ്രധാനമന്ത്രി ഭവനപദ്ധതിയുടെ അവസാന ഗഡുവായ 50,000 രൂപ ലഭിച്ചില്ല. വൈദ്യുതിയും വെള്ളവും താല്‍ക്കാലിക കണക്ഷനാണ്. കംപ്ലീഷന്‍ സര്ട്ടിഫിക്കറ്റ്ലഭിച്ചില്ലെങ്കില് ഇതൊന്നും ശരിയാക്കാന്‍ കഴിയില്ല. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന താന്‍ ലക്ഷങ്ങളുടെ കടക്കാരനായെന്നും അന്‍സാര്‍ പറയുന്നു. നീതി കിട്ടുന്നതുവരെ സമരം തുടരാനാണ് അന്‍സാറിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: