പിറവം: മണീടില്‍ പാറമട ഇടിഞ്ഞ്വീണ് രണ്ട്പേര് മരിച്ചു. കംപ്രസര്‍ ഉപയോഗിച്ച് വെടിമരുന്ന് നിറയ്ക്കുന്നതിനുള്ള കുഴി എടുക്കുന്നതിനിടെയായിരുന്നു ദുരന്തം. മണീട് മേമുഖം കാട്ടാമ്പിള്ളി മറ്റത്തില്‍ ശശി(47), പശ്ചിമബംഗാള്‍ സ്വദേശി ദീപക് നട്ര (28) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11ഓടെ പാറപൊട്ടിക്കുന്ന ജോലിക്കിടെ പാറമുകളില്‍ ഇളകി നിന്നിരുന്ന പാറ ഇരുവരുടെയും ദേഹത്ത് വീഴുകയായിരുന്നു.
കരിങ്കല്ലിനടിയില്‍ നിന്ന് ശശിയെ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതിനിടെ കല്ലിനടയില്പെട്ട് കിടന്ന ദീപക് ആദ്യം നാട്ടുകാരുടെയും മറ്റ് ജീവനക്കാരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് ദീപകിന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഹിറ്റാച്ചിയും കല്ല് പൊട്ടിക്കുന്ന ബ്രേയ്ക്കറും ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. തുടര്‍ന്ന് വിവരമറിഞ്ഞ് പിറവം, മൂവാറ്റുപുഴ, മുളന്തുരുത്തി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയുടേയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കല്ലിനടിയില്‍പ്പെട്ട് കിടന്ന ദീപകിനെ മൂന്ന് മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവമറിഞ്ഞ് അനൂപ് ജേക്കബ് എംഎല്‍എ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമന്, മണീട് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസ്, റവന്യൂഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. മരിച്ച ശശി എട്ട് വര്‍ഷത്തോളമായി ഇവിടുത്തെ ജോലിക്കാരനാണ്. ഭാര്യ: അജിത. മക്കള്‍: അശ്വതി, അശ്വിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: