കട്ടപ്പന: ഇടുക്കി പെരിഞ്ചാന്‍കുട്ടി സ്വദേശിയായ അനിറ്റ കുര്യന് കവിത എന്നത് ഒരു ലഹരിയാണ്. മുരിക്കാശേരി പാവനാത്മ കോളേജില്‍ മലയാളം അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അനീറ്റ രണ്ടു വര്‍ഷം കൊണ്ട് നാനൂറിലധികം കവിതകളാണ് എഴുതി തീര്‍ത്തത്. കുട്ടികാലം മുതല്‍ കൂട്ടുകൂടിയ കവിതയെ പരിപോഷിപ്പിക്കുവാന്‍ അനിറ്റയ്ക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു.
കുടിയേറ്റ ഗ്രാമമായ പെരിഞ്ചാന്‍കുട്ടിയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച അനീറ്റ കുര്യന് ചെറുപ്പം മുതല്‍ കവിതയോടായിരുന്നു കമ്പം. സ്കൂള്‍ കുട്ടിയായിരിക്കെ നിരവധി കവിതകള്‍ എഴുതിയെങ്കിലും അവയൊന്നും പുറത്താരും കണ്ടിട്ടില്ല. എന്നാല്‍ പന്ത്രണ്ടാം തരം കഴിഞ്ഞ് മുരിക്കാശേരി പാവനാത്മ കോളേജില്‍ മലയാള പഠനത്തിന് എത്തിയതോടെ എല്ലാം മാറിമറിഞ്ഞു.
ഏതു വിഷയത്തെയും പ്രമേയമാക്കി നിമിഷങ്ങള്‍ക്കുള്ളില്‍ കവിതയെഴുതും എന്നതാണ് അനിറ്റയെ വ്യത്യസ്ഥയാക്കുന്നത്. പരിസ്ഥിതിയും മനുഷ്യനും സമകാലിക പ്രശ്നങ്ങളും ഒക്കെ കവിതയാക്കാനാണ് അനിറ്റയ്ക്ക് ഏറെ പ്രിയം. അനിറ്റയുടെ കവിതകള്‍ മിഴി എന്നപേരില്‍ പാവനാത്മ കോളേജ് പുസ്തകം ആക്കിയിട്ടുണ്ട്. മലയാള നാടിനെയും മലയാള ഭാഷയെയും ജീവനോളം സ്നേഹിക്കുന്ന ഈ യുവ കവയത്രിയുടെ കവിതകള്‍ വേറിട്ടതാണെന്ന അഭിപ്രായമാണ് ഹൈറേഞ്ചിലെ പല കവികള്ക്കുമുള്ളത്. കവിതയോടൊപ്പം പ്രസംഗകലയിലും സജീവമാണ് അനീറ്റ. മാതാ
പിതാക്കളും അദ്ധ്യാപകരും, സഹോദരങ്ങളും കൂട്ടുകാരുമാണ് തനിക്കു കവിതയെഴുതുവാന് പ്രചോദനം നല്‍കുന്നത് എന്ന് ഈ യുവ പ്രതിഭ പറയുന്നു. ആനന്ദ ശേരിയില്‍ അപ്പച്ചന് -ലില്ലി ദമ്പതികളുടെ മൂന്നുമക്കളില്‍ രണ്ടാമത്തെ ആളാണ് അനീറ്റ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: