കുന്നത്തുകാല്‍: സിപിഎം ഭരിക്കുന്ന കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്ന് അസിസ്റ്റന്റ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുകയും ഇറക്കിവിടുകയും ചെയ്തതായി പരാതി. മൂന്നുവര്‍ഷമായി വീടിനു നമ്പര്‍ കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടമ്മ കുഞ്ഞുങ്ങളുമായി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ കഴിഞ്ഞ ദിവസം കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.
വെള്ളറട പാലിയോട് കുറുവാട് എം.എം. ഹൗസില്‍ സതീഷ്കുമാറിന്റെ ഭാര്യ സിനിയാണ് കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചത്. ആവശ്യപ്പെട്ട രേഖകളുമായി പഞ്ചായത്ത് ഓഫീസില്‍ മൂന്നുവര്‍ഷമായി കയറിയിറങ്ങിയിട്ടും വീടിനു നമ്പര്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം നടത്തിയത്. സിപിഎമ്മിന്റെ ഒരു പ്രമുഖ നേതാവ് ഈ വസ്തു വാങ്ങാന്‍ ശ്രമിച്ചിരുന്നു. ഇതുകാരണമാണ് സിപിഎം ഭരിക്കുന്ന കുന്നത്തുകാല്‍ പഞ്ചായത്തിലെ അധികാരികളും നേതാക്കളും ചേര്‍ന്ന് ഈ ഒത്തുകളി നടത്തുന്നതെന്ന് കുടുംബം പറഞ്ഞിരുന്നു.
ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകരെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും ജീവനക്കാരും ചേര്‍ന്ന് അപമാനിച്ചു. പഞ്ചായത്ത് സെക്രട്ടറി ഓഫീസിലില്ലാതിരുന്നതിനാല് വാര്‍ഡ് മെമ്പറിനോട് സത്യാവസ്ഥ മനസ്സിലാക്കുന്നതിനിടയിലായിരുന്നു അസിസ്റ്റന്റ് സെക്രട്ടറിയുടെ കടന്നാക്രമണം.
മെമ്പറോടും മറ്റ് ജീവനക്കാരോടും വീട്ടുനമ്പര്‍ നല്‍കാത്തതിനെ പറ്റി സംസാരിച്ചുകൊണ്ടിരുന്നത് നിരീക്ഷിക്കുകയായിരുന്നു അസിസ്റ്റന്റ് സെക്രട്ടറി. തുടര്‍ന്ന് പ്രശ്നം മനസ്സിലാക്കിയ ശേഷമായിരുന്നു മാധ്യമപ്രവര്‍ത്തകരെ പഞ്ചായത്തില്‍ നിന്നും ഇറക്കിവിട്ടതും ശേഷം കതകടച്ചതും. ഇതിനെപ്പറ്റി പഞ്ചായത്ത്സെക്രട്ടറിക്ക് നല്കിയ പരാതിയില്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണം ഉള്ളതുകൊണ്ടാണ് ഇറക്കിവിട്ടതെന്നായിരുന്നു അസിസ്റ്റന്റ് സെക്രട്ടറിയുടെ വാദം.
എന്നാല്‍ അതിനു മുമ്പും ശേഷവും ഓഫീസിനുള്ളില്‍ നിരവധിപേരാണ് കയറിയിറങ്ങിയത്. മുമ്പ് ബജറ്റ് സമിതി കൂടിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇറക്കിവിട്ടതായും പരാതിയുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തുടര്‍ച്ചയായി നടക്കുന്ന അവഹേളനങ്ങള്‍ അവസാനി പ്പിക്കണമെന്ന് പത്രപ്രവര്‍ത്തക അസോസിയേഷന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: