ആര്‍പ്പൂക്കര (കോട്ടയം): ബാഹ്യലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ ചില രോഗികളില്‍ കൊറോണ സ്ഥിരീകരിച്ചത് ആരോഗ്യ വിദഗ്ധരില്‍ ആശങ്കയുണ്ടാക്കുന്നു. ചൊവ്വാഴ്ച കോട്ടയത്ത് രോഗം സ്ഥിരീകരിച്ച അഞ്ച് പേരിലും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. ഇവര്‍ എല്ലാവരും വിദേശത്ത് നിന്നെത്തി ക്വാറന്റൈനിലായിരുന്നു.
പ്രകടമായ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തത് സമൂഹവ്യാപനത്തിന് ഇടവരുത്തുമോയെന്ന ആശങ്ക ആരോഗ്യ വിദഗ്ധര്‍ പങ്കുവയ്ക്കുന്നു. പൊതുഗതാഗത നിയന്ത്രണം ഇളവു ചെയ്തും, വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം ദീര്‍ഘിപ്പിച്ചതും മൂലം പൊതുജനങ്ങള്‍ യഥേഷ്ടം സഞ്ചരിക്കുകയാണ്. അതിനാല്‍, ആളുകള്‍ മാസ്ക് ധരിക്കുന്നതിലും സാമൂഹ്യഅകലം പാലിക്കുന്നതിലും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരിലാണ് രോഗലക്ഷണങ്ങള്‍ കൂടുതലായി കാണുന്നത്. ക്വാറന്റൈന് കേന്ദ്രങ്ങളില്‍ പ്രത്യേകം സൗകര്യങ്ങളുള്ള മുറികളിലാണ് ഇവരെ പാര്‍പ്പിക്കുന്നത്. എന്നാല്‍, ഇവര്‍ ഒന്നിച്ച് ആഹാരം കഴിക്കുന്നതും ടിവി കാണുന്നതും ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ചില ക്വാറന്റൈന് കേന്ദ്രങ്ങളില്‍ ഇത്തരമൊരു അവസ്ഥയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കും. കൊറോണ കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരും, നിയമപാലകരും നിയന്ത്രണങ്ങള്‍ക്ക് കുറവു വരുത്താതെ വീണ്ടും മുമ്പോട്ട് പോകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിദഗ്ധര്‍ വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: