1958ലെ കേസരിയുടെ താളുകളില്‍ സ്വര്‍ഗ്ഗീയ പി. പരമേശ്വര്‍ജി ഇങ്ങനെ എഴുതി. ‘കണ്ണ് പറിക്കാതെ ഞാനാ വിപ്ലവകാരികളുടെ ചക്രവര്‍ത്തിയെ നോക്കുകയായിരുന്നു. സാമാന്യേന ഹ്രസ്വകായകനും മെലിഞ്ഞ ദേഹപ്രകൃതത്തോട് കൂടിയ ആളുമായ അദ്ദേഹമാണ് ഭാരത സ്വാതന്ത്ര്യത്തിന്റെ അരനൂറ്റാണ്ടുകാലത്തെ സേനാനിയായിരുന്നതെന്നോര്ത്തപ്പോള് എന്റെ അസുലഭ സൗഭാഗ്യത്തില്‍ ഞാന്‍ സ്വയമൊന്ന് മദിച്ചുപോയി’. (1) ഉന്നതനായ ഒരു ബുദ്ധിജീവിയുടെ ചിന്താപരതയും പ്രഗല്ഭനായ ഒരു പ്രക്ഷോഭകാരിയുടെ വൈകാരികതയും ഒത്തിണങ്ങിയ ഭാരത സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസിക പുരുഷനുമായ സ്വാതന്ത്ര്യ വീരവിനായക ദാമോദര സവര്‍ക്കര്‍ എന്ന ധീരദേശാഭിമാനിയെ കുറിച്ചാണ്. തന്റെ കാലഘട്ടത്തിലെ യുവതലമുറയെ മുഴുവന്‍ സാമ്രാജ്യത്വ വിരോധ സമരത്തില്‍ ആകര്‍ഷിക്കുകയും ധീരമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത വിപ്ലവകാരികളുടെ രാജകുമാരന് ആയിരുന്നു സവര്‍ക്കര്‍. സ്വാതന്ത്ര്യസമരസേനാനി, വിപ്ലവകാരി, സാഹിത്യകാരന്, ചരിത്രകാരന്, സാമൂഹ്യ പരിഷ്ക്കര്‍ത്താവ് എന്നിങ്ങനെയുള്ള നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് സവര്‍ക്കര്‍. അദ്ദേഹത്തിന്റെ ജീവിതം ചരിത്രത്തെ പിടിച്ചു കുലുക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്തൊരു ഏടാണ്. ഒരു തുറന്ന പുസ്തകം പോലെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള പുനര്‍വായന വര്‍ത്തമാനകാല സമൂഹത്തിന് പ്രതീക്ഷയും പ്രചോദനവും ലക്ഷ്യബോധവും ദിശാദര്‍ശനവും നല്‍കുന്നതാണ്. ഏങ്കിലും സത്യം ചെരുപ്പിടുന്നതിന് മുമ്പേ അസത്യം ലോകം ചുറ്റിയിരിക്കും എന്നൊരു ശൈലിയുണ്ട്. സവര്‍ക്കറുടെ കഥയും ഇതുപോലെയാണ്. ഇതിനായി ചരിത്രത്തെ അപനിര്‍മ്മിച്ചുകൊണ്ട് പ്രതിലോമകരമായ രീതിയില്‍ വസ്തുതകളെ വളച്ചൊടിച്ച് അക്കാദമികലോകം സവര്‍ക്കറെ കരിവാരി തേക്കുന്നതില്‍ പ്രത്യേകതരം ആഹ്ലാദം അനുഭവിക്കുന്നു. ഗീബല്‍സിയന്‍ തന്ത്രം ഉപയോഗിച്ച് അസത്യത്തെ സത്യമാക്കാന്‍ സവര്‍ക്കറിന്റെ ജീവിതത്തെയും എഴുത്തിനെയും പ്രവര്‍ത്തനങ്ങളെയും കപടമതേതരദുശ്ശാഠ്യത്തിന്റെ പേരില്‍ ബുദ്ധിജീവികള്‍ കരിവാരിത്തേക്കുകയാണ്.
ധന്യമീ ജീവിതം
1883 മെയ് 28ാം തീയതി ദാമോദര്‍ പന്തിന്റെയും രാധാഭായിയുടെയും മകനായി നാസിക്കിനടുത്തുള്ള ഭാഗൂരിലാണ് സവര്‍ക്കര്‍ ജനിച്ചത്. തന്റെ 9ാം വയസ്സില്‍ അമ്മയേയും 16ാം വയസ്സില്‍ അച്ഛനെയും നഷ്ടപ്പെട്ട സവര്‍ക്കറെ പിന്നീട് വളര്‍ത്തിയത് മൂത്ത ജ്യേഷ്ഠനായ ഗണേശായിരുന്നു. പ്ലേഗ് പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിച്ചപ്പോള്‍ മഹാരാഷ്ട്രയിലെ ജനജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കിയ റാന്‍ഡിനെ ചാപ്പേക്കര്‍ സഹോദരങ്ങള്‍ വെടിവെച്ചു കൊന്നു. ഇവരെ 1899 മേയ്മാസത്തില്‍ തൂക്കിക്കൊന്നു. സ്വജീവരക്തം രാഷ്ട്രത്തിനായി ഒഴുക്കിയ ചാപ്പേക്കര്‍ സഹോദരന്മാരുടെ ജീവത്യാഗം സവര്‍ക്കറെ ആവേശം കൊള്ളിച്ചു. ‘നിങ്ങളുയര്‍ത്തിയ പോരാട്ടക്കൊടി ഞങ്ങളിതാ കയ്യേല്‍ക്കുന്നു പോരതു തുടരാന്‍ ഞങ്ങളിതാ പോര്ച്ചട്ടയുമായ് സന്നദ്ധം’ (2) എന്ന വരികള്‍ അദ്ദേഹത്തിന്റെ കവിത്വഗുണത്തെയും വിപ്ലവ വാഞ്ചയെയും കാണിക്കുന്നു. താന്‍ ഉള്‍കൊണ്ട ജീവിതദൗത്യത്തിന്റെയും സിദ്ധാന്തത്തിന്റെയും പ്രചാരണത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹം തന്റെ സുഹൃത്തുക്കളിലേയ്ക്ക് തന്റെ ആശയങ്ങള്‍ എത്തിക്കുകയും ഗണേശോല്സവവും ശിവജി ഉത്സവവും സംഘടിപ്പിക്കുകയും ചെയ്തു. ഇക്കാലത്ത് മിത്രമേള അഭിനവ ഭാരത് എന്നീ സംഘടനകളുടെ സംഘാടനത്തിലൂടെ നിരവധി യുവാക്കളെ ബ്രിട്ടീഷ് അടിമത്തത്തിനെതിരെ പ്രതികരിക്കാന്‍ പ്രാപ്തനാക്കി. ഫെര്ഗ്യൂസന് കോളേജില്‍ ബിഎക്ക് പഠിച്ചുവരവെ ബ്രിട്ടീഷ് സര്‍ക്കാര്‍ ബംഗാള്‍ വിഭജനം നടപ്പിലാക്കി. ഇതിനെതിരെ സവര്‍ക്കറുടെ നേതൃത്വത്തില്‍ പൊതുസ്ഥലത്ത് വിദേശ വസ്ത്രങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. ജ്വലിക്കുന്ന ഈ സംഭവത്തെ പറ്റി ബാലഗംഗാധന തിലകന് പ്രതികരിച്ചത് ഇങ്ങനെ ‘ബ്രിട്ടീഷുകാര്‍ക്കെതിരെ ഹിന്ദുസ്ഥാനില്‍ നിന്നുയരുന്ന ആദ്യത്തെ തീപ്പൊരി, ഇതിന്റെ ജ്വാല അടുത്തുതന്നെ ഇംഗ്ലണ്ടിലെത്തും'(3). തിലകന്റെ ശുപാര്‍ശ പ്രകാരം ലണ്ടനില്‍ ശ്യാംജി കൃഷ്ണവര്‍മ്മയുടെ നേതൃത്വത്തില്‍ നല്കുന്ന സ്കോളര്‍ഷിപ്പോടെ ലണ്ടനിലെത്തി. 1906 അവസാനം ‘ജോസഫ് മസീനി ജീവചരിത്രവും രാഷ്ട്രീയവും’ എന്ന പുസ്തകം എഴുതി. മസ്സീനി ഇറ്റലിയെ സ്വതന്ത്രയാക്കാന്‍ വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഈ കൃതിയില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിലൂടെ ഇന്ത്യന്‍ ജനതയോട് പോരാടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പക്ഷെ ഈ കൃതി സര്‍ക്കാര്‍ കണ്ടുകെട്ടി. 1907ല്‍ ഇംഗ്ലണ്ടില്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ 55ാം വാര്‍ഷികം ഇന്ത്യാ ഹൗസില്‍ അഭിനവഭാരതത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. നാനാസാഹിബിന്റെയും ഝാന്‍സിറാണിയുടെയും താന്ത്യാതോപ്പിയുടെയും ആവേശകരമായ വീരചരിതത്തെ ഭയന്ന ബ്രിട്ടീഷുകാര്‍ 1857ലെ വിപ്ലവത്തെ ശിപായിലഹള എന്ന് പരിഹസിച്ചിരുന്നു. ഇന്ത്യന്‍ ഓഫീസ് ലൈബ്രറിയില്‍ നിന്നും മറ്റും കിട്ടിയ രേഖകളെ ശാസ്ത്രീയമായി വിശകലനം ചെയ്ത്. 1857ലെ സമരത്തിന്റെ വസ്തുനിഷ്ടമായ ചരിത്രം, 1857ലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്ന പേരില്‍ സവര്‍ക്കര്‍ പ്രസിദ്ധീകരിച്ചു. പക്ഷെ ചരിത്രത്തിലാദ്യമായി പ്രസിദ്ധീകരിക്കുന്നതിനു മുന്നേ. ഈ പുസ്തകം ബ്രിട്ടീഷുകാര്‍ നിരോധിച്ചു. പക്ഷെ മറാത്തിയിലെഴുതിയ പുസ്തകം രഹസ്യമായി ഹോളണ്ടിലയച്ച് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. ഇതിന്റെ മൂന്നാം പതിപ്പ് പ്രസിദ്ധീകരിച്ചത് ഭഗത്സിംഗാണ്. നാലാം പതിപ്പ് സുഭാഷ് ചന്ദ്രബോസും.(4) മദന്‍ലാല്‍ ധിംഗ്ര എന്ന ധീര വിപ്ലവകാരി കഴ്സണ്വാലിയെയും, കന്‍ഹാര കാര്‍വെ ജാക്സണേയും വെടിവച്ചുകൊന്ന കേസുകളില്‍ പീഡനകുറ്റം ചുമത്തി സവര്‍ക്കര്‍ക്കെതിരെ 1910 ഫെബ്രുവരി 22ന് ലണ്ടനിലെ ബോസ്റ്റിക്ക് കോടതി അറസ്റ്റു വാറണ്ടു പുറപ്പെടുവിച്ചു. സവര്‍ക്കറെ 1910 മാര്‍ച്ച് 2ന് അറസ്റ്റു ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്തിനും അതിന്റെ തലവനായ ചക്രവര്‍ത്തിക്കും എതിരെ ഗൂഡാലോചന നടത്തി, ആയുധങ്ങള്‍ ഒളിച്ചു കടത്തി, ഇന്ത്യയിലും ഇംഗ്ലണ്ടിലും രാജ്യദ്രോഹപരമായ പ്രസംഗങ്ങള്‍ നടത്തി തുടങ്ങിയവയായിരുന്നു സവര്‍ക്കര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍.
1910 ജൂലൈ 1ന് എസ്.എസ്. മോറിയ എന്ന കപ്പലില്‍ ലണ്ടനില്‍ നിന്ന് ഭാരതത്തിലേക്ക് കൊണ്ടുവരവെ യന്ത്രത്തകരാര്‍ മൂലം ഫ്രഞ്ച് തീരമായ മാര്‍സെയ്ല്‍സില്‍ നങ്കൂരമിട്ടു. ഈ തക്കത്തിന് അവസരം പാഴാക്കാതെ കപ്പലിലെ കക്കൂസിലെ വിടവിലൂടെ ഞെങ്ങിഞെരുങ്ങി കടലില്‍ ചാടി. ഗാര്‍ഡുകള്‍ വെടി വച്ചെങ്കിലും സവര്‍ക്കര്‍ കരയിലെത്തി. ഫ്രഞ്ച് പോലീസിന്റെ സഹായത്തോടെ അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തി ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്തു. 68 ദിവസത്തെ വാദത്തിനുശേഷം 1910 ഡിസംബര്‍ 23ന് സവര്‍ക്കറുടെ സ്വത്തുകള്‍ കണ്ടുകെട്ടുക, രണ്ട് ജീവപര്യന്തം (50 വര്‍ഷം തടവ്) നാടുകടത്താനും വിധിയായി). 1911 ജൂലൈ 4ന് ആന്തമാനിലെ കുപ്രസിദ്ധ സെല്ലുലാര്‍ ജയിലില്‍ (5)
പീഡനപര്‍വ്വം ജയില്‍വാസം
പ്രിയദര്ശന് സംവിധാനം ചെയ്ത കാലാപാനി എന്ന ചിത്രത്തിലൂടെ കടലിനും കാടിനും ഇടയില്‍ മനുഷ്യനെ കൊല്ലാക്കൊല ചെയ്യാന്‍ രൂപം കൊടുത്ത സെല്ലുലാര്‍ ജയില്‍ എന്ന ചെകുത്താന് കോട്ടയെക്കുറിച്ച് മലയാളികള്‍ക്ക് സുപരിചിതമാണ്. ജയിലിലെ നരകയാതന ഭീകരമായിരുന്നു.
കാലും കഴുത്തും തമ്മില്‍ ബന്ധിപ്പിച്ച് ചങ്ങല അണിയിച്ച് സെല്ലിനകത്ത് ആദ്യത്തെ ആറ് മാസം ഏകാന്തതടവ്. പിന്നീട് സവര്‍ക്കര്‍ക്ക് ലഭിച്ചത് എണ്ണയാട്ടുന്നതിന് ചക്ക് തിരിക്കുന്ന പണിയായിരുന്നു. രണ്ട് കാള ചെയ്യേണ്ട പണി രാവിലെ മുതല്‍ രാത്രി വരെ. അതിന്റെ കൂടെ തേങ്ങയുടെ തൊണ്ട് തല്ലി ചകിരി ഉണ്ടാക്കണം. കൈകള്‍ പൊട്ടി ചോര ഒഴുകുന്നത് കണക്കാക്കാതെ ജോലി ചെയ്യണം. ഇടയില്‍ ചമ്മട്ടി കൊണ്ടുള്ള മര്‍ദ്ദനവും. എല്ലാം കൊണ്ടും നരകതുല്യമായിരുന്നു ജയില്‍വാസം. മണ്ണും കല്ലും ആവശ്യംപോലെ കലര്‍ന്ന നേരാംവണ്ണം വേവാത്ത ചപ്പാത്തിയും ഒരു പിടിച്ചോറും ആന്‍ഡമാന്‍ കാടുകളില്‍ വളരുന്ന ഒരുതരം പുല്ലുകൊണ്ടുള്ള കറിയും. അതുപോലെ കാട്ടില്‍ നിന്ന് അരിഞ്ഞുകൊണ്ടുവരുന്ന പുല്ലിന്റെ ഇടയില്‍ പെട്ടുപോകന്ന അട്ടകളും പ്രാണികളും അതേപടിയില്‍ കറിയില്‍ കഷണങ്ങളായി കിട്ടും.(6)
ജയില്‍വാസത്തിനിടയ്ക്ക് അദ്ദേഹം മറ്റ് ജയില്‍പുള്ളികളുമായി സൗഹാര്‍ദ്ദപരമായി ഇടപെട്ടു. തന്റെ വിശ്രമസമയം അവരെ പഠിപ്പിക്കുന്നതിനായും ചെലവഴിച്ചു. ജയിലുകള്‍ക്ക് സവര്‍ക്കറുടെ കാവ്യപ്രതിഭയെ ചങ്ങലയ്ക്കിടാന്‍ സാധിച്ചില്ല. ഭിത്തി കടലാസ്സായും കൈവിലങ്ങുകള്‍ തൂലികയാക്കിയും തന്റെ ജീവ രക്തമാകുന്ന മഷികൊണ്ട് അദ്ദേഹം കാവ്യങ്ങള്‍ കോറിയിട്ടു. കമല, കോമന്തകം, മഹാസാഗരം എന്നിവ കാരാഗൃഹത്തില്‍ നിന്ന് പിറവികൊണ്ട കാവ്യങ്ങളാണ്.
ആന്തമാനില്‍ നിന്ന് തിരികെ ഭാരതത്തിലെ ജയിലുകളില്‍ രത്നഗിരിയിലും യാര്വാദയിലുമായി നാല് വര്‍ഷവും പിന്നീട് പരോള്‍ തടവുകാരനായി പതിമൂന്ന് വര്‍ഷം കഴിഞ്ഞു. 27 കൊല്ലങ്ങളാണ് അദ്ദേഹം തടവില്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ജയില്‍ ദിനങ്ങള്‍ ഒരിക്കലും സുഖകരമായിരുന്നില്ല. മനുഷ്യനാണ് എന്ന പരിഗണനപോലും ലഭിക്കാതെ ഏറ്റവും ക്രൂരവും ഭീകരവുമായ രീതിയിലായിരുന്നു സവര്‍ക്കറുടെ ജയില്‍ ദിനങ്ങള്‍. നെഹ്റുവും ഗാന്ധിയും ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിജി 2119 ദിനം ജയിലില്‍ കഴിച്ചുകൂട്ടിയെങ്കിലും അദ്ദേഹത്തിന് ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നില്ല. ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍, ഇന്ത്യയെ കണ്ടെത്തല്‍ എന്നീ കൃതികള്‍ ജവഹര്‍ലാല്‍ നെഹ്റു രചിച്ചത് തന്റെ ജയില്‍വാസ കാലത്താണ്. അദ്ദേഹത്തിന് ഉദ്യാനപാലനത്തിനും മറ്റും അവസരവും ലഭിച്ചിരുന്നു. പക്ഷെ ഇതിന്റെ നേര് വിപരീത ചരിത്രമാണ്. സവര്‍ക്കറുടെ ജയില്‍വാസം. ലോക ചരിത്രത്തില്‍ സവര്‍ക്കറെക്കാള്‍ ജയിലില്‍ കഴിയേണ്ടി വന്നിട്ടുള്ളത് ആഫ്രിക്കന്‍ നേതാവായ നെല്സന് മണ്ടേലയ്ക്കാണ്. 28 വര്‍ഷത്തെ ജയില്‍ വാസക്കാലത്ത് വൃത്തിയുള്ള ഭക്ഷണം, ടോയ്ലറ്റ്, ഇസ്തിരിയിട്ട വസ്ത്രം, മെത്ത എന്നിവ ലഭിച്ച മണ്ടേല ജയില്‍ മോചിതനായ ശേഷം ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപതിയായി. സവര്‍ക്കര്‍ക്ക് ലഭിച്ചതോ രാഷ്ട്രസ്നേഹികളുടെ ഹൃദയസാമ്രാജ്യവും.
തൊണ്ണൂറുകളുടെ ആരംഭം തൊട്ട് ദേശീയതലത്തില്‍ ഉണ്ടായ ഹൈന്ദവീയ സാംസ്കാരികസാമൂഹ്യരാഷ്ട്രീയ മുന്നേറ്റത്തെ പ്രതിരോധിക്കുന്നതിനായി ചില കേന്ദ്രങ്ങള്‍ മന:പൂര്‍വ്വം ഹൈന്ദവീയ മാനബിന്ധുക്കളെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് ഇന്ന് വ്യാപകമാണ്. മനശാസ്ത്രപരവും വൈചാരികവുമായ ഈ നീക്കങ്ങളുടെ ഭാഗമായാണ് സവര്‍ക്കര്‍ നടത്തിയ തന്ത്രപരമായ ദയാഹര്‍ജിയെ പരിഹസിക്കുന്നത്. അന്വേഷണാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ കണ്ടെത്തി എന്ന് പറയപ്പെടുന്ന കത്ത് സവര്‍ക്കര്‍ തന്റെ മൈ ട്രാന്സ്പോര്ട്ടേഷന് ഫോര്‍ ലൈഫ്, എക്കോസ് ഫ്രം ആന്റമാന്‍സ് എന്നീ കൃതികളില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ക്യാബിനറ്റ് മിഷന്റെ നിര്‍ദ്ദേശ പ്രകാരം തടവുകാരെ മോചിപ്പിക്കുന്നതില്‍ നിന്ന് വിപ്ലവകാരികളെ മന:പൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നു. ജയിലില്‍ അഴുകി തീരാനുള്ളതല്ല ദേശഭക്തരായ യുവാക്കള്‍ എന്ന പൂര്‍ണ ബോധ്യമുള്ളതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു നീക്കം നടത്തിയത്. സവര്‍ക്കര്‍ എഴുതിയ മാപ്പിനെ പറ്റി സുപ്രീംകോടതി റിട്ട. ജസ്റ്റിസ് കെ.ടി. തോമസ് നടത്തിയ നിരീക്ഷണം ഇങ്ങനെ. തന്റെ യൗവനകാലത്ത് സ്വാതന്ത്ര്യ സമര വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിനാണ് രാജ്യദ്രോഹ കുറ്റം ചുമത്തി അദ്ദേഹത്തെ 50 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. സെല്ലുലാര്‍ ജയിലിലെ ഒരു ഇരുണ്ട സെല്ലില്‍ പത്ത് വര്‍ഷമദ്ദേഹമനുഭവിച്ച നരകയാതനകളില്‍ നിന്നും മോചനം ലഭിച്ചില്ലെങ്കില്‍ അവശേഷിക്കുന്ന നാല്‍പ്പതു വര്‍ഷം കൂടി സെല്ലില്‍ കൂടുതല്‍ യാതനകള്‍ അനുഭവിച്ചു മരിക്കുന്നതിനേക്കാള്‍ വന്‍കരയിലെ ജയിലില്‍ കിടക്കുന്നതാണ് ഭേദമെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവും. അതാവാം അങ്ങനെയൊരു അപേക്ഷ കൊടുത്തത്. അതില്‍ മാപ്പ് എന്ന പദം അദ്ദേഹം ഉപയോഗിച്ചിട്ടില്ല. മേലില്‍ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ല എന്ന ഉറപ്പു കൊടുക്കുക മാത്രമെ ചെയ്തിട്ടുള്ളു. ആ നിലയ്ക്ക് ഈ ആരോപണം ഉന്നയിക്കുന്നത് മനുഷ്യത്വമില്ലായ്മയായി കരുതുന്നവരും ധാരാളമുണ്ട്.(7) തടവില്‍ നിന്ന് രക്ഷപ്പെട്ടാല്‍ സവര്‍ക്കര്‍ ദേശമാസകലം വിപ്ലവ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നത് കൊണ്ട് ബ്രിട്ടീഷുകാര്‍ ഈ ദയാഹര്‍ജി തള്ളിക്കളഞ്ഞു. സവര്‍ക്കറുടെ ഈ അടവുനയത്തെ പരിഹസിക്കുന്നവര്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ സ്ഥാപക ആചാര്യന് ശ്രീപദ് അമൃത് ഡാങ്കെ എന്ന എസ്.എ ഡാങ്കെ ബ്രിട്ടീഷുകാര്‍ക്ക് നല്കിയ മാപ്പപേക്ഷ സ്വീകാര്യമാണ്. കാന്‍പൂര്‍ ഗൂഢാലോചന കേസില്‍ പ്രതിയായതിനാല്‍ ബ്രിട്ടീഷ്കാര് ഡാങ്കെയേ നാല് വര്‍ഷത്തേയ്ക്ക് തടവ് ശിക്ഷ വിധിച്ചു. ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതിന് പകരമായി ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ചാര പ്രവര്‍ത്തനം നടത്താം എന്ന് സമ്മതിക്കുന്ന രേഖയെയും ഡാങ്കെയുടെ പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുന്നു എന്നത് വൈരുദ്ധ്യാത്മമാണ്.(8)
എഴുത്തിന്റെ വഴിയെ
എഴുത്തിനെ ഒരേസമയം സര്‍ഗ്ഗാത്മകവും സമൂഹത്തിന് ഗുണപരവുമാക്കുന്ന രീതിയില്‍ സമീപിച്ചു. സര്ഗാത്മകനാണ് വി.ഡി. സവര്‍ക്കര്‍. മറാത്ത സാഹിത്യത്തിലെ കൃതഹസ്തനായ കവിയും, നാടകകൃത്തും, നോവലിസ്റ്റും കൂടിയായിരുന്നു അദ്ദേഹം. യയാതി എന്ന മനോഹരമായ നോവല്‍ എഴുതിയ വി.എസ്. ഖാണ്ഡേക്കര്‍ മറാത്തി സാഹിത്യപരിഷത്തിന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സവര്‍ക്കറെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. സവര്‍ക്കര്‍ എന്ന അത്യുജ്ജ്വല സാഹിത്യപ്രതിഭയ്ക്ക് മുന്നില്‍ ഞങ്ങളെല്ലാം വാമകായന്മാര് മാത്രമാണ്. മലബാര്‍ കലാപത്തെ ആസ്പദമാക്കി മാപ്പിള എന്ന മറാഠി നോവല്‍ എഴുതിയ സവര്‍ക്കര്‍ മറാഠികവിതാ സാഹിത്യത്തില്‍ വൈനായകം എന്ന ന്യൂതന വൃത്തം ആവിഷ്ക്കരിച്ച മൗലികപ്രതിഭയാണ്. എഴുത്ത് ഭാഷ അച്ചടിക്ക് സൗകര്യപ്രദമാം വണ്ണം അദ്ദേഹം ലിപി പരിഷ്കരണം പ്രചരിപ്പിച്ചു. ഡയറിക്ക് ദൈനകീ, തീയതിക്ക് ദിനാങ്കം, അപ്ടു ഡേറ്റിന് അഭ്യാവത എന്നിങ്ങനെ ഒട്ടുവളരെ പുതിയ വാക്കുകളുടെ സ്രഷ്ടാവാണദ്ദേഹം.
ചരിത്രബോധമില്ലാത്ത സമൂഹത്തിനും രാഷ്ട്രത്തിനും നിലനില്‍പ്പില്ല എന്ന് തിരിച്ചറഞ്ഞ സവര്‍ക്കര്‍ ദേശീയ വീഷണത്തോടുകൂടിയ ചരിത്രകാരനായിരുന്നു (Nationalist Historian). ഒരു ഭൂതകാലമവകാശപ്പെടുവാന് മാത്രമല്ല, ഭാവിയെ സമുജ്ജ്വലമാക്കി തീര്‍ക്കുവാന്‍ കൂടിയുള്ള ശേഷി ഒരു രാഷ്ട്രം വളര്‍ത്തിയെടുക്കണം. രാഷ്ട്രം സ്വന്തം ചരിത്രത്തിന്റെ അടിമയാവുകല്ല, യജമാനനാവുകയാണ് വേണ്ടത്. എന്നതാണ് സവര്‍ക്കറുടെ ചരിത്രദര്‍ശനം. പ്രഖ്യാപിത നിഷ്പക്ഷവസ്തുനിഷ്ഠമാര്ക്സിസ്റ്റ് ചരിത്രകാരന്മാര് വി.ഡി. സവര്‍ക്കര്‍ എന്ന ചരിത്രകാരനെയോ അദ്ദേഹത്തിന്റെ രചനകളെയോ അംഗീകരിക്കുന്നില്ല എന്നത് തികച്ചും നിരാശജനകമാണ്. നിക്ഷ്പക്ഷമായി ഇന്ത്യന്‍ ഹിസ്റ്റോറിയഗ്രഫി പഠിക്കുന്ന ഒരാളെ സവര്‍ക്കറിന്റെ ചരിത്ര രചനകളുടെ സ്ഥാനവും അവയുടെ സ്വാധീനവും അത്ഭുതപ്പെടുത്തും. 1857ലെ സമരത്തിന്റെ വസ്തുനിഷ്ഠമായ ചരിത്രം സവര്‍ക്കര്‍ 1857ലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്ന പേരിലെഴുതി. ഈ കൃതി ബ്രിട്ടീഷുകാരെയും അവരുടെ സ്തുതി പാഠകരെയും ചൊടിപ്പിച്ചു. നേതാജി തന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ സമര ഭടന്മാരില് ദേശീയ ബോധം വളര്‍ത്തുന്നതിനായി നല്‍കിയിരുന്ന കൃതി സവര്‍ക്കറുടെ 1857ലെ സ്വാതന്ത്ര്യസമരമായിരുന്നു. 1907ല്‍ സവര്‍ക്കര്‍ എഴുതിയ ദി ഇന്ത്യാ വാര് ഓഫ് ഇന്റിപെന്റന്സിലാണ് 1857ലെ പ്രക്ഷോഭത്തെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിച്ചത്. സവര്‍ക്കറിന്റെ ചരിത്രമെഴുത്തുണ്ടാക്കിയ സ്വാധനത്തെപ്പറ്റി ഇഎംഎസ് നമ്പൂതിരിപ്പാട് എഴുതിയിതിങ്ങനെ ‘Vinayak Damodar Savarkar, who had actively participated in the Freedom struggle and who was convicted to a long term of imprisonment, had even written a book, entitled ‘The Indian war of Independence’ in which he had brought out several facts and authentic documents that had not yet seen the light of the day. Following Savarkar, several other political activists and scholars of history, basing themselves on the stand of the nationalists,t ried to evaluate the struggle of 1857-59′ ഭാരത ചരിത്രത്തിലെ ആറു സുവര്‍ണ ഘട്ടങ്ങള്‍ (Six Glorious Epochs of Indian History)എന്ന പേരില്‍ ഒരു ബൃഹദ്ഗ്രന്ഥം എഴുതി. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞപ്പോള്‍, ലക്ഷ്യപൂര്ത്തി വന്നു ഇനി കൂടുതലായി ഒന്നും ചെയ്യാനില്ല എന്ന ചിന്തയില്‍ നിന്നുണ്ടായ ഒരു അസ്ഥിരത രാജ്യത്താകെ വ്യാപിച്ചു. ഈ ഘട്ടത്തില്‍ ഭാരതീയ പാരമ്പര്യത്തെയും ഉജ്ജ്വലസംഭവങ്ങളെയും അധികരിച്ച് സവര്‍ക്കര്‍ എഴുതിയ ഈ പുസ്തകം ജനങ്ങള്‍ക്കിടയില്‍ ദിശാബോധവും ദേശാഭിമാനവും പകര്‍ന്നു.
ഹിന്ദുരാഷ്ട്രം
പ്രയോജനവാദം, യുക്തിവാദം, പോസിറ്റിവിസം, മാനവികത, സാര്‍വ്വത്രികത്വം, പ്രായോഗികതാവാദം, ജ്ഞാനശാസ്ത്രം എന്നിവയെ ഭാരതീയ ചിന്തയുമായി സമന്വയിപ്പിച്ചുകൊണ്ട് ഭാരത ദേശീയതയേയും രാഷ്ട്രസങ്കല്പ്പത്തെയും വിശദീകരിച്ചു. ദേശകാല സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ ഹിന്ദു പദത്തെ അദ്ദേഹം വ്യാഖ്യാനിച്ചു. ഹൈന്ദവ ഫണ്ടമെന്റലിസത്തില് നിന്നും കര്‍മ്മസിദ്ധികളുടെ അടിത്തട്ടില്‍ കിടക്കുന്ന സാംസ്കാരിക സൂഷ്മശരീരം എന്ന തലത്തില്‍ നിന്ന് വ്യത്യസ്തമായി രാഷ്ട്രത്തിന്റെ തനിമ അഥവാ സംസ്കൃതിയെ അദ്ദേഹം ഹിന്ദുത്വമെന്ന് വിളിച്ചു. ഹിന്ദുയിസം മതം അല്ലെങ്കില്‍ ആദ്ധ്യാത്മിക വശത്തെ കുറിക്കുമ്പോള്‍, ഹിന്ദുത്വം നാഗരികതയെയും സാംസ്കാരിക ഉള്ളടക്കത്തെയും പ്രതിനിധാനം ചെയ്യുന്നു. ആന്തമാനിലെ ജയില്‍വാസക്കാലത്ത് അനുഷ്ടുപ് വൃത്തത്തില്‍ ഹിന്ദുവിനെ നിര്‍വ്വഹിച്ചു.
ആ സിന്ധു സിന്ധു പര്യന്തം, യസ്യഭാരത ഭൂമികാ
പിതൃ ഭൂ പുണ്യ ഭൂശ്ചൈവ, സവൈ ഹിന്ദുരിതിസമൃത:
സിന്ധു നദി മുതല്‍ ഹിന്ദുമഹാസാഗരം വരെയുള്ള ഭാരതഭൂമിയെ സ്വന്തം പൂര്‍വ്വികരുടെ ഭൂമിയായി, പുണ്യഭൂമിയായി കരുതി ആരാണോ ആദരിക്കുന്നത് അവനെയാണ് ഹിന്ദു എന്ന് വിളിക്കേണ്ടത്. കൂടുതല്‍ വ്യക്തമായി ഹിന്ദുത്വ എന്ന തന്റെ കൃതിയില്‍ സവര്‍ക്കര്‍ വ്യക്തമാക്കുന്നത്. 1. ഹിമാലയം മുതല്‍ സമുദ്രം വരെ പരന്നുകിടക്കുന്ന ഈ ഭൗമ മേഖലയോട് വൈകാരികമായ ബന്ധുമുണ്ടായിരിക്കണം. 2. വൈദിക സപ്തസിന്ധുക്കളുടെ ഹിമാലയ ശിഖരങ്ങളോളം എത്തിനില്‍ക്കുന്ന വംശവുമായി രക്തബന്ധമുള്ളവനും വൈദിക സപ്തസിന്ധുക്കളുടെ ഭാഗമാണെന്ന അഭിമാനമുള്ളവനുമാകണം. 3. ഈ ദേശത്തിന്റെ സാംസ്കാരിക പ്രവാഹഗതിയില്‍ പൈതൃകം കാണുന്നവനുമായിരിക്കണം. (11) സവര്‍ക്കറുടെ ദര്‍ശനത്തില്‍ ഹിന്ദുത്വം സാംസ്കാരികവും സാമൂഹ്യവും രാഷ്ട്രീയവുമായ സങ്കല്പമാണ്.
ദേശീയത എന്നത് സവര്‍ക്കറെ സംബന്ധിച്ചിടത്തോളം മനുഷ്യനെയും സമൂഹത്തെയും ഒന്നായി നിറുത്തുന്ന സമഗ്രതയാണ്. പരസ്പര ബന്ധത്തെ ഊട്ടിയുറപ്പിക്കാനുള്ള മാനവീയ ഘടകങ്ങളെ ആധാരമാക്കിയാണ് ദേശീയത രൂപപ്പെടുന്നത്. ഭൂപരമായ കാരണം അതായത് പൊതുവാസസ്ഥാനമെന്നതിനേക്കാള് (Territorial Nationalism) രാഷ്ട്ര രൂപീകരണത്തെ നിലനിറുത്തുന്നതും ദൃഡീകരിക്കുന്നതും സാമൂഹ്യസാംസ്കാരിക, ധാര്മികചരിത്ര ഘടകങ്ങളാണ്. ഇങ്ങനെ പൂര്വ്വകല്പിത ധാരണകളെ തകര്‍ത്തുകൊണ്ട് വി.ഡി. സവര്‍ക്കര്‍, ഹിന്ദു രാഷ്ട്രത്തെ ഇങ്ങനെ സിദ്ധാന്തവല്‍ക്കരിക്കുന്നു. ഹിന്ദു രാഷ്ട്രം കൂണുപോലെ മുളച്ചുണ്ടായ രാഷ്ട്രമല്ല. അത് ഉടമ്പടിയില്‍ നിന്നും ഉടല്പൂണ്ടതല്ല. സന്ധിയില്‍ നിന്നും സംജാതമായതല്ല. കടലാസുകൊണ്ടുണ്ടാക്കിയ കളിക്കോപ്പല്ല. മൂന്നും പിന്നുമില്ലാത്ത മുട്ടുശാന്തിയല്ല. ഈ മണ്ണില്‍ ആഴത്തിലും പരപ്പിലും പടര്‍ന്നു പറ്റിച്ചേര്‍ന്നിരിക്കുന്നു. മുസ്ലിംങ്ങളെയോ ലോകത്തില്‍ മറ്റാരെയോ വെറുക്കാനോ വിരട്ടാനോ കണ്ടുപിടിച്ച കല്പനാസൃഷ്ടിയല്ല അത്. അതാണെങ്കില്‍ നമ്മുടെ വടക്കന്‍ അതിര്‍ത്തിയിലെ ഹിമാലയം പോലെ അതിദൃഡവും അതിഗംഭീരവുമായ യാഥാര്‍ത്ഥ്യമാണ് (12). ഇതില്‍ നിന്ന് ഹിന്ദു രാഷ്ട്രം എന്നത് ജനങ്ങളെ വിഭാഗീയതയുടെയോ വര്‍ഗ്ഗീയതയുടെയോ രാഷ്ട്രമല്ല. മറിച്ച് സമന്വയത്തിന്റെയും സഹോദര്യത്തിന്റെയും സമഷ്ടിയുടെയും രാഷ്ട്രസങ്കല്പമാണെന്ന് നമുക്ക് മനസ്സിലാക്കാം.
പുരോഗമനവാദി
ഭാരതത്തെ ഒരാധുനിക രാഷ്ട്രമായി തീര്‍ക്കുന്നതിന് യന്ത്രങ്ങളുടെ നിയന്ത്രിതവും ആസൂത്രിതവും മാനവികവുമായ പ്രയോഗം ഒഴിച്ചുകൂടാനാവാത്തതാണ്. മാനവനെ അതിമാനവനാക്കുന്ന ശാസ്ത്രത്തിന്റെ വരമാണ് യന്ത്രം എന്നാണ് സവര്‍ക്കറിന്റെ പക്ഷം. വ്യാവഹാരിക ജീവിതത്തിലെ തന്റെ പരിമിതികളെക്കുറിച്ച് ബോധവാനായ മനുഷ്യന്റെ കരുത്തിനെ കൂട്ടാന്‍ യന്ത്രങ്ങള്‍ സഹായിച്ചു എന്ന് അദ്ദേഹം പറഞ്ഞു (13). ആധുനികതയോട് പുറം തിരിഞ്ഞ് നില്‍ക്കാതെ അതിന്റെ നല്ലവശങ്ങളെ നമുക്കനുകൂലമായി തീര്‍ക്കുന്നതിന് ഭാരതീയര്‍ ശ്രമിക്കണമെന്നായിരുന്നു സവര്‍ക്കറുടെ നിര്‍ദ്ദേശം. യന്ത്രങ്ങളും പുരോഗതിയും സാങ്കേതികവിദ്യയും വ്യവസായവും വേണമെന്ന് സവര്‍ക്കര്‍ കരുതി. അദ്ദേഹം ഒരിക്കലും മാമൂല് പ്രിയനല്ലായിരുന്നു.
ധര്‍മ്മത്തിന്റെ പേരിലുള്ള ഭേദഭാവനയും ഉച്ചനീചത്വങ്ങളും ഹിന്ദുധര്‍മ്മത്തെ നശിപ്പിക്കുന്നതിനെതിരെ സവര്‍ക്കര്‍ ശബ്ദമുയര്‍ത്തി. പരിസ്ഥിതിക്കൊത്ത് ഉദ്ദേശങ്ങളും ആചാരങ്ങളും വിലയിരുത്തപ്പെടണം എന്ന കാഴ്ചപ്പാടോടുകൂടിയ സവര്‍ക്കര്‍ ഹിന്ദു സമാജത്തെ കാര്‍ന്നു തിന്നുന്ന ഏഴ് വിലക്കുകളെ ചൂണ്ടിക്കാട്ടി. ഓത്തുവിലക്ക്, പണിവിലക്ക്, തൊടുവിലക്ക്, കടല്‍വിലക്ക്, മതവിലക്ക്, തീന്വിലക്ക്, പെണ്‍വിലക്ക്. രത്നഗിരിയില്‍ ‘പതിത പാവനക്ഷേത്രം’ എന്നൊരു ക്ഷേത്രം നിര്‍മ്മിച്ച് ജാതിമത ഭേദമന്യേ ഏവര്‍ക്കുമായി തുറന്നുകൊടുത്തു. വിദ്യാലയങ്ങളിലെ സവര്‍ണ്ണാവര്‍ണ്ണ ഭേദത്തിനെതിരെ അധ്യാപകരെ ബോധവാന്മാരാക്കി. ശുദ്ധീകരണ പ്രസ്ഥാനത്തിലൂടെ മതം മാറി പോയവരെ സ്വധര്‍മ്മത്തിലേക്ക് തിരികെ കൊണ്ടുവന്നു (14). പ്രായോഗിക വാദിയായ സവര്‍ക്കറെ യാഥാസ്ഥിതികര്‍ ഹിന്ദുത്വാഭിമാനിയായ ചാര്‍വാകന്‍ എന്ന് വിശേഷിപ്പിച്ചു.
വിപ്ലവകാരികളുടെ രാജകുമാരന്
വിപ്ലവകാരിയെന്ന നിലയില്‍ സമാനതകളില്ലാത്ത ജീവിതമായിരുന്നു സവര്‍ക്കറുടേത്. അട്ടക മുതല്‍ കട്ടക് വരെയും കാശ്മീരം മുതല്‍ കന്യാകുമാരി വരെയുമുള്ള ഭാരതഭൂമിയുടെ സര്‍വ്വതോമുഖമായ അഭിവൃദ്ധിക്ക് വേണ്ടി ഒഴിഞ്ഞ് വെച്ചതായിരുന്നു സവര്‍ക്കറുടെ ജീവിതം. 1966 ഫെബ്രുവരി 26ാം തീയതി തന്റെ 83ാം വയസ്സില്‍ മരണമടയുന്നത് വരെയും വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തപ്പെടുന്ന കാപട്യമില്ലാത്ത ജീവിതമായിരുന്നു സവര്‍ക്കറുടെത്. ഇന്ത്യാ ഹൗസില്‍ താമസിച്ച് വരവെ റഷ്യന്‍ നിഹിലിസ്റ്റുകളും, റഷ്യന്‍ വിപ്ലവകാരി വഌഡിമിര്‍ ലെനിനും സവര്‍ക്കറുമായി ആശയവിനിമയും നടത്തിയിരുന്നു. ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ സവര്‍ക്കറിനുവേണ്ടി ഹാജരായത് കാറല്‍ മാര്‍ക്സിന്റെ ചെറുമകനായ ലോഗെസ്റ്റ് ആയിരുന്നു. ഇതില്‍ നിന്ന് അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി സവര്‍ക്കറിന് ഉണ്ടായിരുന്ന ബന്ധം വ്യക്തമാണ്. (15) ഈ തിരിച്ചറിവ് മൂലമാണ് എം.എന്‍. റോയിയെയും ഇ.എം.എസ്സിനെയും പോലുള്ളവര്‍ സവര്‍ക്കറിന്റെ സംഭാവനകളെ ആദരിച്ചത്. ഈ പശ്ചാത്തലം മറന്നാണ് ഇന്ന് പലരും സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തുന്നത്. ഭഗത്സിംഗ്, രാജ്ഗുരു, അച്യുത് പട്വര്ദ്ദന്, സുഭാഷ് ചന്ദ്രബോസ് എന്നീ വിപ്ലവകാരികള്‍ വരെ സവര്‍ക്കറില്‍ നിന്ന് ഉപദേശം സ്വീകരിച്ചിരുന്നു. ഇവയൊക്കെ മറന്നുകൊണ്ട് സവര്‍ക്കറുടെ വ്യക്തിത്വത്തെ കരിവാരി തേക്കുന്നവരുടെ ഇരട്ടത്താപ്പിനെ നമ്മള് തിരിച്ചറിയേണ്ടിയിരിക്കുന്നു.
ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിച്ചുകൊണ്ട് സവര്‍ക്കറുടെ രാഷ്ട്രീയ ജീവിതത്തെ ഗാന്ധിവധത്തിന്റെയും ഭാരതവിഭജനത്തിന്റെയും പേരില്‍ വിമര്‍ശിക്കുന്നതില്‍ നവഇടത്ലിബറല് ബുദ്ധി ജീവികള്‍ പ്രത്യേക ശ്രദ്ധാലുക്കളാണ്. ഗാന്ധിവധക്കേസിലെ വിധിന്യായം പറഞ്ഞ ജസ്റ്റിസ് ഖോസ്ലെയുടെ വിധിന്യായവും പിന്നീട് നടന്ന കപൂര്‍ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്. ഈ ആരോപണത്തില്‍ കഴമ്പില്ലായെന്നാണ്. അതുപോലെതന്നെ ഭാരതത്തിന്റെ ഭരണം സ്വപ്നം കണ്ടിരുന്ന നേതാക്കന്മാര് ഭാരത വിഭജനത്തിന് സമ്മതം മൂളിയപ്പോള്‍ തങ്ങളുടെ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാനായി ദ്വിരാഷ്ട്രവാദം എന്ന ആരോപണത്തെ സവര്‍ക്കറുടെയും മുഹമ്മദാലി ജിന്നയുടെയും കഴുത്തില്‍ വച്ച് കെട്ടി കയ്യൊഴിയാന്‍ ശ്രമിച്ചു. വിഭജനത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കന്മാര് ആശയസ്ഥിരതയില്ലാത്ത വഴുവഴുപ്പന്‍ നിലപാടുകള്‍ കൈക്കൊണ്ടപ്പോള്‍ സവര്‍ക്കര്‍ മാത്രമാണ് ദൃഢവും വ്യക്തവും ദേശീയവുമായ കാഴ്ചപ്പാട് അവതരിപ്പിച്ചത് എന്ന് ഡോ. ബി.ആര്. അംബേദ്ക്കര്‍ സാക്ഷ്യപ്പെടുത്തുന്നു.(16)
ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണത്തിന് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സവര്‍ക്കര്‍ തയ്യാറല്ലായിരുന്നു. കടുത്ത ഭാഷയില്‍ തന്നെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുകയും ഭരണവര്‍ഗ്ഗത്തെ അദ്ദേഹം താക്കീത് ചെയ്യുകയും ചെയ്തു. വിമോചന സമരത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇഎംഎസ് സര്‍ക്കാരിന് സ്ഥാനം ഒഴിയേണ്ടിവന്നപ്പോള്‍ സവര്‍ക്കര്‍ ശക്തമായി അപലപിച്ചു. കേരള രാഷ്ട്രീയത്തില്‍ മതന്യൂനപക്ഷങ്ങളുടെ വിലപേശലിനും വോട്ട്ബാങ്ക് രാഷ്ട്രീയത്തിനും വിമോചനസമരം ഇടവരുത്തുമെന്ന് അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതം, സൈനിക ശക്തിയും അതിര്‍ത്തിയും സുശക്തമാക്കണമെന്ന് സവര്‍ക്കറുടെ നിര്‍ദ്ദേശത്തിന് നെഹ്റുവിന് സര്‍ക്കാര്‍ വില കല്പ്പിക്കാത്തത് മൂലമാണെന്ന് ഇന്ത്യചൈന യുദ്ധത്തില്‍ ഭാരതത്തിന് കനത്ത വില നല്‍കേണ്ടി വന്നത്.(17)
ചരിത്ര പുരുഷന്മാരുടെ ജീവിതത്തെ വിലയിരുത്തുമ്പോള്‍ പലപ്പോഴും ഉണ്ടാകാറുള്ള സ്തുതി/നിന്ദ എന്നീ കേവല ദ്വന്ദ്വത്തിനപ്പുറം കടന്നുകൊണ്ട് വ്യക്തിയും ചരിത്രവും ഒന്നായി മാറുന്ന ഒരപൂര്‍വ്വ പ്രക്രിയയാണ് സവര്‍ക്കറുടെ ജീവിതം. തന്റെ ആന്തരിക സത്തയുടെ വളര്‍ച്ചയിലല്ല മറിച്ച് സാമൂഹ്യ ജീവിതത്തിന്റെ പ്രയോഗപരിസരത്താണ് വീരവിനായക ദാമോദര സവര്‍ക്കര്‍ എന്ന വി.ഡി. സവര്‍ക്കറുടെ വ്യക്തിത്വം രൂപപ്പെട്ടത്. വസ്തുതാവിരുദ്ധമായ ആരോപണങ്ങളാല്‍ സവര്‍ക്കറുടെ ജീവിതത്തെ കരിവാരി തേക്കാന്‍ സംഘടിതമായ ശ്രമം നടക്കവേ സവര്‍ക്കറുടെ ജീവിതത്തിന്റെ ചരിത്രപരമായ ദൗത്യത്തെക്കുറിച്ച് വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ പഠനത്തിന്റെ ആവശ്യകതയേറുകയാണ്. സവര്‍ക്കറിന്റെ കാലടിപ്പാടുകളെ പിന്തുടര്ന്ന് അദ്ദേഹത്തിന്റെ സ്വപ്നത്തെ ഇന്ത്യന്‍ ദേശീയത സാക്ഷാത്കരിക്കണം. ‘ഈ സ്വപ്നം പൊള്ളയായാല്‍ ഞാന്‍ പടു വിഡ്ഢിയായി കലാശിക്കും. സത്യമായാല്‍ പ്രവാചകനായി എണ്ണപ്പെടും. നിങ്ങള്‍ക്ക് കൈമാറുന്ന എന്റെ പൈതൃകമിതാണ്.’ (18)
പിന്കുറിപ്പ്
1. പേജ്14, ‘വീര സവര്‍ക്കറുടെ കൂടെ’ പി പരമേശ്വരന്,
വീര സവര്‍ക്കര്‍ – എന്റെ ജയില്‍ ജീവചരിത്രം, India Books, കോഴിക്കോട്
2. പേജ് 47, ‘വീര സവര്‍ക്കര്‍ വിപ്ലവകാരികളുടെ രാജകുമാരന്’, ജെ നന്ദകുമാര്‍, കുരുക്ഷേത്ര പ്രകാശന്, എറണാകുളം
3. Ibid
4. പേജ് 19, പ്രകാശ ഗോപുരങ്ങള്‍, കെ. രാമന്‍പിള്ള, കര്‍ത്തിക പബ്ലിക്കേഷന്‍, തിരുവനന്തപുരം
5. പേജ് 162, ‘ഭാരത സ്വാതന്ത്യ്ര സമര ചരിത്രം തമസ്ക്കരിക്കപ്പെട്ട ഏടുകള്‍’, കാ ഭാ സുരേന്ദ്രന്, ബുദ്ധ ബുക്സ്, അങ്കമാലി
6. Ibid
7. പേജ് 25, ‘നിലവിളികളുടെ അലകള്‍ തങ്ങുന്ന സെല്ലുലാര്‍ ജസ്റ്റിസ് കെ. ടി. തോമസ്, കേസരി വരിക, ലക്കം 68, 2020 ഫെബ്രുവരി 7
8. wikipedia.org
9. പേജ് 18, ‘വേറിട്ട വഴിയില്‍ വേറിട്ടൊരാള്‍’ സംഗീത് സദാശിവന്, കേസരി വരിക , ലക്കം 68, 2020 ഫെബ്രുവരി 7
10. പേജ് 31, ‘A History of Indian Freedom Struggle’ E.M.S. Namboothiripad, Social Scientist press, Trivandrum
11.പേജ് 151, ‘യുക്തി ഭദ്ര ദേശീയവാദത്തിന്റെ വീര സവര്‍ക്കര്‍ പക്ഷം ജെ നന്ദകുമാര്‍, കേസരി ഓണപ്പതിപ്പ്, ലക്കം 34, 2017 ആഗസ്ത് 25
12. പേജ് 5, മുഖവുര ആര് ഹരി, ഭാരത ചരിത്രത്തിലെ ആറ് സുവര്‍ണ്ണഘട്ടങ്ങള്‍ വി ഡി സവര്‍ക്കര്‍ , കുരുക്ഷേത്ര പ്രകാശന്
13. പേജ് 7, മുഖവുര ആര് ഹരി, ഭാരത ചരിത്രത്തിലെ ആറ് സുവര്‍ണ്ണഘട്ടങ്ങള്‍ വി ഡി സവര്‍ക്കര്‍ , കുരുക്ഷേത്ര പ്രകാശന്
14. പേജ് 86, ‘വീര സവര്‍ക്കര്‍ വിപ്ലവകാരികളുടെ രാജകുമാരന്’, ജെ നന്ദകുമാര്‍, കുരുക്ഷേത്ര പ്രകാശന്, എറണാകുളം
15. പേജ് 46, ‘ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് മുരളി പാറപ്പുറം’, കേസരി വരിക, 2020 മേയ് 8 – Online edition
16. പേജ് 35, ‘വീര സവര്‍ക്കര്‍ വിപ്ലവകാരികളുടെ രാജകുമാരന്’, ജെ നന്ദകുമാര്‍, കുരുക്ഷേത്ര പ്രകാശന്, എറണാകുളം
17. Ibid
18. പേജ് 5, മുഖവുര ആര് ഹരി, ഭാരത ചരിത്രത്തിലെ ആറ് സുവര്‍ണ്ണഘട്ടങ്ങള്‍ വി ഡി സവര്‍ക്കര്‍ , കുരുക്ഷേത്ര പ്രകാശന്
19. ‘1857 ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം’, വി ഡി സവര്‍ക്കര്‍, കുരുക്ഷേത്ര പ്രകാശന്
വിഷ്ണു അശോക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: