കൊച്ചി: ജില്ലയില്‍ ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മെയ് 27 ലെ കുവൈത്ത്-കൊച്ചി വിമാനത്തില്‍ എത്തിയ 38 വയസുള്ള കുറുപ്പംപടി സ്വദേശിനിയായ യുവതിയാണ് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 28ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
എയര്‍ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥയായ 49 കാരിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍. ഗള്‍ഫ് സെക്ടറില്‍ ജോലി നോക്കി വരവെ നടത്തിയ പതിവ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം തേവര സ്വദേശിനിയാണ്. ഇവരെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുംബൈയില്‍ നിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് 12 യാത്രക്കാരുമായി മെയ് 15ന് എത്തിയ ട്രാവലറിന്റെ 31 വയസുള്ള ഡ്രൈവറാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാള്‍. എറണാകുളം പാലാരിവട്ടം സ്വദേശിയായ യുവാവ് മെയ് 15 മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ട്രാവലറില്‍ വന്ന 12 പേര്‍ക്കും പിന്നീട് വിവിധ ജില്ലകളിലായി രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ തന്നെയും ട്രാവലറിന്റെ രണ്ട് ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എട്ടു പേരെ ഇന്നലെ പുതിയതായി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളേജ്-മൂന്ന്, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി-ഒന്ന്, സ്വകാര്യ ആശുപത്രികള്‍-നാല് എന്നിങ്ങനെയാണ് വിവിധ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം.
കളമശേരി മെഡിക്കല്‍ കോളേജ്, ഐഎന്‍എച്ച്എസ് സഞ്ജീവനി എന്നീ ആശുപത്രികളിലായി 32 പേര് ജില്ലയില്‍ കൊറോണ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 93 ആണ്. കളമശേരി മെഡിക്കല്‍ കോളേജ്-40, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി-അഞ്ച്, കരുവേലിപ്പടി താലൂക്ക് ആശുപത്രി-രണ്ട്, പോര്‍ട്ട് ട്രസ്റ്റ് ആശുപത്രി-മൂന്ന്, ഐഎന്‍എച്ച്എസ് സഞ്ജീവനി-നാല്, സ്വകാര്യ ആശുപത്രികള്‍-39 എന്നിങ്ങനെയാണ് കണക്ക്. 757 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 460 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9038 ആണ്. ഇതില്‍ 8129 പേര് വീടുകളിലും, 619 പേര് കൊറോണ കെയര്‍ സെന്ററുകളിലും 290 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നാലു പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.
കളമശേരി മെഡിക്കല്‍ കോളേജ്-ഒന്ന്, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി-മൂന്ന്, എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തവരുടെ എണ്ണം. ജില്ലയില്‍ നിന്ന് 96 സാമ്പിളുകള്‍ കൂടി ഇന്നലെ പരിശോധനയ്ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: