കോഴിക്കോട്: ഹരിത കേരള മിഷന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് കണ്സല് ട്ടന്‍സിയായി നിയമിച്ച നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റ് വേങ്ങേരിയ്ക്ക് പണം നല്‍കുന്നത് സംബന്ധിച്ച് കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല് കുന്നതുള്പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് കണ്‍സല്‍ട്ടന്‍സി നടത്തേണ്ടത്. ഇതിനായി ഓരോ മാസവും 1,62,500 രൂപയാണ് കോര്പറേഷന് നിറവിന് നല്‍കേണ്ടത്.
നിറവിന്റെ പ്രവര്‍ത്തനം കാര്യക്ഷമല്ലെന്നും ഇത്തരത്തില്‍ ഒരു കണ്‍സള്‍ട്ടന്‍സിയുടെ ആവശ്യമില്ലെന്നും ബിജെപി, യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.വി. ബാബുരാജ് ഇത് തള്ളി. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും നിലവിലെ പ്രവര്‍ത്തനം തുടരുന്നതിന് നിറവിന്റെ സേവനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിനൊടുവില്‍ വോട്ടെടുപ്പിലൂടെ അജണ്ട അംഗീകരിച്ചു.
ചിലയിടങ്ങളില്‍ യോഗം നടത്തിയതല്ലാതെ നിറവിന്റെ ഭാഗത്തുനിന്ന് കാര്യമായ ഒരു ഇടപെടലും ഉണ്ടായില്ലെന്നും ആരോപണം ഉയര്‍ന്നു. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് പണം നല്‍കാതിരിക്കുകയും മാസത്തില്‍ 1.62 ലക്ഷം രൂപ വീതം നിറവിന് നല്‍കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതി പക്ഷാംഗങ്ങള്‍ ആരോപിച്ചു. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്, പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹിമാന് എന്നിവര്‍ ആരോപണം ശക്തമാക്കി.
നിറവിന്റെ പ്രവര്‍ത്തനം പരിശോധിക്കാമെന്നും തൃപ്തി കരമാണെങ്കില്‍ മാത്രം തുടരാന്‍ അനുവദിക്കാമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അറിയിച്ചെങ്കിലും പ്രതിപക്ഷം ഇത് അംഗീരിച്ചില്ല. തുടര്‍ന്ന് സംസാരിച്ച ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.വി.. ബാബുരാജ് അജണ്ട പാസാക്കണമെന്ന് നിലപാടെടുത്തു. വോട്ടെടുപ്പില്‍ 21നെതിരെ 48 വോട്ടുകള്‍ക്ക് അജണ്ട പാസായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: