പത്തനാപുരം: പാടം പൂമരുതിക്കുഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പൂമരുതിക്കുഴി അരുണോദയത്തില്‍ രാജേന്ദ്രന്(50), കലഞ്ഞൂര്‍ പഞ്ചായത്തംഗം സലാം മന്‍സിലില്‍ സജീവ് റാവുത്തര്‍(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി 11നാണ് സംഭവം. ആനയിറങ്ങിയതായി പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൂമരുതിക്കുഴി ജംഗ്ഷനിലേക്ക് ഇരുചക്ര വാഹനത്തില്‍ വരികയായിരുന്ന ഇരുവരും കാട്ടാനയുടെ മുന്നില്‍ ചെന്ന് പെടുകയായിരുന്നു. ചക്ക തിന്നു കൊണ്ടിരുന്ന കാട്ടാന തുമ്പിക്കൈ വീശി ഇരുചക്രവാഹനം അടിച്ചിട്ടു. ആനയുടെ അടിയേറ്റ് ജീവഭയംകൊണ്ട് ഓടുന്നതിനിടയിലും രാജേന്ദ്രനും സജീവിനും വീണ് പരിക്കേല്‍ക്കുകയും ചെയ്തു. വാഹനത്തിനും കേടുപാടു സംഭവിച്ചു.
ഗുരുതര പരിക്കേറ്റ രാജേന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചെവിക്കും കാലിനും പരിക്കേറ്റ പഞ്ചായത്തംഗത്തെ കോന്നിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ചു. സംഭമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ചു പ്രതിഷേധിച്ചു. പുലിയും കാട്ടാനയുമടക്കമുളള വന്യമ്യഗങ്ങളുടെ ശല്യത്താല്‍ ഭീതിയുടെ നിഴലിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: