കാസര്‍കോട്: ചില താല്‍ക്കാലിക ജീവനക്കാര്‍ കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സന്റെ സീക്രട്ട് പാസ്വേര്ഡ് അടക്കം കൈക്കലാക്കി നഗരസഭാ ഭരണത്തില്‍ ഇടപെടുന്നതായും ഇക്കാര്യം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ബിജെപി അംഗമായ പ്രതിപക്ഷനേതാവ് പി. രമേശ് ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ആദ്യാവസാനം വരെ വിവിധ വിഷയങ്ങളെ ചൊല്ലി തര്‍ക്കങ്ങളുണ്ടായത്.
കാസര്‍കോട് നഗരസഭാ ഗോഡൗണില്‍ നിന്ന് പാന്‍പരാഗ് കാണാതായതും ഡ്രൈവറുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയവും അഴിമതിയും നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി ഉന്നയിച്ചത് ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനും വാക്കേറ്റത്തിനും ഇടയായി. നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നഗരസഭാ ഗോഡൗണില്‍ നിന്ന് പാന്‍പരാഗ് അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ കാണാതായ വിഷയത്തില്‍ സെക്രട്ടറിക്കെതിരെ മുസ്ലിം ലീഗ് തന്നെ ഒളിയമ്പെയ്തു.
സെക്രട്ടറി പോലീസിന് നല്കിയ പരാതിയില്‍ മോഷണം എന്ന വാക്ക് ചേര്‍ക്കാത്തത് ആരൊക്കെയോ രക്ഷിക്കാന്‍ ആണെന്നായിരുന്നു ഭരണപക്ഷത്തിന്റെ തന്നെ ആരോപണം. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ദാമോദരന്‍ ഇത് സംബന്ധിച്ച് നല്കിയ വിശദീകരണത്തില്‍ ഭരണപക്ഷം തൃപ്തരായില്ല. കള്ളന് നമുക്ക് മുന്നില്‍ തന്നെയുണ്ടെന്നും ഇതേ കുറിച്ച് വിശദമായിട്ടുള്ള അന്വേഷണമാണ് വേണ്ടതെന്നും ബിജെപി ആവശ്യപ്പെട്ടു.
നഗരസഭയിലെ കാര്‍ ഡ്രൈവര്‍ പി.എ. അബ്ദുല്‍നാസറിന്റെ സേവനം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച വിഷയമാണ് തര്‍ക്കത്തിന് ഇടയാക്കിയ രണ്ടാമത്തെ കാരണം. നാസറിന്റെ കാലാവധി മാര്‍ച്ച് 24 ന് 179 ദിവസം പൂര്‍ത്തിയാക്കി അവസാനിച്ചതിനാല്‍ അദ്ദേഹത്തിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ കാലാവധി ദീര്‍ഘിപ്പിച്ചു നല്കുന്ന വിഷയം അജണ്ടയിലുണ്ടായിരുന്നു.
എന്നാല്‍ ജോലിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ഡ്രൈവര്‍ രേഖാമൂലം അറിയിച്ചതിനാല്‍ വിഷയം ചര്‍ച്ചക്കെടുക്കാതെ ചെയര്‍പേഴ്സണ്‍ ഒഴിഞ്ഞുമാറി. അജണ്ടയിലെ വിഷയം ചര്‍ച്ച ചെയ്യാതെ തങ്ങളെ നോക്കുകുത്തിയാക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഡ്രൈവര്‍ രാജി നല്‍കിയെന്ന ചെയര്‍പേഴ്സന്റെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം വെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: