പ്രധാനമന്ത്രി കിസാന്‍ യോജനയിൽ രണ്ട് ഹെക്ടർ പരിധിയൊഴിവാക്കി, സ്വന്തമായി ഭൂമിയുള്ള എല്ലാ കർഷകരെയും ഉൾപ്പെടുത്തി.
2019 ഫെബ്രുവരി 24 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ പി എം കിസാന്‍ സമ്മാന്‍ പദ്ധതി ഉത്ഘാടനം ചെയ്തത്, രാജ്യത്തെ 12 കോടിയിലേറെ വരുന്ന കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ മൂന്നുഗഢുക്കളായി ആറായിരം രൂപയുടെ ധനസഹായം നേരിട്ട് ലഭ്യമാക്കുന്നതായിരുന്നു പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി. ആകെ 75000 കോടിരൂപയാണ് ഈ പദ്ധതിയാക്കായി വകയിരുത്തിയിട്ടുള്ളത്, രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് അടിസ്ഥാന ഗ്രാമീണ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഭൂമി കൈവശമില്ലാത്തവരുള്പ്പടെ, രണ്ട് ഹെക്ടര്‍ ഭൂമിയുടെ പരിധി നീക്കംചെയ്ത് രാജ്യത്തെ എല്ലാ കര്‍ഷകരെയും ഉള്‍പ്പെടുത്തി നേരിട്ടുള്ള വരുമാന സഹായ പദ്ധതിയുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. 14.5 കോടി കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അറിയിച്ചു. 2020 ഫെബ്രുവരി 24 ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍, അതിബൃഹത്തായ ഈ പദ്ധതിയുടെ ഭാഗമായി 50,850 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തുകഴിഞ്ഞു. കോവിഡ് 19 ലോക്ക്ഡൗണ്‍ കാലത്ത് കര്‍ഷകര്‍ക്കും അടിസ്ഥാന ജനവിഭാഗത്തിനും ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്ത പ്രധാനമന്ത്രി-കിസാന്‍ പദ്ധതി പ്രകാരം 18,253 കോടി രൂപ സര്‍ക്കാര്‍ വിതരണം ചെയ്തതായി ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
പ്രധാന് മന്ത്രി കിസാന്‍ മന്ധന് യോജന
2019 സെപ്റ്റംബര്‍ 12 ന് റാഞ്ചിയില്‍, കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്ത ബൃഹത് പെന്ഷന് പദ്ധതിയാണ് പ്രധാന് മന്ത്രി കിസാന്‍ മന്ധന് യോജന, 2019-20 ലെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയിന്‍ പ്രകാരം, 18-40 വയസ്സിനിടയിലുള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് 60- വയസ്സ് തികയുമ്പോള്‍ പ്രതിമാസം 3,000 രൂപ പെന്ഷന് നല്‍കും.ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ 5 കോടി ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ പദ്ധതി പ്രകാരം വിഭാവനം ചെയ്തിട്ടുള്ള സാമൂഹിക സുരക്ഷാ പരിരക്ഷ നല്‍കുന്നതിനായി 3 വര്‍ഷത്തെ കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ 10774.50 കോടി രൂപയാണ് ചെലവഴിക്കുന്നത്.
പ്രധാന്‍മന്ത്രി കരം യോഗി മന്ധന് യോജന:
ചെറുകിട വ്യാപാരികള്‍ക്കും നാമമാത്ര കര്‍ഷകര്‍ക്കും സ്വയംതൊഴിലാളികള്ക്കുമായുള്ള ദേശീയ പെന്ഷന് പദ്ധതി (എന്‍പിഎസ്-വ്യാപാരികള്‍ – 2019)
എന്‍ഡിഎ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം നടന്ന ആദ്യ യോഗത്തില്‍ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കുമുള്ള പെന്ഷന് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ഈ പദ്ധതി പ്രകാരം റീട്ടെയില്‍ വ്യാപാരികള്‍ / കടയുടമകള്‍, സ്വയംതൊഴിലാളികള്‍,റൈസ്/ ഓയില്‍ മില്‍ / വര്‍ക്ക് ഷോപ്പ് ഉടമകള്‍, കമ്മീഷന് ഏജന്റുമാര്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍, ചെറുകിട ഹോട്ടലുകളുടെ ഉടമകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി, വാര്‍ഷിക വിറ്റുവരവ് 1.5 കോടി രൂപയ്ക്ക് താഴെയുള്ള 3 കോടി ചില്ലറ വ്യാപാരികള്‍ക്കും കടയുടമകള്‍ക്കും പെന്ഷന് ആനുകൂല്യങ്ങള്‍ ലഭിയ്ക്കും. പ്രവേശന പ്രായം 18 മുതല്‍ 40 വരെ നിജപ്പെടുത്തിയിട്ടുള്ളതും, സ്വമേധയാ ഓഹരിനല്കുന്നതുമായ പെന്ഷന് പദ്ധതിയാണിത്, ഇതിന്റെ കീഴില്‍ 60 വയസ്സ് തികഞ്ഞതിന് ശേഷം വരിക്കാര്‍ക്ക് പ്രതിമാസം 3000 രൂപ പ്രതിമാസ പെന്ഷന് ലഭിക്കും, കൂടാതെ വരിക്കാരന് മരിച്ചാല്‍, പെന്‍ഷന്റെ 50 ശതമാനം കുടുംബ പെന്‍ഷനായി ഗുണഭോക്താവിന്റെ പങ്കാളിക്ക് മാത്രം സ്വീകരിക്കാന്‍ അര്‍ഹതയുണ്ട്.
പ്രധാനമന്ത്രി വയ വന്ദന യോജന പെന്ഷന് പദ്ധതി മാര്‍ച്ച് 31 വരെ നീട്ടി.
60 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രമായി മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്ഷന് പദ്ധതിയാണ് പ്രധാന് മന്ത്രി വയ വന്ദന യോജന (പിഎംവിവൈ), 2017 മെയ് 4 മുതല്‍ 2020 മാര്‍ച്ച് 31 വരെ ലഭ്യമായിരുന്ന ഈ പദ്ധതി ഇപ്പോള്‍ 2023 മാര്‍ച്ച് 31 വരെ നീട്ടി.
ആത്മനിഭര്‍ ഭാരത് അഭിയാന്
2020 മെയ് മാസത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ആത്മനിഭര്‍ ഭാരത് അഭിയാന് (സ്വാശ്രയ ഇന്ത്യ പദ്ധതി) നാല് തവണയായി പ്രഖ്യാപിച്ചു. കൊറോണ വൈറസ് പാന്‍ഡെമിക് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ലോക്ക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച 1.70 ലക്ഷം കോടി രൂപയുടെ കിസാന്‍ സമ്മാന്‍ പാക്കേജ് ഉള്‍പ്പടെ 20 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സമഗ്ര സാമ്പത്തിക പാക്കേജിന്റെ മൂല്യം. ഇത് ഇന്ത്യയുടെ ജി.ഡി.പിയുടെ 10 ശതമാനത്തിനു തുല്യമാണ്. സമ്പദ് വ്യവസ്ഥ,അടിസ്ഥാന സൗകര്യവികസനം, 21-ാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യയില്‍ ആര്‍ജ്ജിക്കേണ്ട ക്രമീകരണങ്ങളും സംവിധാനവും,ആവശ്യകത, ഊര്‍ജ്ജസ്വലമായ ജനതതി എന്നീ അഞ്ചു ആധാരശിലകളെ അടിസ്ഥാനനമാക്കിയാണ് ആത്മനിഭര്‍ ഭാരത് അഭിയാന് ആവിഷ്കരിച്ചിട്ടുള്ളത്. ഭൂമി, തൊഴില്‍, ദ്രവ്യത, നിയമങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി, എംഎസ്എംഇ, കുടില്‍ വ്യവസായങ്ങള്‍, മധ്യവര്‍ഗം, കുടിയേറ്റക്കാര്‍, വ്യവസായം തുടങ്ങി നിരവധി മേഖലകളെ ഉത്തേജിപ്പിയ്ക്കുന്ന സമഗ്രമായ പദ്ധതികള്‍ പാക്കേജില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയെ ഒരു സ്വാശ്രയ സമ്പദ്വ്യവസ്ഥയാക്കാനും ഭാവിയില്‍ പ്രതികൂല ഫലങ്ങള്‍ ലഘൂകരിക്കാനും നിരവധി പരിഷ്കാരങ്ങള്‍ ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ജല്‍ ശക്തി മന്ത്രാലയം
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്തെ ജലവിഭവങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംയോജിതമായി പരിഹരിക്കാമെന്ന് ബിജെപിയുടെ സങ്കല്പ് പത്രയില്‍ വാഗ്ദാനം നല്‍കിയിരുന്നു. അതിന് അനുസൃതമായിട്ടാണ് ജലവിഭവ മന്ത്രാലയം, നദി വികസനം, ഗംഗ പുനരുജ്ജീവിപ്പിക്കല്‍, കുടിവെള്ള-ശുചിത്വ മന്ത്രാലയം എന്നിവയെ സമന്വയിപ്പിച്ച് രണ്ടാം മോദി സര്‍ക്കാര്‍ 2019 മെയ് മാസത്തില്‍ ‘ജല്‍ ശക്തി മന്ത്രാലയം’ രൂപീകരിച്ചത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി രാജ്യം നേരിടുന്ന ജലവിഭവ വെല്ലുവിളികളോടുള്ള മോദി സര്‍ക്കാരിന്റെ കരുതലാണ് ഈ മന്ത്രാലയത്തിന്റെ രൂപീകരണം പ്രതിഫലിപ്പിക്കുന്നത്.തുടര്‍ന്ന് 2024 ല്‍ എല്ലാ വീടുകളിലും പൈപ്പ് വെള്ളം ലഭ്യമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ജല്‍ ശക്തി അഭിയാന്റെ കീഴില്‍, 256 ജലക്ഷാമമുള്ള ജില്ലകളിലും 592 ബ്ലോക്കുകളിലുമായി 3.5 ലക്ഷത്തിലധികം ജലസംരക്ഷണ പദ്ധതികള്‍ക്കും നടപടികള്‍ക്കും തുടക്കം കുറിച്ചു. 2024 ഓടെരാജ്യത്തെ ഗ്രാമീണമേഖലകളിലെവീടുകളില് പ്രവര്‍ത്തനക്ഷമമായ 14.60 കോടി ടാപ് കണക്ഷനുകള്‍ ലഭ്യമാക്കാനാണ്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജലജീവന്‍ ദൗത്യത്തിലൂടെലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജലസംരക്ഷണത്തിനും വിനിയോഗത്തിനുമായി 52 ബില്യണ്‍ ഡോളര്‍ നിക്ഷേപം അദ്ദേഹം വാഗ്ദാനം ചെയ്തു.
‘സിംഗിള്‍ യൂസ് പ്ലാസ്റ്റിക് നിരോധനം’ ഘട്ടം ഘട്ടങ്ങളായി നടപ്പാക്കും
ഇന്ത്യ ഓരോ ദിവസവും 33 ദശലക്ഷം പൗണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നു, അതില്‍ 60 ശതമാനവും പുനരുപയോഗം ചെയ്യുന്നു. 2022 ഓടെ ഈ മലിനീകരണ വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വതന്ത്ര ദിനാഹ്വാനം രാജ്യ വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സ്വച്ഛ് ഭാരത് മിഷന്റെ കീഴില്‍ ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിമിതപ്പെടുത്താനും 2022 ഓടെ അതിന്റെ ഉപയോഗം ഇല്ലാതാക്കാനും രണ്ടാം മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 2019 സെപ്റ്റംബറില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലും ഒറ്റ ഉപയോഗ പ്ലാസ്റ്റിക്ക് വിമുക്തഇന്ത്യയെന്ന തന്റെ കാഴ്ചപ്പാടും പ്രതിബദ്ധതയും ലോകത്തിനു മുന്നില്‍ പ്രധാനമന്ത്രി അവതരിപ്പിച്ചു.
70 വര്‍ഷത്തിനുശേഷം ‘ഒരു രാഷ്ട്രം ഒരു ഭരണഘടന’ ഒരു യാഥാര്‍ത്ഥ്യമായിത്തീരുന്നു!
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 370, 35 A,എന്നിവ.1954 മുതല്‍ സംസ്ഥാനം അനുഭവിച്ചു വരുന്ന പ്രത്യേക ചരിത്രപരമായ നീക്കത്തിലൂടെ മോദി സര്‍ക്കാര്‍ 2019 ഓഗസ്റ്റ് 5 ന് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ റദ്ദാക്കി, ജമ്മു കശ്മീര്‍ (പുന സംഘടന) നിയമം 2019 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. ഇതില്‍ ജമ്മു കശ്മീരിന് നിയമസഭ ഉണ്ടാവും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിരിക്കും. ജമ്മു, കശ്മീര്‍, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്നതായിരുന്നു 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ 35എ വകുപ്പ്. അത് അവസാനിക്കുന്നതോടെ സ്ത്രീകള്‍ക്കെതിരായ വിവേചനപരമായ സ്വത്ത് അവകാശ വ്യവസ്ഥകള്‍ റദ്ദാക്കി, തുടര്‍ന്ന് ആഗസ്ത് 25 ന് ജമ്മു കശ്മീര്‍ സെക്രട്ടേറിയറ്റില്‍ നിന്ന് സംസ്ഥാന പതാക നീക്കി ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കാശ്മീര്‍ ജനതയെ ഭാരതത്തോടൊപ്പം മുഖ്യധാരയിലേക്ക് കൊണ്ടുവരിക മാത്രമല്ല, ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അവരെ പ്രാപ്തരാക്കുകയും ചെയ്തു.
ദാദ്ര നഗര്‍ ഹവേലി-ദാമന്‍ ദിയു ബില്‍
ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദ്യൂ എന്നീ രണ്ട് ഇന്ത്യന്‍ കേന്ദ്ര ഭരണപ്രദേശങ്ങളെ സംയോജിപ്പിക്കുന്ന ദാദ്ര നഗര്‍ ഹവേലി-ദാമന്‍ ദിയു ബില്‍ രണ്ടാം മോഡി സര്‍ക്കാര്‍ അവതരിപ്പിച്ചു. 2019 നവംബര്‍ 27 ന് ലോകസഭയും, 2019 ഡിസംബര്‍ 3 ന് രാജസഭയും പാസ്സാക്കിയ ലയന ബില്‍ 2020 ജനുവരി 26 ന് നിലവില്‍ വന്നു. തുടര്‍ന്ന് നികുതി നിയമങ്ങളുടെ ഭേദഗതികള്‍ക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി
സര്‍ദാര്‍ പട്ടേല്ദേശീയഏകതാ പുരസ്ക്കാരം:
രാജ്യത്തിന്റെഐക്യവും, അഖണ്ഡതയുംകാത്ത്സൂക്ഷിക്കുന്നതില് നല്കിയ സംഭാവനകള്‍ക്ക് സര്‍ദാര്‍വല്ലഭഭായ് പട്ടേലിന്റെ നാമധേയത്തില്കേന്ദ്ര ഗവണ്മെന്റ് പരമോന്നത സിവിലിയന്‍ പുരസ്ക്കാരംഏര്പ്പെടുത്തി.
ഒരു രാഷ്ട്രം ; ഒരു റേഷന്‍ കാര്‍ഡ്’
എന്‍ഡിഎ സര്‍ക്കാരിന്റെ ‘വണ്‍ നാഷണല്‍ വണ്‍ റേഷന്‍ കാര്‍ഡ്’ പദ്ധതി 2020 ജൂണ്‍ 1 മുതല്‍ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന് 2020 ജനുവരി 20 ന് പ്രഖ്യാപിച്ചു, രാജ്യത്തെ 60 കോടി ദേശീയ ഭക്ഷ്യസുരക്ഷ (NFSA) ഗുണഭോക്താക്കള്‍ക്ക്, നിലവിലെ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് നിലവില്‍ ഈ പദ്ധതിയുടെ ഭാഗമായ 17 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എവിടെ നിന്നും ബയോമെട്രിക് സംവിധാനം വഴി റേഷന്‍ വാങ്ങാം, കുടിയേറ്റ തൊഴിലാളികള്‍ക്കും ദൈനംദിന വേതന തൊഴിലാളികള്‍ക്കും ഇത് വളരെയധികം പ്രയോജനകരമാണ്.
ദേശീയ പൗരത്വ രജിസ്റ്റര്‍:
1955 ലെ പൗരത്വ നിയമ ഭേദഗതി പ്രകാരം സൃഷ്ടിക്കപ്പെട്ട എല്ലാ ഇന്ത്യന്‍ പൗരന്മാരുടെയും രജിസ്റ്ററാണ് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി). ഇന്ത്യയിലെ നിയമപരമായ എല്ലാ പൗരന്മാരെയും രേഖപ്പെടുത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം, 2019 ലെ ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയ്ക്കെല്ലാം നടപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്‍ആര്‍സി രാജ്യമെമ്പാടും നടപ്പാക്കുമെന്ന് 2019 നവംബര്‍ 19 ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ രാജ്യസഭയില്‍ പ്രഖ്യാപിച്ചു.
ദേശീയ ജനസംഖ്യ രജിസ്റ്റര്‍:
(എന്‍പിആര്‍) ഇന്ത്യയില്‍ താമസിക്കുന്ന എല്ലാ ആളുകളുടെയും പട്ടികയാണ്, അതില്‍ പൗരന്മാരും പൗരന്മാരല്ലാത്തവരും ഉള്‍പ്പെടുന്നു. ഈ നിര്‍വചനം അന്നത്തെ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു രാജ്യസഭയിലെ പ്രതികരണമായി പ്രസ്താവിച്ചു, ഇത് 2014 നവംബര്‍ 26 ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എല്ലാ സാധാരണ താമസക്കാരുടെയും പൗരത്വ നില പരിശോധിച്ചുകൊണ്ട് ഇന്ത്യന്‍ രജിസ്ട്രേഷന് ഓഫ് ഇന്ത്യന്‍ സിറ്റിസണ്‍സ് (എന്‍ആര്‍സി) സൃഷ്ടിക്കുന്നതിനുള്ള ആദ്യപടിയാണ് എന്‍പിആര്‍ എന്ന് അതില്‍ പ്രസ്താവിച്ചു. എന്‍ആര്‍പി അപ്ഡേറ്റ് ചെയ്യുന്നതിന് 2019 ഡിസംബര്‍ 24 ന് കേന്ദ്ര മന്ത്രിസഭ 3,941 കോടി ഡോളര്‍ (550 മില്യണ്‍ യുഎസ് ഡോളര്‍) അംഗീകരിച്ചു, ഇത് എന്‍ആര്‍സി നടപ്പിലാക്കുന്നതിനുള്ള ആദ്യ ഘട്ടങ്ങളിലൊന്നാണ്. എന്‍പിആര്‍ 2020 ഏപ്രിലില്‍ ഇന്ത്യയിലുടനീളം നടക്കും (അസം ഒഴികെ)
പൗരത്വ ഭേദഗതി ആക്റ്റ്,-
പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നീ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള അവിടങ്ങളിലെ മതന്യൂനപക്ഷങ്ങളായ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടുന്നത് എളുപ്പമാക്കുന്നതിന് 1955 ലെ ഇന്ത്യന്‍ പൗരത്വനിയമം ഭേദഗതി ചെയ്യുന്ന ഇന്ത്യന്‍ പാര്ലമെന്റ്റിന്റെ ഒരു നിയമമാണ് കേന്ദ്ര മന്ത്രിസഭ 2019 ഡിസംബര്‍ 4 ന് അംഗീകരിച്ചു. പൗരത്വ (ഭേദഗതി) ബില്‍ ഇത് 2019 ഡിസംബര്‍ 10 ന് ലോക്സഭയും പിന്നീട് 2019 ഡിസംബര്‍ 11 ന് രാജ്യസഭയിലും പാസാക്കി. 2019 ഡിസംബര്‍ 12 ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും. ഈ നിയമം 2020 ജനുവരി 10 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ലീംഗ സമത്വവും ലിംഗ നീതിയും; മുത്തലാഖ്:
ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2017ലാണ്, മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും, ലിംഗ സമത്വവും, അന്തസ്സും പരിഗണിച്ച് മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിരോധിക്കുന്നത്. അതെ തുടര്‍ന്ന് ലിംഗസമത്വം കാത്തുസൂക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ തുല്യതയ്ക്കുള്ള അവകാശം വാഗ്ദാനം ചെയ്യുന്ന ഏകപക്ഷീയമായ വിവാഹമോചനം നിയമവിരുദ്ധമാണെന്നു കണ്ട് ‘മുസ്ലീം സ്ത്രീകള്‍; വിവാഹ അവകാശ സംരക്ഷണ ബില്‍, 2019 ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിയ്ക്കുകയും നിയമം മൂലം രാജ്യത്ത് നിരോധിക്കുകയും ചെയ്തു.
സംയുക്ത സൈനിക മേധാവി:
ഏകീകൃതമായ ഒരു ഭരണ സംവിധാനം രാജനൈതീകതയുടെ എല്ലാ തലങ്ങളിലും സ്പര്‍ശിക്കുന്ന സവിശേഷമായ നടപടിയാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയ്ക്കൊരു സംയുക്ത സൈനിക മേധാവി അഥവാ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ഉണ്ടാവുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതിയിലാണ് ബിപിന്‍ റാവത്തിനെ സംയുക്ത സേനയുടെ മേധാവിയായി തീരുമാനിച്ചത്.
ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍,
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കെതിരെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്റ്റ് 1956 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയും 2019 ജൂലൈ മാസത്തില്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍,2019അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്ത് മതിയായതും ഉയര്‍ന്ന നിലവാരമുള്ളതുമായ മെഡിക്കല്‍ പ്രൊഫഷണലുകളുടെ ലഭ്യത, അതിന്യൂതന മെഡിക്കല്‍ ഗവേഷണങ്ങളുടെ സ്വീകാര്യതയും ആനുകാലിക വിലയിരുത്തയിലും, മെഡിക്കല്‍ എത്തിക്സ് ആന്‍ഡ് രജിസ്ട്രേഷന് ബോര്‍ഡ്,ഫലപ്രദമായ പരാതി പരിഹാര സംവിധാനങ്ങള്‍ എന്നിവ ലക്ഷ്യമാക്കി ദേശീയ മെഡിക്കല്‍ കമ്മീഷനും (എന്‍എംസി), മെഡിക്കല്‍ ഉപദേശക സമിതിയും, സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകളും,മേല്‍നോട്ടത്തിനായി സ്വയംഭരണ ബോര്‍ഡുകളും കമ്മ്യൂണിറ്റി ആരോഗ്യ ദാതാക്കളെയും ബില്ലിലൂടെ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ രാജ്യത്തെ എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളിലെയും ബിരുദ – ബിരുദാനന്തര സ്പെഷ്യാലിറ്റി മെഡിക്കല്‍ വിദ്യാഭ്യാസപ്രവേശനത്തിനായി ഒരു ഏകീകൃത ദേശീയ യോഗ്യത പ്രവേശന പരീക്ഷയും (National Eligibility-cum-Entrance Test) മെഡിക്കല്‍ പ്രാക്ടീസിനുള്ള ലൈസന്‍സ് നേടുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ എക്സിറ്റ് ടെസ്റ്റും (National Exit Test) ബില്‍ പ്രാവര്‍ത്തികമാക്കി.
ചരിത്രപരമായ കോര്‍പ്പറേറ്റ് നികുതി : നികുതി നിയമ (ഭേദഗതി) ബില്‍
5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയുടെ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹിപ്പിയ്ക്കുന്നതിനും ഇന്ത്യയെ ഒരു ആഗോള നിക്ഷേപക സൗഹാര്‍ദ്ദ രാജ്യമാക്കുന്നതിനുമായി 2019 സെപ്റ്റംബര്‍ 20 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് ലോക ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറവ് പ്രഖ്യാപിച്ചു. ഇളവുകളോ ആനുകൂല്യങ്ങളോ ലഭിക്കാത്ത എല്ലാ കമ്പനികള്‍ക്കും, പുതിയ കോര്‍പ്പറേറ്റ് നികുതി നിരക്ക് 22% ആയി നിശ്ചയിച്ചിട്ടുണ്ട്, 2019 ഒക്ടോബര്‍ 1 ന് ശേഷം സ്ഥാപിതമായ പുതിയ നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് കോര്‍പ്പറേറ്റ് നികുതി നിരക്ക് 15% ആയി നിജപ്പെടുത്തി.
തൊഴില്‍സുരക്ഷ, ആരോഗ്യവും തൊഴില്‍ അവസ്ഥയും നിയമരൂപീകരണത്തിനുള്ള ബില്‍
‘തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍’ എന്നിവ സംബന്ധിച്ച രണ്ടാമത്തെ ദേശീയ കമ്മീഷന്റെ റിപ്പോര്‍ട്ടിന് അനുസൃതമായി, തൊഴില്‍സുരക്ഷ, ആരോഗ്യവും തൊഴില്‍ അവസ്ഥയും നിയമരൂപീകരണത്തിനുള്ള ബില്‍, 2019 ‘(‘കോഡ്’) ലോക്സഭയില്‍ 2019 ജൂലൈ 23 അവതരിപ്പിച്ചു, ആരോഗ്യ സുരക്ഷയും ജോലി സാഹചര്യങ്ങളും നിയന്ത്രിക്കുന്ന 13 കേന്ദ്ര തൊഴില്‍ നിയമങ്ങളുടെ വ്യവസ്ഥകള്‍ കോഡ് ലളിതമാക്കുകയും ഏകീകരിക്കുകയും ചെയ്യുന്നു.
പ്രത്യേക സാമ്പത്തിക മേഖലാ (ഭേദഗതി) ബില്‍
പ്രത്യേക സാമ്പത്തിക മേഖലയില്‍ (സെസ്) യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ട്രസ്റ്റുകളെയോ ഏതെങ്കിലും സ്ഥാപനത്തെയോ അനുവദിച്ചുകൊണ്ട് ജൂലൈ മാസം പാര്ലമെന്റ്റ് പാസാക്കിയ പ്രത്യേക സാമ്പത്തിക മേഖല (ഭേദഗതി) ബില്‍ 2019 – നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും വിശാലമായ ശ്രേണിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു. 8,000 കോടി രൂപയുടെ മൊത്തം നിക്ഷേപ സാധ്യത നിര്‍ദ്ദേശിച്ച് പ്രശസ്ത കമ്പനികളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നും എട്ട് അപേക്ഷകള്‍ ഇതിനകം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് ബില്‍ അവതരണ – ചര്‍ച്ചാവേളയില്‍ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. 2019 മാര്‍ച്ച് അവസാനത്തോടെ സെസ് 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും 5 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നതായും 7 ലക്ഷം കോടി രൂപയുടെ കയറ്റുമതി ഉണ്ടായെന്നും ഗോയല്‍ സഭയെ അറിയിച്ചു.
കര്‍ത്താര്‍പൂര്‍സാഹിബ് ഇടനാഴി ഉത്ഘാടനം:
ഇന്ത്യ പാക് രാജ്യാന്തര അതിര്‍ത്തിയില്‍ 4.7 കിലോമീറ്റര്‍ അകലെ രവി നദിക്കരയില്‍ ഉള്ള കര്ത്താപ്പൂരിലാണ് സിഖ് സ്ഥാപകന്‍ 18 വര്‍ഷത്തോളം ജീവിച്ചത്, ഗുരുനാനാക് സമാധിയായി സ്ഥലത്താണ് കര്‍ത്താപൂര്‍ ഗുരുദ്വാര. 2019 ഒക്ടോബര്‍ 24ന് പാക്കിസ്ഥാനുമായി ഇന്ത്യ കര്‍ത്താര്‍പൂര്‍ സാഹിബ് ഇടനാഴി കരാര്‍ ഒപ്പുവെച്ചു. ഇതു പ്രകാരം ഇന്ത്യയില്‍നിന്നുള്ള എല്ലാ മതങ്ങളിലുംപെട്ട തീര്‍ത്ഥാടകര്‍ക്ക് കര്‍ത്താര്‍പൂര്‍ഇടനാഴിയിലൂടെകര്‍ത്താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയിലേയ്ക്ക്വിസയില്ലാതെയാത്ര ചെയ്യാം. ശ്രീ. ഗുരുനാനാക് ദേവ്ജിയുടെ ജന്മവാര്ഷികത്തിനു മുന്നോടിയായി 2019 നവംബര്‍ 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് 500 ഓളം ഇന്ത്യന്‍ തീര്‍ഥാടകരുടെ ആദ്യ ബാച്ച് ഫ്ലാഗ് ഓഫ് ചെയ്തു.
ബോഡോ സമാധാന ഉടമ്പടി
ചരിത്രപരമായ ബോഡോ സമാധാന ഉടമ്പടിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചു, അസമിലെ സംരക്ഷിത ബോഡോ കലാപം അവസാനിപ്പിക്കുന്നതിനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം ഉറപ്പാക്കുന്നതിനും അസം ജനതയ്ക്ക് രാഷ്ട്രീയവും സാമ്പത്തികവുമായ എല്ലാ ഭരണഘടനാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അസമിലെ വിമത ഗ്രൂപ്പുകളിലൊന്നായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോറോലാന്ഡുമായും ഓള് ബോഡോ സ്റ്റുഡന്‍സ് യൂണിയനുമായും രണ്ടാം മോദി സര്‍ക്കാര്‍ 2020 ജനുവരി 27 ന് ബോഡോ സമാധാന ഉടമ്പടി ഒപ്പുവക്കുകയും വിമത വിഭാഗങ്ങളിലെ1550 കേഡര്‍മാരും 130 ആയുധങ്ങളുമായി ജനുവരി 30 ന് കീഴടങ്ങുകയും ചെയ്തു. അസമിനെ സുവര്‍ണ്ണ ഭാവിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശേഷിപ്പിച്ച ഉടമ്പടിയെ തുടര്‍ന്ന് ബോഡോ പ്രദേശങ്ങള്‍ക്കായി 1500 കോടി രൂപയുടെ പാക്കേജും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
ത്രിപുരയിലെ ബ്രൂ-റീംഗ് അഭയാര്‍ഥികളെ ശാശ്വതമായി പാര്‍പ്പിക്കാനുള്ള കരാര്‍
23 വര്‍ഷം പഴക്കമുള്ള ബ്രൂ-റീംഗ് അഭയാര്‍ഥി പ്രതിസന്ധി അവസാനിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍, മിസോറാമിലെ രണ്ടാമത്തെ വലിയ വംശീയ വിഭാഗമാണ് റീങ്സ് അല്ലെങ്കില്‍ ബ്രസ്.1997 ലെ വംശീയ സംഘര്‍ഷത്തെ തുടര്‍ന്ന് മിസോറാമില്‍ നിന്ന് പലായനം ചെയ്ത് നിലവില്‍ ത്രിപുരയിലെ ആറ് ക്യാമ്പുകളിലായി താമസിക്കുന്ന 34,000 ബ്രൂ അഭയാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുനരധിവാസ കരാര്‍ പ്രയോജനപ്പെടും. 2020 ജനുവരി 16 ന് ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ത്രിപുര, മിസോറാം സംസ്ഥാന സര്‍ക്കാരുകള്‍, ബ്രൂ-റിയാങ് പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് കരാര്‍ ഒപ്പുവച്ചു. ത്രിപുരയിലെ ബ്രൂ അഭയാര്‍ഥികളെ സ്ഥിരമായി പാര്‍പ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനായി 600 കോടി രൂപയുടെ പുനരധിവാസ പാക്കേജും കേന്ദ്രം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി മല്‍സ്യ സമ്പാദ യോജന
രാജ്യത്തെ മല്‍സ്യമേഖലയില്‍ സുസ്ഥിരവും ഉത്തരവാദിത്തപൂര്ണവുമായ വികസനത്തിലൂടെ നീലവിപ്ലവം കൊണ്ടുവരാനുദ്ദേശിച്ചുള്ള ‘പ്രധാനമന്ത്രി മല്‍സ്യ സമ്പാദ യോജന’യ്ക്ക് (പിഎംഎംഎസൈ്വ) 2020 മെയ് മാസത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. കേന്ദ്രപദ്ധതിയും കേന്ദ്രം സ്പോണ്സര് ചെയ്യുന്ന പദ്ധതിയുമായി 20,050 കോടിയാണ് ഇതിന് ആകെ കണക്കാക്കുന്ന നിക്ഷേപം. കേന്ദ്ര വിഹിതം 9,407 കോടി രൂപ, സംസ്ഥാന വിഹിതം 4,880 കോടിരൂപ ഗുണഭോക്തൃ വിഹിതം 5,763 കോടിരൂപ എന്നതാണ് അനുപാതം.2020-21 സാമ്പത്തിക വര്‍ഷം മുതല്‍ 2024-25 സാമ്പത്തിക വര്‍ഷം വരെ അഞ്ചു വര്‍ഷമാണ് പദ്ധതിയുടെ കാലാവധി.
പ്രയോജനങ്ങള്‍:
• സുസ്ഥിരവും ഉത്തരവാദപൂര്‍ണവുമായ മല്‍സ്യബന്ധന പ്രവര്‍ത്തനങ്ങളിലൂടെ 2024-25 ഓടെ 22 ദശലക്ഷം മെട്രിക് ടണ്‍ ഉല്‍പ്പാദനം എന്ന ലക്ഷ്യം നേടുക, അതായത് ശരാശരി 9% വാര്‍ഷിക വളര്‍ച്ച നിലനില്‍ക്കുന്ന വിധം ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുക.
• ആധുനികവല്‍ക്കരണവും മൂല്യ ശൃംഖല ശക്തിപ്പെടുത്തലും ഉള്‍പ്പെടെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക.
5. മല്‍സ്യബന്ധന, അനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമ, നഗര മേഖലകളിലെ 15 ലക്ഷത്തോളം മല്‍സ്യത്തൊഴിലാളികള്‍, മല്‍സ്യ കര്‍ഷകര്‍, മല്‍സ്യബന്ധന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് നേരിട്ടു തൊഴില്‍ ലഭ്യമാക്കുക.
• മല്‍സ്യബന്ധന മേഖലയിലെ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുകയും മല്‍സ്യ ഉല്‍പ്പാദനത്തിലെ മല്‍സരക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുക.
7. മല്‍സ്യബന്ധനം, മല്‍സ്യകൃഷി തുടങ്ങി മല്‍സ്യമേഖലയിലെ പ്രവര്‍ത്തനങ്ങളിലെ വരുമാനം 2024ഓടെ ഇരട്ടിയാക്കുക.
ഫിറ്റ് ഇന്ത്യ, ആരോഗ്യമുള്ള ഇന്ത്യ
ദൈനംദിന ജീവിതത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങളും കായിക ഇനങ്ങളും ഉള്‍പ്പെടുത്തി ആരോഗ്യത്തോടെ ജീവിക്കാന്‍ ഭാരതീയരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു രാജ്യവ്യാപക പ്രസ്ഥാനമാണ് ഫിറ്റ് ഇന്ത്യ പ്രസ്ഥാനം. 2019 ഓഗസ്റ്റ് 29 ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്, കായിക സംസ്കാരം വളര്‍ത്തിയെടുക്കാനും ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാകാതിരിക്കാനും ആരംഭിച്ച ഫിറ്റ് ഇന്ത്യ പ്രസ്ഥാനം ആരോഗ്യകരമായ ഫിറ്റ് ഇന്ത്യയ്ക്ക് മാത്രമേ ശോഭനമായ ഭാവി സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ളൂ എന്ന ആശയത്തെ അടിസ്ഥാനമാക്കി കായിക വിനോദങ്ങള്‍ ഏറ്റെടുക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിന്റെ ഭാഗമായി ബോഡി ഫിറ്റ്നെസ്സ് സ്പോര്‍ട്സ് ജനപ്രിയമാക്കുന്നതിന് ഖെലോ ഇന്ത്യപദ്ധതിയില് ദേശീയ കായിക വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കാനും സര്‍ക്കാര്‍ നടപടിയായി.
പ്രധാന് മന്ത്രി ഇന്നൊവേറ്റീവ് ലേണിംഗ് പ്രോഗ്രാം: ധ്രുവ്(DHRUV) പദ്ധതി
പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും താല്പര്യമുള്ള മേഖലയില്‍ അവര്‍ക്ക് മികവ് പ്രകടിപ്പിക്കാനാവശ്യമായ സഹായവും മാര്‍ഗനിര്‍ദ്ദേശവും നല്കുന്നതിനുമുള്ള മാനവ വിഭവശേഷി വികസന മന്ത്രാലയം ആരംഭിച്ച പ്രോഗ്രാമാണ് പ്രധാനമന്ത്രി ഇന്നൊവേറ്റീവ് ലേണിംഗ് പ്രോഗ്രാം- ‘ധ്രുവ്’ ഈ പദ്ധതിയിലൂടെ രാജ്യത്തുടനീളമുള്ള മികവിന്റെ കേന്ദ്രങ്ങളില്‍, പ്രതിഭാധനരായ കുട്ടികളെ വിവിധ മേഖലകളിലെ വിദഗ്ധര്‍ ഉപദേശിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യും, അതുവഴി അവര്‍ക്ക് അവരുടെ മുഴുവന്‍ കഴിവിലും എത്തിച്ചേരാനാകും. 2019 ഒക്ടോബറില്‍ തുടക്കം കുറിച്ച പദ്ധതിയുടെ ആദ്യ ബാച്ചിന്റെ ഔദ്യോഗിക ഉത്ഘാടനം ബാംഗ്ലൂര്‍ ഐ.എസ്.ആര്.ഒ ആസ്ഥാനത്ത് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാല്‍ നിര്‍വഹിച്ചു.
ദേശീയ അന്വേഷണ ഏജന്‍സി (ഭേദഗതി) ബില്ലും നിയമവിരുദ്ധ പ്രവര്‍ത്തന (പ്രതിരോധം) ഭേദഗതി ബില്ലും
ദേശീയ അന്വേഷണ ഏജന്‍സിയുടെ അധികാരങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2019 ജൂലായില്‍ ദേശീയ അന്വേഷണ ഏജന്‍സി (ഭേദഗതി) ബില്‍ 2019 രണ്ടാം മോഡി സര്‍ക്കാര്‍ പാസാക്കി. പുതിയ ഭേദഗതി അനുസരിച്ച് മനുഷ്യക്കടത്ത്, വ്യാജ കറന്‍സി, നിരോധിത ആയുധങ്ങളുടെ നിര്‍മ്മാണവും വില്‍പ്പനയും, സൈബര്‍-ഭീകരത തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനും വിചാരണകള്‍ക്ക് പ്രത്യേക സെഷന് കോടതികളെ നിയോഗിക്കാനും എന്‍ഐഎയെ പ്രാപ്തമാക്കും. കൂടാതെ ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഷെഡ്യൂള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനും എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്നും ബില്‍ പറയുന്നു.
2019 ജൂലൈ 24 ന് ലോക്സഭയിലും ഓഗസ്റ്റ് 2 ന് രാജ്യസഭയിലും രണ്ടാം മോദി സര്‍ക്കാര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ഭേദഗതി ബില്‍ 2019 പാസാക്കി. ഈ ഭേദഗതിപ്രകാരം, നിരോധിത തീവ്രവാദ സംഘടനകളിലും പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയോ അതില്‍ പങ്കാളികളാകുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്താല്‍ വ്യക്തികളെയും തീവ്രവാദികളായി പ്രഖ്യാപിയ്ക്കാന്‍ ബില്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നു.
ആയുധ ഭേദഗതി ബില്‍:
2019 ഡിസംബര്‍ 9 ന് ലോക്സഭയില്‍ പാസാക്കിയ 2019 -ലെആയുധങ്ങള് (ഭേദഗതി) ബില്ലിനുള്ള ഔദ്യോഗിക ഭേദഗതികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്കി.ആയുധങ്ങളുടെയും, വെടിക്കോപ്പുകളുടെയും അനധികൃത നിര്‍മ്മാണവും, വ്യാപാരവും തടയുക, ലൈസന്‍സിംഗ് വ്യവസ്ഥകള്‍ ക്രമപ്പെടുത്തുക, ഇന്നത്തെ കാലഘട്ടത്തിനനുസൃതമായസുരക്ഷ ആവശ്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുകമുതലായവയാണ് ഇതിന്റെ ലക്ഷ്യം. അതേസമയം, നിയമാനുസൃത ലൈസന്‍സ് കൈവശം വയ്ക്കുന്നവര്‍ക്ക് അതിന്റെ കാലാവധി ദീര്‍ഘിപ്പിക്കാനും വ്യവസ്ഥയുണ്ട്.
അത്യാധുനിക റാഫേല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്തിന് സ്വന്തം:
ഫ്രാന്‍സ്, ഈജിപ്ത്, ഖത്തര്‍ എന്നിവയ്ക്ക് ശേഷം റാഫേല്‍ പറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ, ഇന്ത്യന്‍ വ്യോമസേനയ്ക്ക് (വ്യോമസേന) വേണ്ടി നിര്‍മ്മിച്ച ആദ്യത്തെ റാഫേല്‍ യുദ്ധവിമാനം 2019 ഒക്ടോബര്‍ 8 ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് ഔദ്യോഗികമായി ഏറ്റുവാങ്ങി. വ്യോമസേനയുടെ പോരാട്ട ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2016 സെപ്റ്റംബറിലാണ് 36 റാഫേല്‍ ജെറ്റുകള്‍ സ്വന്തമാക്കാനുള്ള മള്‍ട്ടിബില്യണ്‍ കരാറില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവച്ചത്. വിജയദശമിയോടനുബന്ധിച്ച് തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സ് സമീപം ബാര്‍ഡോ ഡസ്സാള്ട്ടിന്റ്റെ ഏവിയേഷന്‍ പ്ലാന്റ്റില് നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്തു.
പോക്സോ (ഭേദഗതി) ബില്‍ : കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ
കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കിക്കൊണ്ട് പോക്സോ നിയമം ശക്തിപ്പെടുത്തുന്നതിനുള്ള ഭേദഗതികള്‍ക്ക് 2019 ജൂലൈ 10 ന് മോദി സര്‍ക്കാര്‍ അംഗീകാരം നല്കി. രാജ്യത്ത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമത്തില്‍ വരുത്തിയ മാറ്റം ശക്തമായ ശിക്ഷാ വ്യവസ്ഥകളുടെ ആവശ്യകത നിറവേറ്റുമെന്നും താരതമ്യേന പുതിയ തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ ഭീഷണിയെ ചെറുക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ദുരിത സമയങ്ങളില്‍ ദുര്‍ബലരായ കുട്ടികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും അവരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാനും ഈ ഭേദഗതി ലക്ഷ്യം വയ്ക്കുന്നു. കൂടാതെ 2012 പോക്സോ ആക്റ്റ് 2012 ഭേദഗതികള്‍ വരുത്തിയ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ കുട്ടികള്‍ക്കെതിരായുള്ള അശ്ലീലത തടയുന്നതിന് പിഴയും തടവും അനുശാസിക്കുന്നു. തുടര്‍ന്ന് 1,023 ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുകയും രാജ്യത്തുടനീളമുള്ള സ്കൂളുകളില്‍ ബോധവല്‍ക്കരണത്തിനായി 40,000 അധ്യാപകരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഡാന്‍സ് റിയാലിറ്റിഷോകളിലും മറ്റ് ജനപ്രിയടെലിവിഷന് പരിപാടികളിലുംകുട്ടികളെനിന്ദ്യവും അനുചിതവുമായരീതിയില് പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കാന്‍ എല്ലാസ്വകാര്യഉപഗ്രഹ ടെലിവിഷന്‍ ചാനലുകളോടുംകേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയംആവശ്യപ്പെട്ടു.
ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍സ് (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ്) ആക്റ്റ്,
ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങള്‍, അവരുടെ ക്ഷേമം, മറ്റ് അനുബന്ധ കാര്യങ്ങള്‍ എന്നിവ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള 2019 നവംബര്‍ 26 ന് രണ്ടാം മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമമാണ് ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍സ് (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ്) ആക്റ്റ് 2019. ഒരു മനുഷ്യ സമൂഹത്തെ അപമാനത്തില്‍നിന്നു കരകയറ്റുന്നതിനും പാര്ശ്വവല്കരിക്കപ്പെട്ട ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരായ വിവേചനവും അക്രമങ്ങളും അവസാനിപ്പിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു അവരെ കൈപിടിച്ച് ഉയര്‍ത്തി കൊണ്ടുവരുന്നതിനും വിഭാവനം ചെയ്യുന്ന ബില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കു അവരുടെ വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, ജീവിത നിലവാരം തുടങ്ങിയ വിവിധ മേഖലകളില്‍ പ്രാതിനിത്യം ഉറപ്പുവരുത്തുന്നതില്‍ ഗുണകരമാകും. ഇതിലൂടെ സമൂഹം അവരെ ഉള്‍ക്കൊള്ളുന്ന സാഹചര്യം സൃഷ്ടിക്കുകയും സമൂഹത്തിലെ ക്രിയാത്മക അംഗങ്ങളാക്കി മാറുകയും ചെയ്യുന്നു
മധ്യവര്‍ഗത്തിന് ഭവന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് 25,000 കോടി രൂപയുടെ പ്രത്യേക ഫണ്ട്:
പ്രധാന ദൈനംദിന മേഖലയെ പുനരുജ്ജീവിപ്പിക്കുക, സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുക, വീട് വാങ്ങുന്നവര്‍ക്ക് ആശ്വാസം നല്‍കുക എന്നിവ ലക്ഷ്യമിട്ട് മുടങ്ങി കിടക്കുന്ന ഭവന പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിന് 25,000 കോടി രൂപയുടെ പ്രത്യേക സഹായത്തിന് രണ്ടാം മോദി സര്‍ക്കാര്‍ അംഗീകാരം നല്കി. താങ്ങാനാവുന്നതും ഇടത്തരവുമായ ഭവന പദ്ധതികള്‍ക്കായി പ്രത്യേക ജാലകം സൃഷ്ടിക്കുന്നത്, റിയല്‍ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കുകയും ഗണ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. 458,000 പാര്‍പ്പിട യൂണിറ്റുകളുള്ള 1,600 പ്രോജക്ടുകള്‍ വിതരണത്തിന്റെ പരിധിയില്‍ വരുമെന്നും പദ്ധതികളെ നിഷ്ക്രിയ ആസ്തികളായി തരംതിരിച്ചിട്ടുണ്ടെങ്കിലും വീട് വാങ്ങുന്നവര്‍ക്ക് ഈ നടപടിയിലൂടെ പ്രയോജനം ലഭിക്കുമെന്നും കേന്ദ്ര സാമ്പത്തിക വകുപ്പ് മന്ത്രി ശ്രീമതി നിര്‍മല സീതാരാമന് പറഞ്ഞു.
അനധികൃത കോളനികളില്‍ താമസിക്കുന്ന 40 ലക്ഷം പേര്‍ക്ക് ഉടമസ്ഥാവകാശം
രാജ്യ തലസ്ഥാനത്തെ 1,797 അനധികൃത കോളനികളിലെ നിവാസികള്‍ക്ക് ഉടമസ്ഥാവകാശം അവകാശം കൈമാറുന്നതിനും അല്ലെങ്കില്‍ പണയംവയ്ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള ചട്ടങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. 175 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള അനധികൃത കോളനികളിലെ 40ലക്ഷത്തിലധികം പേര്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും, തുടര്‍ന്ന് ഈ കോളനികളില്‍ പുനര്‍വികസനം നടക്കുകയും അതിന്റെ ഫലമായി ശുദ്ധവും സുരക്ഷിതവും ആരോഗ്യകരവുമായ ജീവിത അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു, സ്വത്തവകാശ രേഖകള്‍ സാധ്യമാകുന്നതോടെ ഉടമകള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാകുകയും അതുവഴി ഈ കോളനികളിലെ ജീവിത സാഹചര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യും.
‘ആധാറും മറ്റു നിയമങ്ങളും (ഭേദഗതി) ബില്‍
ആധാറിനെ ജനസൗഹൃദപരം ആക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കത്തിന്റെ ഭാഗമായി, ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനും മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനുമുള്ള ഐഡന്റിറ്റിയുടെ തെളിവായി ആധാര്‍ സ്വമേധയാ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ബില്‍ ലോക്സഭ 2019 ജൂലൈ 4 ന് പാസാക്കി. ഈ ഭേദഗതിയിലുടെ പാര്ലമെന്റ്റില് നിര്‍മിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു വ്യക്തിയുടെ തെളിവിനായി ആധാര്‍ നമ്പര്‍ കൈവശം വയ്ക്കണമെന്നു നിര്‍ബന്ധിക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ തിരിച്ചറിയല്‍ വ്യക്തമാക്കുന്നതിന് പ്രാമാണീകരണമായി ആധാര്‍ നിര്‍ബന്ധിക്കാനോ കഴിയില്ല. ജന സൗഹൃദപരവും പൗരകേന്ദ്രീകൃതവുമായ ആധാറിനെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോകാന്‍ ഈ തീരുമാനത്തിന് കഴിയുമൊണ് കരുതുന്നത്. ആധാര്‍ നിയമവും ബന്ധപ്പെട്ട വ്യവസ്ഥകളും ലംഘിച്ചാല്‍ ഒരു കോടി രൂപ ജയില്‍ ശിക്ഷയും ബില്‍ വ്യവസ്ഥ ചെയ്യുന്നു .
ചിറ്റ് ഫണ്ട് (ഭേദഗതി) ബില്‍,
ചിറ്റ് ഫണ്ടുകളുമായി ബന്ധപ്പെട്ട നിരവധി അഴിമതികള്‍, നിലവിലുള്ള നിയമങ്ങളില്‍ പഴുതുകള്‍ ഉപയോഗിച്ച്, പതിറ്റാണ്ടുകളായി ചെറുകിട നിക്ഷേപകരെയും കുടുംബങ്ങളെയും ബാധിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തിലെ സാമ്പത്തികമായി ദുര്‍ബലരായ നിക്ഷേപകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് 2019 നവംബറിലാണ് രണ്ടാം മോദി സര്‍ക്കാര്‍ ചിറ്റ് ഫണ്ട് (ഭേദഗതി) ബില്‍ 2019 പാസാക്കിയത്. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും സാന്നിധ്യമില്ലാത്ത നഗരങ്ങളിലും പ്രദേശങ്ങളിലുമുള്ള നിക്ഷേപകരെ വ്യക്തിഗത -സ്ഥാപന തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കുകയാണ് 1982 ചിറ്റ് ഫണ്ട് ആക്റ്റ് ഭേദഗതി ചെയ്തതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് വ്യക്തികള്‍ നിയന്ത്രിക്കുന്ന അല്ലെങ്കില്‍ നാല് പങ്കാളികളില്‍ താഴെയുള്ളവരുടെ ചിറ്റ് ഫണ്ടിലെ നിക്ഷേപക പരിധി ഒരു ലക്ഷത്തില്‍ നിന്ന് 3 ലക്ഷം രൂപയായും നാലോ അതിലധികമോ പങ്കാളികളുള്ള സ്ഥാപനങ്ങള്‍ക്ക് 6 ലക്ഷം രൂപയില്‍ നിന്ന് 18 ലക്ഷം രൂപയായും വര്‍ദ്ധിപ്പിയ്ക്കാന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു. ചിറ്റ് കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തമുള്ള ഫോര്‍മാന്റെ പരമാവധി കമ്മീഷന് അഞ്ച് ശതമാനത്തില്‍ നിന്ന് 7 ശതമാനമായും ഉയര്‍ത്തുകയും ചിറ്റ് ഫണ്ടുകള്‍ ദുരുപയോഗപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്താനും ബില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അനധികൃത നിക്ഷേപ പദ്ധതികളുടെ നിയന്ത്രണ നിയമം
ധനകാര്യമന്ത്രി നിര്‍മല സീതാരാമന് 2019 ജൂലൈ 19 ന് ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലാണ് അനധികൃത നിക്ഷേപ പദ്ധതികളുടെ നിയന്ത്രണം. അനിയന്ത്രിതമായ നിക്ഷേപ പദ്ധതികള്‍ നിരോധിക്കുന്നതിനും നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള സംവിധാനം ബില്‍ മുന്നോട്ട് വയ്ക്കുന്നു. ഇതിലൂടെ അനധികൃത നിക്ഷേപ പദ്ധതികള്‍ ബില്‍ നിരോധിക്കുകയും പരാതികള്‍ പരിശോധിക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും സിവില്‍ കോടതിയ്ക്ക് സമാനമായി ഒരു അതോറിറ്റി നിയമിക്കാനും വ്യവസ്ഥയുണ്ട്.
അന്തര്‍സംസ്ഥാന നദിജല തര്‍ക്ക (ഭേദഗതി)ബില്‍
അന്തര്‍സംസ്ഥാന നദീജലം- നദീതടം എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ വിധിനിര്‍ണ്ണയത്തിനായി അന്തര്‍ സംസ്ഥാന നദീ ജല തര്‍ക്ക (ഭേദഗതി) ബില്‍ 2019 ജൂലൈയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. ഇതിലൂടെ അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളിലെ വിധിനിര്‍ണ്ണയം കൂടുതല്‍ കാര്യക്ഷമമാക്കുകയും കൂടുതല്‍ വേഗത്തില്‍ പരിഹരിക്കാനും കഴിയുക വഴി ജലാശക്തി മന്ത്രലായതിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് കൂടുതല്‍ വേഗം പകരും. നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലുമൊരു സംസ്ഥാന സര്‍ക്കാരില്‍ നിന്നും ജലതര്‍ക്കവുമായി ബന്ധപ്പെട്ട അഭ്യര്‍ഥന ലഭിക്കുകയും ഒത്തുതീര്‍പ്പിലൂടെ അവ പരിഹരിക്കാന്‍ കഴിയില്ലെന്ന അഭിപ്രായം ഉണ്ടാകുകയും ചെയ്താല്‍, ജലതര്‍ക്കത്തിന് അന്തിമവിധി കല്‍പ്പിക്കാനായി കേന്ദ്ര ഗവണ്മെന്റ്റിന് ജലതര്‍ക്ക ട്രിബ്യൂണല്‍ രൂപീകരിക്കാം എന്നാണ് വ്യവസ്ഥ, 1956ലെ അന്തര്‍ സംസ്ഥാന നദീജല നിയമം ഭേദഗതിചെയ്യുന്നതാണ് ബില്‍.
മോട്ടോര്‍ വെഹിക്കിള്‍സ് (ഭേദഗതി) നിയമം
ലോകാരോഗ്യ സംഘടനയുടെ 2018 ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നത്.റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ 2017ലെ റിപ്പോര്‍ട്ട് പ്രകാരം ; ഇന്ത്യയില്‍ പ്രതിവര്‍ഷം 5 ലക്ഷത്തോളം റോഡപകടങ്ങള്‍ നടക്കുന്നു, അതില്‍ 1.5 ലക്ഷം പേര് കൊല്ലപ്പെടുന്നു. അതിനാല്‍ റോഡപകടങ്ങള്‍ പരിശോധിക്കുന്നതിനും രാജ്യത്ത് റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ 1988 ലെ മോട്ടോര്‍ വെഹിക്കിള്‍സ് (ഭേദഗതി) ചെയ്ത് മോട്ടോര്‍ വെഹിക്കിള്‍സ് (ഭേദഗതി) നിയമം 2019 ജൂലൈ മാസം രാജ്യത്ത് നടപ്പാക്കി.
ഡിഎന്‍എ സാങ്കേതിക വിദ്യ നിയന്ത്രണ ബില്‍
കേന്ദ്ര ശാസ്ത്ര, സാങ്കേതികവിദ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ദന്‍ ഡിഎന്‍എ സാങ്കേതിക വിദ്യ (ഉപയോഗവും, പ്രയോഗവും) നിയന്ത്രണ ബില്‍ 2019 ജൂലൈ 8 ന് ലോക്സഭയില്‍ അവതരിപ്പിച്ചു. ഡിഎന്‍എ അധിഷ്ഠിത ഫോറന്‍സിക് സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി നിയമപാലന സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.ഡിഎന്‍എ ലബോറട്ടറികള്‍ക്ക് നിര്‍ബന്ധിത അക്രഡിറ്റേഷനും, നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന ബില്‍, ഇതിലൂടെ ഡിഎന്‍എ പരിശോധനാ ഫലങ്ങളുടെ വിശ്വസനീയത ഉറപ്പു വരുത്തുകയും, പൗരന്മാരുടെ സ്വകാര്യത സംരംക്ഷിക്കുന്നതിനായി, വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാതെ സംരക്ഷിക്കുകയും ചെയ്യുക ലക്ഷ്യമിടുന്നു.
ദന്തഡോക്ടര്‍മാരുടെ നിയമ (ഭേദഗതി) ബില്‍
ദന്തഡോക്ടര്‍മാരുടെ (ഭേദഗതി) ബില്‍, 2019 ജൂണ്‍ 27 ന് ലോക്സഭയില്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ശ്രീ ഹര്ഷവര്ധന് 1948 ലെ ദന്തഡോക്ടര്‍മാരുടെ നിയമത്തില്‍ ബില്‍ ഭേദഗതി അവതരിപ്പിച്ചു. ഡെന്റെല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ യോഗ്യതയുള്ള ഡെന്റെല്‍ സര്ജന്മാര്ക്ക് ശരിയായ അനുപാതം നല്കുവാനും, അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ചുമതലകള്‍ നിര്‍വഹിക്കാനും, ദന്ത വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി രാജ്യത്തെ ഡെന്റെല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ,സ്റ്റേറ്റ് ഡെന്റെല്‍ കൗണ്‍സിലുകള്‍,ജോയിന്റ്റ് സ്റ്റേറ്റ് ഡെന്റെല്‍ കൗണ്‍സിലുകള്‍ എന്നിവയെ ക്രമീകരിച്ചുകൊണ്ടാണ് നിയമ ഭേദഗതി വരുത്തിയത്.
ബേസ് ഇറോഷനും പ്രോഫിറ്റ് ഷെയറിങ്ങും തടയുന്നതിന് അനുമതി
ബേസ് ഇറോഷനും പ്രോഫിറ്റ് ഷെയറിങ്ങും തടയുന്നതിനായി നികുതിക്കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ നടപ്പാക്കുന്നതിനായുള്ള ബഹുതല ഉടമ്പടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്തിസഭാ യോഗം അംഗീകാരം നല്കി. ഇത് തടയുന്നതിനുള്ള നികുതി ഉടമ്പടി അനുബന്ധ നടപടികള്‍ നടപ്പിലാക്കുന്നതിനുള്ള ബഹുരാഷ്ട്ര കണ്വെന്ഷന് (BEPS) 2017 ജൂണ്‍ 7 ന് പാരീസിലെ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഒപ്പുവച്ചു. നികുതി നിയമങ്ങളിലെ വിടവുകളും പൊരുത്തക്കേടുകളും ഉപയോഗപ്പെടുത്തി നികുതി ആസൂത്രണ തന്ത്രങ്ങളിലൂടെ എംഎന്‍സികള്‍ അവലംബിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒഇസിഡി / ജി 20 പദ്ധതിയുടെ ഫലമാണ് മള്‍ട്ടിലാറ്ററല്‍ കണ്വെന്ഷന്.
സര്‍വ്വദേശീയ സ്മാര്‍ട്ട്കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ്
രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്ട്ട്കാര്ഡ്ഡ്രൈവിംഗ് ലൈസന്‍സ് ആക്കിമാറ്റുന്നതിനുള്ളരൂപ ഘടന ഇക്കൊല്ലം മാര്‍ച്ച് ഒന്നിന് കേന്ദ്ര റോഡ്ഗതാഗത, ഹൈവേയ്സ് മന്ത്രാലയംവിജ്ഞാപനം ചെയ്തു. രാജ്യത്തൊട്ടാകെ പൊതുവായ മാതൃകയാണിത്.
വിമാന (ഭേദഗതി) ബില്‍
വിമാന നിയമം, 1934(XXII ഓഫ് 1934)ല്‍ ഭേദഗതികള്‍ വരുത്തുന്നതിനായി വിമാന (ഭേദഗതി) ബില്‍, 2019 അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കി. വ്യോമഗതാഗതത്തിന്റെ എല്ലാ മേഖലകളിലും നിയന്ത്രണങ്ങള്‍ സാധ്യമാക്കും വിധം നിലവിലുള്ള നിയമത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനും നിലവിലുള്ള പരമാവധി പിഴയായ 10 ലക്ഷം രൂപം ഒരു കോടി രൂപയായി ഉയര്‍ത്തുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. രാജ്യാന്തര വ്യോമഗതാഗത ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുകയും അതു വഴി രാജ്യത്തെ വ്യോമഗതാഗത സുരക്ഷ വര്‍ധിപ്പിക്കുകയുമാണ് ഭേദഗതിയുടെ ലക്ഷ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: