തിരുവനന്തപുരം: റിമാൻഡ് പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സിഐഅടക്കം നിരീക്ഷണത്തിലായ വെഞ്ഞാറമൂട്ടിൽ സമൂഹ വ്യാപനമെന്ന് സംശയം. രണ്ട് വധശ്രമകേസുകളിൽ പ്രതികളായ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പ്രപതികളിൽ ഒരാൾ യൂത്ത് കോൺഗ്രസ്സ് പ്രാദേശിക നേതാവ്.
ഇന്നലെ വൈകിട്ടോടെയാണ് റിമാൻഡിൽ കഴിയുന്ന ആനച്ചൽ സ്വദേശിക്കും പുല്ലമ്പാറ സ്വദേശിയായ യൂത്ത് കോൺഗ്രസ്സ് പ്രദേശിക നേതാവിനും കൊറോണ വൈറസ് സ്ഥിരീകരിച്ചത്. മകളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചതിനാണ് ആനച്ചൽ സ്വദേശിയെ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനായിരുന്നു യൂത്ത് കോൺഗ്രസ്സ്് നേതാവിന്റെ അറസ്റ്റ്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ആനച്ചൽ സ്വേദേശിയെ അറസ്റ്റ് ചെയ്യുന്നത്. അന്ന് രാത്രിയോടെ യൂത്ത്കോൺഗ്രസ്സ് നേതാവിനെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ അഞ്ച് മണികഴിഞ്ഞതിനാൽ ചൊവ്വാഴ്ചയാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. തുടർന്ന് ജയിലിലെത്തിക്കുന്നതിന് മുന്നോടിയായുള്ള ശ്രവ പരിശോധനിയിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്.
നേരത്തെ രോഗം സ്ഥിരീകരിച്ച അബ്കാരി കേസിലെ പ്രതിയും ഇവരും തമ്മിൽ ബന്ധമില്ലെന്നാണ് നിഗമനം. അബ്കാരി കേസിലെ പ്രതിയുടെ റൂട്ട് മാപ്പ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇയാളിൽ നിന്നും നിരവധി പേർ വ്യാജചാരായം വാങ്ങി ഉപയോഗിച്ചെന്നാണ് അറിയുന്നത്.ആനച്ചൽ സ്വദേശി മദ്യപിക്കുന്ന ആളായതിനാൽ ഇയാളുമായി ബന്ധപ്പെടാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ നിരവധി പേരിലേക്ക് രോഗം എത്തിയിട്ടുണ്ടാകും.
യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ സ്ഥലമായ പുല്ലമ്പാറയിലുള്ള നിരവധി പേരുമായി അബ്കാരി കേസിലെ പ്രതിക്ക് ബന്ധമുണ്ട്. അതിനാൽ തന്നെ അബ്കാരി കേസിലെ പ്രതിയിൽ നിന്നും നിരവധി പേർക്ക് രോഗം എത്തിയെന്നാണ് നിഗമനം. എന്നാലൽ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ച് ശേഷം സെല്ലിൽ നിന്നും രോഗം പടരാനുള്ള സാധ്യതയും ആരോഗ്യവിഭാഗം തള്ളിക്കളയുന്നില്ല. അബ്കാരി കേസിലെ പ്രതിയെ പിടികൂടിയ വെഞ്ഞാറമൂട് സിഐഅടക്കം 30ഓളം പോലീസുകാരും സിഐയക്കൊപ്പം വേദി പങ്കിട്ട എംഎൽഎ ഡി.കെ.മുരളി, സുരാജ് വെഞ്ഞാറമൂട്, മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ ഇപ്പോൾ തന്നെ വീടുകളിൽ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച മൂന്നുപേർക്കും രോഗലക്ഷണങ്ങൾ ഇല്ലായെന്നതും ആശങ്ക പരത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: