ശുനശ്ശേഫനെ യഥാര്‍ഥത്തില്‍ രക്ഷിച്ചത് വിശ്വാമിത്ര മഹര്‍ഷിയാണ്. മരണം മുന്നില്‍ കണ്ട് വിഷമിച്ച ഒരു ഘട്ടത്തില്‍ ആരും തനിക്ക് ആശ്രയമില്ല എന്ന തിരിച്ചറിവോടെ ആപത്തില്‍ കഴിയുമ്പോഴാണ് വിശ്വാമിത്ര മഹര്‍ഷി ആശ്വാസവുമായെത്തിയത്. യാതൊരു സ്വാര്ഥമോഹവുമില്ലാതെ അനുകമ്പാപൂര്‍വമാണ് മഹര്‍ഷി വരുണമന്ത്രമുപദേശിച്ച് അനുഗ്രഹിച്ചത്. യാഗയൂപത്തില്‍ നിന്നു മാത്രമല്ല, സംസാരസാഗരത്തില്‍ നിന്നു തന്നെ മോചനത്തിനുള്ള മാര്‍ഗം വിശ്വാമിത്ര മഹര്‍ഷിയുടെ ഉപദേശത്താല്‍ ലഭ്യമായി. ആപത്തില്‍ രക്ഷിച്ചവന്, വിദ്യ ഉപദേശിച്ചവന്, മോക്ഷമാര്ഗമേകിയവന്, ഇങ്ങനെ ബഹുവിധത്തില്‍ രക്ഷനല്‍കിയ വിശ്വാമിത്ര മഹര്‍ഷി തന്നെയാണ് യഥാര്‍ഥത്തില്‍ ശുനശ്ശേഫന്റെ അച്ഛന് എന്ന പദവിക്ക് യോഗ്യന്‍.
ആചാര്യ സദസ്സിന്റെ വിധികേട്ട് ശുനശ്ശേഫന്, വിശ്വാമിത്ര സവിധത്തില്‍ ചെന്നു. സ്നേഹവായ്പോടെ വിശ്വാമിത്ര മഹര്‍ഷി ആ പുത്രനെ തലോടിക്കൊണ്ട് തന്റെ വസതിയിലേക്ക് ക്ഷണിച്ചു.
വീട്ടില്‍ തിരിച്ചെത്തിയ വിശ്വാമിത്ര മഹര്‍ഷി മക്കളെയെല്ലാം അരികില്‍ വിളിച്ച് ശുനശ്ശേഫനെ പരിചയപ്പെടുത്തി. വരുണദേവന്റെ അനുഗ്രഹം നേടിയതിനാല്‍ ദേവരാതന് എന്നുകൂടി അറിയപ്പെടുന്ന ഇവനെ നിങ്ങളെല്ലാവരും ജ്യേഷ്ഠ സഹോദരനായി ഗണിക്കണം എന്നും വിശ്വാമിത്ര മഹര്‍ഷി ഉപദേശിച്ചു.
വരുണദേവനും ബ്രഹ്മാവുമുള്പ്പെടെ ദേവന്മാരെല്ലാം അനുഗ്രഹിച്ചതിനാലാണ് ദേവരാതന് എന്ന പേര് ലഭിച്ചതെന്നറിഞ്ഞും വിശ്വാമിത്ര മഹര്‍ഷിയുടെ ഉപദേശം മാനിച്ചും ശുനശ്ശേഫനെ ജ്യേഷ്ഠസഹോദരനായിത്തന്നെ ഗണിക്കുവാന്‍ വിശ്വാമിത്ര പുത്രന്മാര് തയാറായെങ്കിലും അതില്‍ ചിലര്‍ എതിര്‍പ്പു പ്രകടമാക്കിയെന്ന് ശ്രീമദ് ഭാഗവതം ചൂണ്ടിക്കാട്ടുന്നു.
തന്റെ നിര്‍ദേശം പാലിക്കാത്തവര്‍ക്ക് ഇറങ്ങിപ്പോകാം എന്ന് വിശ്വാമിത്ര മഹര്‍ഷി താക്കീതു ചെയ്തു. അങ്ങനെ ഇറങ്ങിപ്പോയവര്‍ മ്ലേഛന്മാര് എന്നറിയപ്പെട്ടു.
ആചാര്യന്മാരും ദേവന്മാരും അംഗീകരിച്ച ശുനശ്ശേഫനെ ജ്യേഷ്ഠനായി കാണണമെന്ന അച്ഛന്റെ ആജ്ഞയെ ഞങ്ങള്‍ ശിരസ്സു നമിച്ച് മനസാ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് ശുനശ്ശേഫനെ ആലിംഗനം ചെയ്ത പുത്രന്മാരെ വിശ്വാമിത്ര മഹര്‍ഷി അനുഗ്രഹിച്ചു.
ദേവരാതനെ അംഗീകരിച്ച വിശ്വാമിത്ര വംശത്തെയും ദേവന്മാര് അനുഗ്രഹിച്ചു. അയോധ്യയില്‍, വരുണാനുഗ്രഹത്താല്‍ രോഗമുക്തനായ ഹരിശ്ചന്ദ്രനും സന്തുഷ്ടനായി. മധുരം ഇരട്ടിപ്പിക്കാന്‍ രോഹിതന് വിവരങ്ങള്‍ അറിഞ്ഞ് തിരിച്ചെത്തിയതും ഏറെ സഹായകമായി. യാഗശാലയില്‍ വച്ച് താനെടുത്ത തീരുമാനം (എന്നും സത്യവ്രതനായിരിക്കുമെന്ന നിശ്ചയം) ഈ ഘട്ടത്തില്‍ കൂടുതല്‍ ഉറപ്പിച്ചു. അച്ഛന് സത്യവ്രതന്റെ ജീവിത നിലപാടുകളെ മനസാ ആശ്ലേഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: