ആലപ്പുഴ: പ്രധാന പരമ്പരാഗത വ്യവസായമായ കയര്‍മേഖല തകര്‍ന്നടിഞ്ഞിട്ടും, കാഴ്ചക്കാരായി സംസ്ഥാന സര്‍ക്കാര്‍. കയറിന്റെ കൂടി ചുമതല വഹിക്കുന്ന ധനമന്ത്രി തോമസ് ഐസക്ക് പരാജയമാണെന്ന് സിപിഐ അടക്കം പലതവണ വിമര്‍ശനം ഉന്നയിച്ചെങ്കിലും ഇടപെടാന്‍ ഇടതുമുന്നണിയും തയ്യാറാകുന്നില്ല. കയര്‍പിരി, കയര്‍ഫാക്ടറി മേഖലകളില്‍ പതിനായിരക്കണക്കിന് തൊഴിലാളികളാണ് പണിയെടുക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച കൂലി ലഭിക്കാത്തത് മൂലം കയര്‍മേഖല വര്‍ഷങ്ങളായി ഏറെക്കുറെ നിശ്ചലമായിരുന്നു.
ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ കെട്ടിക്കിടന്നത് കയര്‍ഫാക്ടറി മേഖലയിലും ദുരിതം വര്‍ധിപ്പിച്ചു. തൊഴിലില്ലായ്മയും കൃത്യമായി ജോലി ലഭിക്കാത്തത് മൂലവും പട്ടിണിയിലായ തൊഴിലാളികള്‍ മറ്റ് മേഖലകളില്‍ അഭയം തേടുകയാണ്. പൊതുമേഖലാ സ്ഥാപനമായ കയര്കോര്പ്പറേഷനില് മാത്രം കെട്ടികിടക്കുന്നത് 42 കോടിയുടെ കയര്‍ ഉത്പന്നങ്ങളാണ്. ചെറുകിട കയര്‍ ഉത്പാദക സംഘങ്ങള്‍ക്ക് പതിമൂന്നു കോടിയോളം രൂപ നല്‍കാനുണ്ട്. കോര്‍പ്പറേഷന്റെ വിറ്റുവരവ് നാമമാത്രമായി കുറഞ്ഞു. കയറ്റുമതിയില്‍ അന്‍പത് ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് എക്സ്പോര്‍ട്ടേഴ്സ് വിലയിരുത്തുന്നത്.
കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദന ചെലവിന് അനുസൃതമായി വില ലഭിക്കാത്തത് ചെറുകിട മേഖലയെ തകര്‍ത്തു. ഇതോടെ ഈ രംഗത്ത് തൊഴിലില്ലായ്മ രൂക്ഷമായി. തൊഴിലാളികളുടെ മിനിമം കൂലി 600 രൂപയായി പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ പകുതിപോലും ലഭിച്ചിരുന്നില്ല. കൂടാതെ 2002ലെ കയര്‍ സമരത്തിലൂടെ ഇല്ലാതായ ഡിപ്പോ സമ്പ്രദായം തിരിച്ചുവരികയും ചെയ്തു. പരമ്പരാഗതമായി കയര്‍ മേഖലയില്‍ ഹാന്‍ഡ് ലൂം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കയര്‍ തൊഴിലാളികളും തൊഴില്‍ രഹിതരാണ്.
ചെറുകിട കയര്‍ ഉല്‍പ്പാദന മേഖലയുടെ പുനരുദ്ധാരണത്തിന് നിരവധി പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ഭൂരിഭാഗവും നടപ്പായില്ല. കയര്‍ കേരളയില്‍ നിന്ന് ലഭിച്ച ഓര്‍ഡര്‍ അനുസരിച്ച് വലപ്പായ നിര്‍മിച്ചെങ്കിലും അതും കെട്ടിക്കിടക്കുകയാണ്.യന്ത്രവല്‍കൃത കാലത്തും അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് മോചനമില്ല കേരളത്തിലെ കയര്‍ മേഖലയ്ക്ക്. ചകിരി ഉല്പാദനത്തിലെ സ്വയംപര്യാപ്തത സ്വപ്നമായി അനശേഷിക്കുകയാണ്. ലഭ്യമായ തൊണ്ടിന്റെ കേവലം പത്തുശതമാനം മാത്രമാണ് സംസ്ഥാനത്ത് ചകിരിയാക്കാന്‍ കഴിയുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: