വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ തെക്ക് കിഴക്ക് ഭാഗത്ത് കലാമണ്ഡപത്തിന് സമീപം നില്ക്കുന്ന കൂവളത്തിന് തീപിടിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. രണ്ടാഴ്ച മുന്‍പുണ്ടായ ചുഴലിക്കാറ്റില്‍ ക്ഷേത്രത്തിന് വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൂവളത്തിന് അഗ്നിബാധയുണ്ടായിരിക്കുന്നത്. അഷ്ടമി കാലത്തും രണ്ടാഴ്ച മുന്‍പുണ്ടായ കാറ്റിലും ക്ഷേത്രത്തിലുണ്ടായ മാലിന്യങ്ങള്‍ ഇവിടെ കൂട്ടിയിരുന്നു. അത്താഴ പൂജക്ക് ശേഷം ഈ മാലിന്യങ്ങള്‍ക്ക് തീയിട്ടതായും അത് കൂവളത്തിലേക്ക് പടരുകയുമാണുണ്ടായതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അഗ്നിശമന സേന എത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല. കൂവളത്തിന് സമീപത്തു കുടി വൈദ്യതി ലൈനും പോകുന്നുണ്ട്. ക്ഷേത്രത്തിന് സമീപമുള്ള റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ തീ പടരുന്നത് കണ്ട് ബന്ധപ്പെട്ടവരെ അറിയിക്കുകയും വൈദ്യുതി ഓഫാക്കുയും ചെയ്തിരുന്നു. ഏറെ പഴക്കമുള്ളതാണ് കൂവളം. ക്ഷേത്രത്തിലെ മാലിന്യങ്ങള്‍ക്ക് തീയിട്ടപ്പോള്‍ സമീപം നിന്ന കൂവളത്തിലെ ഉണങ്ങി നിന്ന വള്ളി പടര്‍പ്പുകളിലേക്ക് തീപിടിച്ചതാണന്നും മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ ഡി.ജയകുമാര്‍ അറിയിച്ചു.
വൈക്കം ക്ഷേത്രത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദേവഹിതം നോക്കി പരിഹാരം കാണണമെന്ന ആവശ്യം ഭക്തജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിട്ടുണ്ട്. തീപിടിത്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഭക്തജനങ്ങള്‍ ആവശ്യപ്പെട്ടു.
അന്വേഷണം നടത്തണം: ഹിന്ദുഐക്യവേദി
വൈക്കം: മഹാദേവ ക്ഷേത്രത്തിലെ കൂവളത്തിന് തീപിടിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഹിന്ദു ഐക്യവേദി ടൗണ്‍ കമ്മറ്റി ആവശ്യപ്പെട്ടു. ക്ഷേത്ര ഗോപുര വാതില്‍ അടച്ചതിനു ശേഷം കുവള മരത്തിനുണ്ടായ തീപിടിത്തത്തില്‍ ദുരൂഹത ഉണ്ട്്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ പുറത്താക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ടൗണ്‍ കമ്മറ്റി പ്രസിഡന്റ് ഗോപകുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ.എച്ച് സനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രവീന്ദ്രന്, സെക്രട്ടറി സുശീലന്, തമ്പി ,അനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: