മുക്കം: മുക്കം നഗരസഭയിലെ വെസ്റ്റ് മണാശ്ശേരിയില്‍ നിര്‍മ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിനെതിരെ പ്രദേശവാസികള്‍. പതിനൊന്നര സെന്റില്‍ 12 ഫ്ളാറ്റുകളാണ് നിര്‍മിക്കുന്നതെന്നും ഇത് സകല നിയമങ്ങളും കാറ്റില്‍ പറത്തിയാണെന്നും പ്രദേശവാസികള്‍ മുക്കത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തൊട്ടടുത്തുള്ള വീടുകളിലെ കിണറുകളില്‍ നിന്ന് പോലും കൃത്യമായ അകലം പാലിക്കാതെയാണ് നിര്‍മ്മാണം. 1000 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അഗ്നി രക്ഷാ നിലയത്തിന്റെ അനുമതി വേണമെന്ന നിയമം പാലിച്ചിട്ടില്ല. 12 ഓളം കുടുംബങ്ങള്‍ ഈ ഫ്ളാറ്റുകളില്‍ താമസമാക്കിയാല്‍ ദിനംപ്രതി 20,000 ലിറ്റര്‍ വെള്ളം തൊട്ടടുത്ത പ്രദേശങ്ങളിലേക്കും വളരെ അടുത്തുതന്നെയുള്ള ഇരുവഴിഞ്ഞിപ്പുഴയിലേക്കും എത്താനും സാദ്ധ്യതയേറെയാണ്.
നഗരസഭ അധികൃതര്‍ക്ക് നല്കിയ കെട്ടിടത്തിന്റെ പ്ലാനില്‍ തൊട്ടടുത്ത് വയലാണെന്ന കാര്യം മറച്ചുവച്ച് മറ്റൊരാളുടെ സ്ഥലമായാണ് രേഖപ്പെടുത്തിയതെന്നും പരിസരവാസികള്‍ രേഖകള്‍ സഹിതം ചൂണ്ടികാട്ടി. ഈ സാഹചര്യത്തില്‍ അധികൃതര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നടപടിയെടുക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം പരിശോധന നടത്തിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് നഗരകാര്യ വകുപ്പ് റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. തൊട്ടടുത്ത വയലുകളില്‍ ഉള്ള കൃഷിക്കും ഫ്ളാറ്റ് സമുച്ചയം ഭീഷണിയാണന്നും നാട്ടുകാര്‍ പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ പാലിയില്‍ പി. ദിനു, മുക്കം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ തച്ചോലത്ത് ഗോപാലന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: