ചാത്തന്നൂര്‍: പരവൂരിലെ സഹകരണബാങ്കില്‍ സ്ഥിരംജോലി എന്ന ലക്ഷ്യം നഷ്ടപ്പെട്ടതോടെയാണ് സത്യവതി ആ തീരുമാനമെടുത്തത്. ജോലി ചെയ്തുവന്ന ബാങ്കിനുള്ളില്‍ തന്നെ കത്തിയമരാനായിരുന്നു ഈ വീട്ടമ്മയുടെ തീരുമാനം.
ബാങ്കില്‍ താല്ക്കാലികവേതന അടിസ്ഥാനത്തിലെ കളക്ഷന്‍ ഏജന്റായിരുന്ന പൂതക്കുളം പന്നിവിള കിഴക്കത്തില്‍ അയ്യപ്പന്റെ ഭാര്യ സത്യദേവി(55) ആണ് ബാങ്കിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിലാണ് സംഭവം. ഇവര്‍ ഉച്ചയോടെ ബാങ്കില്‍ എത്തുകയും ജീവനക്കാരുമായി സംസാരിച്ച് നില്ക്കുമ്പോള് ശരീരത്തേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയും ആയിരുന്നു.
തീ ആളിപ്പടര്‍ന്നതോടെ ജീവനക്കാര്‍ എമര്‍ജന്‍സി വാതില്‍ വഴി ഓടിരക്ഷപ്പെട്ടു. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടന്നെങ്കിലും വിഫലമായി. ബാങ്കിലെ താല്‍ക്കാലിക കളക്ഷന്‍ ഏജന്റായ സത്യദേവിയെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ചു ബാങ്കും സത്യദേവിയും തമ്മില്‍ നാളുകളായി കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
പുതിയ ആളുകള്‍ ബാങ്കില്‍ സ്ഥിരപ്പെടുത്തുമ്പോള്‍ പാലിക്കേണ്ട സീനിയോറിറ്റി മറികടന്ന് മറ്റൊരാളെ ഭരണസമിതി സ്ഥിരപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സത്യദേവി അനുകൂലവിധി നേടുകയും ചെയ്തു. എന്നാല്‍ ബാങ്ക് സ്ഥിരപ്പെടുത്തിയ എതിര്‍കക്ഷി ഈ വിധിക്കെതിരെ സ്റ്റേ നേടിയിരുന്നു. ഇതുസംബന്ധിച്ച കേസ് ഇപ്പോഴും കോടതിയില്‍ നടന്നുവരുകയാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: