ന്യൂദല്‍ഹി : അതിര്‍ത്തിയില്‍ ചൈന വിന്യസിച്ചിട്ടുള്ള ടാങ്കറുകളും തോക്കുകളും പിന്‍വലിക്കണമെന്ന് ഇന്ത്യ. ശനിയാഴ്ച നടക്കാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഇന്ത്യ മുന്നോട്ടുവെച്ച ഉപാധിയാണ് ഇത്. നിലവില്‍ അതിര്‍ത്തികളില്‍ ചൈന വിന്യസിച്ച സൈന്യത്തേയും യുദ്ധ സാമഗ്രികളേയും നീക്കം ചെയ്യാനും ഇന്ത്യ ആവശ്യപ്പെടും.
മുമ്പ് ചൈനീസ് സൈന്യം നേരത്തെ നിലയുറപ്പിച്ച സ്ഥലത്തേയ്ക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുമെന്നും ഇന്ത്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചൈന സൈന്യത്തേയും യുദ്ധ സാമഗ്രികളേയും പിന്‍വലിച്ചാല്‍ ഇന്ത്യയും ഇതിന് തയ്യാറാകും. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഇന്ത്യയുടേയും ചൈനയുടേയും ഉന്നതതല പ്രതിനിധികള്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉന്നത സൈനിക തലത്തിലായിരിക്കും കൂടിക്കാഴ്ച.
ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ആകുമെന്ന് തന്നെയാണ് പ്രതീക്ഷ. ചര്‍ച്ചയ്ക്കായി ചൈനയും താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കുടാതെ 1962ലെ ഇന്ത്യ അല്ല ഇപ്പോഴത്തേത്. രാജ്യം ആരുടേയും മുന്നില്‍ തല കുനിക്കേണ്ടി വരില്ലെന്നും ജനങ്ങള്‍ സുരക്ഷിതരാണെന്നും രാജ്നാഥ് സിങ് അറിയിച്ചിരുന്നു.
അതിര്‍ത്തിയിലെ പ്രശ്ന പരിഹാരങ്ങള്‍ക്കായി നയതന്ത്ര തലത്തില്‍ തുറന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലീജിയനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: