തൊടുപുഴ: ചെറിയ ഇടവേളക്കുശേഷം ഇടുക്കി ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആകെ 28 ആയി. നിലവില്‍ മൂന്ന് പേരാണ് ചികിത്സയിലുള്ളത്.
തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ 28 കാരനാണ് രോഗം ബാധിച്ചത്. ന്യൂദല്‍ഹിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ഇദ്ദേഹം കഴിഞ്ഞ 22ന് എറണാകുളത്ത് ട്രയിന്‍ മാര്‍ഗം എത്തിയതാണ്. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴയിലെത്തി സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. യുവാവിനെ ഇന്നലെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൂന്നാര്‍ ശിക്ഷക് സദനില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 48 കാരന് ആണ് ജില്ലയില്‍ ഇതിന് മുമ്പ് രോഗം സ്ഥിരീകരിച്ചത്. 25ന് ആണിത്. ശാന്തമ്പാറ സ്വദേശിയായ 24 കാരന് 21നും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ മൂന്ന് പേരുമാണ് നിലവില്‍ ചികിത്സയിലുള്ളത്. മറ്റിടങ്ങളിലെല്ലാം രോഗികളുടെ എണ്ണം കൂടുമ്പോഴും ഇടുക്കിയില്‍ രോഗികള്‍ കൂടാത്തത് വലിയ ആശ്വാസമാണ് നല്‍കുന്നത്. റെഡ് സോണില്‍ നിന്നടക്കം ഇടുക്കിയിലേക്ക് വരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഇതിന് കാരണം.
കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ കേരളത്തിലെത്തിയത് 237 പേര്. 110 പുരുഷന്മാരും 93 സ്ത്രീകളും 34 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്നാട്- 151, കര്‍ണ്ണാടക- 28, മഹാരാഷ്ട്ര- 18, തെലുങ്കാന- 32 , പോണ്ടിച്ചേരി- 4, രാജസ്ഥാന്- 4 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ ഇടുക്കി ജില്ലയിലേക്കെത്തിയ 51 പേരില്‍ 11 പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. റെഡ് സോണുകളില്‍ നിന്നെത്തിയ 36 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 201 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റെയിന് നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: