തിരുവനന്തപുരം: പമ്പയിലെ മണല്‍ക്കൊള്ളയ്ക്കു പിന്നില്‍ ഇ.പി. ജയരാജനും കുടുംബവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കണ്ണൂരിലെ അഞ്ചരക്കണ്ടി പുഴയിലെ മണല്‍ക്കടത്തിനു നേതൃത്വം നല്കിയ അതേകമ്പനികള് തന്നെയാണ് പമ്പയിലും മണല്‍ കടത്തുന്നത്. ഇതില്‍ കണ്ണൂരിലെ മണല്‍ നീക്കം കേരള ക്ലേയ്സ് ആന്റ് സിറാമിക് പ്രൊഡക്ട്സ് ലിമിറ്റഡിനു സ്വകാര്യ പങ്കാളിത്തത്തോടെയാണ് അനുമതി നല്തിയത്. കോട്ടയം ആസ്ഥാനമായ വെള്ളാപ്പള്ളി ബ്രദേശ്സ് എന്ന സ്യകാര്യകമ്പനി കൂടി ചേര്‍ന്ന് മാലിന്യങ്ങള്‍ നീക്കാനുള്ള ഉത്തരവിന്റെ മറവില്‍ ആയിരക്കണക്കിന് ലോഡ് മണലാണ് കടത്തിയത്. അന്നു ബിജെപിയായിരുന്നു അതു തടഞ്ഞത്. കോണ്‍ഗ്രസും സിപിഎമ്മും ഈ കമ്പനികള്‍ക്ക് വേണ്ടിയാണ് രംഗത്തുവന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.
കോട്ടയം ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമകള്‍ കോണ്‍ഗ്രസുകാര്‍ക്കും സിപിഎമ്മുകാര്‍ക്കും വേണ്ടപ്പെട്ടവരാണ്. എന്നാല്‍, ഇപ്പോള്‍ പമ്പയില്‍ നടക്കുന്ന മണല്‍ക്കൊള്ളയ്ക്കു പിന്നില്‍ വ്യവസായമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവുമാണെന്നും സുരേന്ദ്രന്. പമ്പയില്‍ മണല്‍ എടുക്കാനുള്ള ഉത്തരവില്‍ പൊതുമേഖലസ്ഥാപനത്തിന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, അവര്‍ കോട്ടയത്തെ സ്വകാര്യകമ്പനിക്ക് കരാര്‍ മറിച്ചുനല്‍കി. കണ്ണൂരിലുള്ള പൊതുമേഖല സ്ഥാപനത്തിന് ഇത്രയും മണലിന്റെ ഒരാവശ്യവും ഇല്ലെന്നും അഴിമതി മാത്രമാണ് ഇതിനു പിന്നിലെന്നും സുരേന്ദ്രന്. പമ്പയിലെ മണല്‍ നീക്കം ചെയ്തു സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വില്‍ക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്.
അതേസമയം, പമ്പയിലെ മണല്‍ നീക്കം തടഞ്ഞ് വനംവകുപ്പ്. പമ്പയിലെ മണല്‍ എടുത്ത് പുറത്തുകൊണ്ടു പോകരുതെന്ന് കാട്ടി വനംവകുപ്പ് സെക്രട്ടറി ആശ തോമസ് ഉത്തരവിട്ടിരുന്നു. മണലിന്റെ വില ഉടന്‍ നിശ്ചയിക്കുമെന്നും അതിനു ശേഷമേ മണല്‍നീക്കം നടത്താവൂ എന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം, ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ശേഖരിച്ച മണല്‍ നീക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വനംവകുപ്പ് അറിയാതെയാണ് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്നതിനു തൊട്ടുമുന്‍പ് ഹെലികോപ്റ്ററില്‍ എത്തി മണല്‍ നീക്കാന്‍ വാക്കാല്‍ ഉത്തരവിട്ടത്. ഇതു വിവാദമായിരുന്നു. വിഷയത്തില്‍ സിപിഐ ഭരിക്കുന്ന വനംവകുപ്പിനെ നോക്കുകുത്തിയാക്കി സിപിഎം കാര്യങ്ങള്‍ നീക്കുന്നെന്ന വിലയിരുത്തലുണ്ടായി. ഇതോടെയാണ് സിപിഐ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വിഷയത്തില്‍ കര്‍ശന ഇടപെടല്‍ നടത്താന്‍ വനംമന്ത്രി കെ.രാജുവിന് നിര്‍ദേശം നല്‍കിയത്. തുടര്‍ന്നാണ് വനംസെക്രട്ടറി അടിയന്തര ഉത്തരവിറക്കിയത്. ഇപ്പോള്‍ വനംമന്ത്രിയും വനംസെക്രട്ടറിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: