കോട്ടയം: സാമൂഹ്യ അകലം പാലിച്ച് സര്‍വീസ് നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ കാറ്റില്‍ പറത്തി സ്വകാര്യ ബസുകള്‍. സീറ്റുകള്‍ പൂര്‍ണ്ണമായും നിറഞ്ഞ ശേഷം, യാത്രക്കാരെ നിര്‍ത്തിക്കൊണ്ടാണ് കോട്ടയത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. കൊറോണ രോഗബാധിതരുടെ എണ്ണം ജില്ലയില്‍ വര്‍ദ്ധിച്ച് വരുമ്പോഴാണ് സ്വകാര്യ ബസുകള്‍ മുന്‍ കരുതല്‍ നിര്‍ദേശങ്ങളെല്ലാം മറികടന്ന് സര്‍വീസ് നടത്തുന്നത്.
രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഒരാള്‍ക്കും, മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ രണ്ട് യാത്രക്കാര്‍ക്കും ഇരിക്കാനാണ് അനുമതിയുള്ളത്. നിലവില്‍ എല്ലാ സീറ്റുകളിലും ആളെ ഇരുത്തിയാണ് സ്വകാര്യ ബസുകളുടെ സര്‍വീസ്. ജനങ്ങളെ കൂട്ടത്തോടെ വാഹനത്തില്‍ കയറ്റുന്നത് ചോദ്യം ചെയ്യുന്ന യാത്രക്കാരെ ബസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്നതും പതിവ് സംഭവമാണ്.
കോട്ടയം- കൈനടി, കോട്ടയം അയ്മനം പരിപ്പ്, കോട്ടയം- മീനടം, കോട്ടയം- ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി- തിരുവല്ല, ചങ്ങനാശ്ശേരി- പായിപ്പാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും സാമൂഹ്യ അകലം പാലിക്കപ്പെടുന്നില്ലന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും ബേക്കറി അടക്കമുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
നിയന്ത്രണം മറികടന്നാല്‍ നടപടി: എസ്.പി
കൊറോണ മുന്‍കരുതല്‍ ലംഘിച്ച് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയദേവ്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയിരുന്നു. നിയന്ത്രണം ലംഘിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി മിന്നല്‍ പരിശോധന ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: