കേരള രാഷ്ട്രീയം അറിയാനും പഠിക്കാനും പകര്‍ത്താനും പറ്റിയ നാമമാണ് കെ.രാമന്‍പിള്ള. പുതിയ തലമുറയ്ക്ക് സുപരിചിതമല്ലായിരിക്കാം ആ പേര്. സമ്പന്നമായ ചിന്തയും ലാളിത്യം നിറഞ്ഞ ജീവിതവും നയിക്കുന്ന രാമന്‍പിള്ള സാറിന് ഇന്ന് 85-ാം പിറന്നാളാണ്. ആഘോഷമില്ല, ആര്‍ഭാടമില്ല. എല്ലാ ദിവസവും പോലെ ഇന്നും. ആശംസകളില്‍ അതിരറ്റ ആഹ്ലാദമില്ല. വിസ്മരിക്കുന്നവരോട് ഒട്ടും വിരോധവുമില്ല.
ഏഴു പതിറ്റാണ്ട് കാലത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പൊങ്ങച്ചമൊന്നും വിളമ്പാനില്ല. കലാലയ വിദ്യാഭ്യാസത്തിന്റെ മേന്മയൊന്നും പറയാനില്ലെങ്കിലും വിജ്ഞാനത്തിന്റെ ആഴക്കടലും ഭാഷാപരിജ്ഞാനത്തിന്റെ വിസ്മയിപ്പിക്കുന്ന വ്യക്തിത്വവുമാണ് കെ.രാമന്‍പിള്ള.
തിരുവനന്തപുരം ജില്ലയിലെ പിന്നാക്ക പ്രദേശമായ വെഞ്ഞാറമൂടില്‍ ആലിന്തറവിളയില്‍ വീട്ടില്‍ കൃഷ്ണപിള്ളയുടെയും ലക്ഷ്മിയമ്മയുടെയും അഞ്ചാമത്തെ മകനായ രാമന്റെ ജനനം മെയ് 30ന് ആണെങ്കിലും ജന്മ നക്ഷത്രമായ ഉത്രം ഇന്നാണ്. ഭാരതീയ സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും സംസ്കൃതിയുടെയും പിന്‍ബലമാണ് ജീവിതവിജയത്തിന്റെ അടിത്തറ. അളവറ്റ സമ്പത്തിന്റെ കണക്കൊന്നും വിവരിക്കാനില്ല. പക്ഷേ, മനുഷ്യപ്പറ്റും വിവരവും വിവേകവും കൊണ്ട് സമ്പന്നമാണ് ആ ജീവിതം.
അന്താരാഷ്ട്രീയമാണ് ബാല്യം. രാഷ്ട്രീയ സ്വയം സേവകസംഘവുമായി ചെറുപ്പം മുതല്‍ തന്നെ ഹൃദയ ബന്ധം ഉറപ്പിച്ചു. രാഷ്ട്രീയത്തിലെത്തിയതാകട്ടെ ആത്മകഥയുടെ പേരായ ‘ധര്‍മ്മം ശരണം ഗച്ഛാമി’ എന്നതുപോലെ. ഭാരതീയ ജനസംഘമായിരുന്നു നിലപാട് തറ. അതിന്റെ സിദ്ധാന്തവും തത്വസംഹിതകളും ആഴത്തിലും പരപ്പിലും അറിഞ്ഞ രാമന്‍പിള്ളയ്ക്ക് പകരം വയ്ക്കാന്‍ ആരുണ്ട് എന്ന ചോദ്യത്തിന് ഉത്തരത്തിന്റെ കോളം ശൂന്യമായി തന്നെ കിടക്കുകയാണ്.
സ്ഥാനാര്ഥിയാകാനോ അധികാരസ്ഥാനങ്ങള്‍ കയ്യാളാനോ അഗ്രഹിച്ചില്ല. നേതൃത്വത്തിന്റെയും പ്രവര്‍ത്തകന്മാരുടെയും സമ്മര്‍ദ്ദം മൂലം ഒരിക്കല്‍ നിയമസഭാ (1991 തിരുവനന്തപുരം ഈസ്റ്റ്) തെരഞ്ഞെടുപ്പിലും തിരുവനന്തപുരം, മാവേലിക്കര മണ്ഡലങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയാകേണ്ടിവന്നിട്ടുണ്ട്. സ്വന്തം വിജയത്തിനായി പ്രവര്‍ത്തിച്ചതിന്റെ മേന്മയൊന്നും വിവരിക്കാനായില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ അനുഭവമാണ് കെ.രാമന്‍പിള്ളയുടെ ഓര്‍മ്മയില്‍ നിറഞ്ഞുനില്ക്കുന്നത്.
1950ല്‍ രാഷ്ട്രീയത്തിന്റെ മോഹവലയത്തിലൊന്നും പെടാത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പ് അദ്ദേഹത്തിന് വിസ്മരിക്കാന്‍ കഴിയുന്നതല്ല. മന്നത്തുപത്മനാഭനും ആര്.ശങ്കറും നയിച്ച ഡെമോക്രാറ്റിക് കോണ്‍ഗ്രസും പട്ടം താണുപിള്ളയുടെ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് സോഷ്യലിസ്റ്റും ചേര്‍ന്ന് മത്സരിച്ച നെടുമങ്ങാട്ടെയും നെയ്യാറ്റിന്‍കരയിലെയും ഉപതെരഞ്ഞെടുപ്പാണത്. ക്രിസ്ത്യാനികള്‍ക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനും സ്വന്തം സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുമുള്ള മന്നത്തിന്റെയും ആര്.ശങ്കറിന്റെയും നിശ്ചയ ദാര്‍ഢ്യം ആരെയും ആകര്‍ഷിക്കുന്നതാണെന്ന് രാമന്‍പിള്ള സാക്ഷ്യപ്പെടുത്തുന്നു. രണ്ടിടത്തും ലക്ഷ്യം സാധിച്ചു.
1954ല്‍ ജന്മനാടായ വാമനപുരത്തെ വാര്‍ഡില്‍ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ബദലായി കുട്ടന്‍പിള്ളയെന്ന സ്വതന്ത്രനെ മത്സരിപ്പിച്ച് ചരിത്ര വിജയം നേടിയതൊഴിച്ചാല്‍ ജനസംഘ-ബിജെപി രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിജയചരിത്രം കാര്യമായി പറയാനില്ല.
ഭാരതീയ ജനസംഘത്തിന് കേരളത്തില്‍ വിത്തിട്ട് മുളപ്പിക്കുകയും വെള്ളവും വളവുമിട്ട് വലുതാക്കുകയും ചെയ്ത ഏതാനും പേരില്‍ മുന്നിലാണ് എല്ലാവരുടെയും പ്രിയപ്പെട്ട രാമന്‍പിള്ള സാര്‍. അടിയന്തിരാവസ്ഥയില്‍ 18 മാസം പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച പിന്തുണയും സംസ്ഥാന ബിജെപിപ്രസിഡന്റായിരിക്കെ നടത്തിയ രഥയാത്രയ്ക്ക് കിട്ടിയ അംഗീകാരവുമാണ് എന്നും തിളങ്ങുന്ന ഓര്‍മ്മ.
സ്വന്തമായി വാഹനമോ ചൂണ്ടിക്കാണിക്കാന്‍ പറ്റിയ കാര്യാലയങ്ങളോ ഇല്ലാത്ത കാലത്തായിരുന്നു ജനസംഘ പ്രവര്‍ത്തനം. ജനതാപാര്‍ട്ടിയും ബിജെപിയുമായപ്പോള്‍ പ്രവര്‍ത്തനത്തിന്റെ രീതിയും ഭാവവും മാറി. കേരളത്തില്‍ ബിജെപിയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായി. ഒ.രാജഗോപാല്‍ എന്ന രാജേട്ടന് നിയോഗിക്കപ്പെട്ടപ്പോള്‍ രാമന്‍പിള്ള സാര്‍ ജനറല്‍ സെക്രട്ടറിയായി. പിന്നീട് പ്രസിഡന്റും. ഒ.രാജഗോപാല്‍, കെ.രാമന്‍പിള്ള, കെ.ജി.മാരാര്‍ എന്നീ മൂര്‍ത്തിത്രയത്തോടൊപ്പം സംഘടനാ സെക്രട്ടറി സ്ഥാനത്ത് പി.നാരായണന്‍ജിയും പി.പി. മുകുന്ദനും വഹിച്ച പങ്ക് നിസ്തൂലമാണ്.
ജനസംഘത്തിന് ഒരു പത്രം എന്ന ചിന്ത രാമന്‍പിള്ള സാറിലാണ് ഉദിച്ചത്. ഏറെക്കാലത്തെ ചര്‍ച്ചയ്ക്കുശേഷം 1974ലെ കണ്ണൂര്‍ സമ്മേളനത്തോടെയാണ് ആവാം എന്ന തീരുമാനത്തിലെത്തിയത്. അതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നല്കിയതും രാമന്‍പിള്ള സാര്‍ തന്നെ.
കേരളത്തിലെ പേരെടുത്ത വ്യവഹാരി നവാബ് രാജേന്ദ്രന്റെ പിതാവ് കുഞ്ഞിരാമ പൊതുവാള് തൃശൂരില്‍ നിന്നു പ്രസിദ്ധീകരിച്ച സായാഹ്നപത്രത്തിന്റെ പേരായിരുന്നു ജന്മഭൂമി. അതിന്റെ ഉടമസ്ഥാവകാശം സമ്പാദിച്ച് 1975ല്‍ കോഴിക്കോട് നിന്നാണ് ജന്മഭൂമി സായാഹ്നപത്രമായി തുടങ്ങിയത്. മാതൃകാ പ്രചരണാലയം എന്ന കമ്പനിയുടെ ഉടമസ്ഥാവകാശത്തില്‍ തുടങ്ങിയ പത്രത്തിന്റെ സര്‍വാധികാരി രാമന്‍പിള്ള സാര്‍ തന്നെയായിരുന്നു. പത്രാധിപര്‍ പിവികെ നെടുങ്ങാടി. അടിയന്തിരാവസ്ഥക്കാലത്തു കേരളത്തില്‍ തച്ചുതകര്‍ക്കപ്പെട്ട ഏകപത്രം ജന്മഭൂമിയായിരുന്നു.
അടിയന്തിരാവസ്ഥയ്ക്കുശേഷം എറണാകുളത്ത് നിന്ന് 1977 നവംബര്‍ 14ന് പ്രഭാത ദിനപത്രമായി ജന്മഭൂമി പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ മുഖ്യപത്രാധിപര്‍ പ്രൊഫ. എം.പി.മന്മഥനായിരുന്നു. മന്മഥന്‍സാര്‍ അടിയന്തിരാവസ്ഥയ്ക്ക് എതിരായ പ്രക്ഷോഭത്തിന്റെ ചെയര്‍മാനായിരുന്നു. ലോക്സംഘര്‍ഷ സമിതിയുടെ കണ്‍വീനറായിരുന്നു രാമന്‍പിള്ള സാര്‍. അടിയന്തിരാവസ്ഥാ വിരുദ്ധ സമരത്തിന് തുടക്കംകുറിച്ച ദിവസം എന്ന നിലയിലാണ് നവംബര്‍ 14ന് പത്രം പ്രസിദ്ധീകരണത്തീയതിയായി നിശ്ചയിച്ചത്.
പത്രം പല പ്രതിസന്ധികളെയും നേരിട്ടു. ഒന്നാമത് ജന്മഭൂമി എന്ന ടൈറ്റില്‍ തന്നെ. അത് കുഞ്ഞിരാമ പൊതുവാളിന്റെയോ രാജേന്ദ്രന്റെയോ പേരിലുള്ളതായിരുന്നില്ല. തിരുവനന്തപുരം വള്ളക്കടവിലെ ബഷീറിന്റേതായിരുന്നു. ബഷീറിനെ കണ്ടെത്തി ഉടമസ്ഥാവകാശം നേടാന്‍ ഏറെ പണിപ്പെട്ടതും അച്ചുകൂടം സമ്പാദിക്കാന്‍ അദ്ധ്വാനിച്ചതും രാമന്‍പിള്ളസാര്‍ അല്ലാതെ മറ്റാരുമായിരുന്നില്ല. ജന്മഭൂമിയുടെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ച രാമന്‍പിള്ള സാറിന്റെ പ്രേരണയോടെയും പിന്തുണയോടേയും എറണാകുളത്ത് സ്ഥലം സമ്പാദിച്ച് കെട്ടിടം പണിത് സ്വന്തം പ്രസ് സ്ഥാപിച്ചതും ചരിത്രം. പി. സുന്ദരം മാനേജരായിരിക്കെ വന്‍ സാമ്പത്തികബാധ്യതയുള്ള ദൗത്യം ഏറ്റെടുത്തതിന് പിന്നിലും ഏറെ പ്രയത്നങ്ങളുണ്ട്. കേസരി വാരിക പത്രാധിപരായിരുന്ന സാധുശീലന്‍ പരമേശ്വരന്‍പിള്ള ജ്യേഷ്ഠ സഹോദരനാണ്. പരമേശ്വരന്‍പിള്ള പിന്നീട് സംന്യാസം സ്വീകരിച്ചു.
1936 മെയ് 30 ന് കൃഷ്ണപിള്ള-ലക്ഷ്മിയമ്മ ദമ്പതികളുടെ മകനായി ജനനം. ഔപചാരിക വിദ്യാഭ്യാസം ആറാം ക്ലാസില്‍ അവസാനിപ്പിച്ചുവെങ്കിലും കലാലയ വിദ്യാഭ്യാസത്തേക്കാള്‍ അറിവും അനുഭവവും രാമന്‍പിള്ളയ്ക്ക് സ്വന്തം. എന്തും സഹിക്കുവാനും എന്തിനേയും നേരിടാനുമുള്ള കഴിവ് അദ്ദേഹം അനുഭവജ്ഞാനത്താല് ആര്‍ജ്ജിച്ചതാണ്. അതുതന്നെയാണ് ഏവര്‍ക്കും പാഠപുസ്തകമാകുന്നതും. ജനസംഘത്തിന്റേയും ഭാരതീയ ജനതാ പാര്‍ട്ടിയുടേയും സമുന്നത നേതൃത്വം അദ്ദേഹം വഹിച്ചിട്ടുണ്ട്. ജനസംഘത്തിന്റെ പാലക്കാട് ജില്ലാ സംഘടനാ കാര്യദര്‍ശി, കോഴിക്കോട് ജില്ലാ സംഘടനാ കാര്യദര്‍ശി, ദക്ഷിണ മേഖലാ സംഘടനാ കാര്യദര്‍ശി എന്നീ പദവികള്‍ വഹിച്ചു. പിന്നീട് സംസ്ഥാന സംഘടനാ കാര്യദര്‍ശിയായി. അടിയന്തരാവസ്ഥയ്ക്ക് ശേഷം ബിജെപി രൂപീകൃതമായപ്പോള്‍ സംസ്ഥാന ജന. സെക്രട്ടറിയായി. രണ്ട് തവണ കേരളത്തില്‍ പാര്‍ട്ടിയെ നയിക്കാനുള്ള നിയോഗവും രാമന്‍പിള്ളയ്ക്കായിരുന്നു. പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി ഒരു പത്രം എന്ന ആശയം മുന്നോട്ട് വച്ചതും അദ്ദേഹമായിരുന്നു. മാതൃകാപ്രചരണാലയത്തിന്റെ മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അയോധ്യ പ്രിന്റേഴ്സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ധര്‍മ്മം ശരണം ഗച്ഛാമിയാണ് ആത്മകഥ. മലബാറിലെ മാപ്പിള ലഹളകള്‍, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, എന്താണ് ഹിന്ദുത്വം, അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍ എന്നിവ ശ്രദ്ധേയ കൃതികള്‍. പ്രസന്നകുമാരിയാണ് സഹധര്‍മ്മിണി. മക്കള്‍: ശ്രീദേവി, ശ്രീകുമാരി, ശ്രീകല. മരുമക്കള്‍: സുരേഷ്, സുധീഷ്, ശ്രീകണ്ഠന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: