ഒന്നാണ് നാം ഒന്നാമതാണ് നാം എന്ന മുദ്രവാക്യം ഉറക്കെ പറഞ്ഞുകൊണ്ടാണ് കേരളം കൊറോണ കാലത്ത് പെരുമാറുന്നത്. എന്നാല്‍ കൊറോണയെ നേരിടുന്നതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കേരളത്തിനാകുന്നില്ല എന്നതാണ് പരമാര്‍ത്ഥം. കേരളം മലയാളികള്‍ക്കാകെ അവകാശപ്പെട്ടതാണ്. മലയാളികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നാട്ടിലേക്ക് വരാം. വരേണ്ടെന്ന് പറയുന്നില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിക്കുന്നത്. കേരളത്തില്‍ മലയാളികള്‍ എത്താതിരിക്കാനും
എത്തിക്കുന്നവര്‍ക്ക് ലെവി ചുമത്താനുമാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. തനി ഇരട്ടത്താപ്പാണ് സര്‍ക്കാര്‍ കാണിക്കുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. വിദേശത്തുനിന്നും എത്തുന്ന മലയാളികള്‍ സര്‍ക്കാര്‍ ക്വാറന്റൈന് പണം നല്‍കണമെന്നാണ് പുതിയ നിര്‍ദ്ദേശം. രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവര്‍ക്ക് സ്വന്തം ചെലവില്‍ 28 ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമാക്കാനുമുള്ള നിര്‍ദ്ദേശം മനുഷ്യത്വരഹിതമാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
പ്രവാസിമലയാളികളാരും കേരളത്തിലേക്ക് വരേണ്ട എന്ന നിലപാടാണോ ഇടതു സര്‍ക്കാരിനുള്ളതെന്ന് ചോദിക്കാതിരിക്കാനാവില്ല. ഗള്‍ഫില്‍ മാത്രം 124 മലയാളികള്‍ മരണപ്പെട്ടു. എത്രയും വേഗം നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് മലയാളികളുണ്ട്. സാമ്പത്തികശേഷിയില്ലാത്തവരെ സൗജന്യമായി എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. വിമാനങ്ങള്‍ മാത്രമല്ല തീവണ്ടികളും അതിനായി സജ്ജമാക്കാന്‍ സന്നദ്ധരായിട്ടുണ്ട്. എന്നാല്‍ പുറപ്പെടാന്‍ നിശ്ചയിച്ച വണ്ടികള്‍ പോലും കേരളത്തിന്റെ എതിര്‍പ്പുമൂലം റദ്ദാക്കേണ്ടിവന്നിട്ടുണ്ട്. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ മലയാളികളെ നാട്ടിലെത്തിക്കാന്‍ തയ്യാറാകുന്നില്ല എന്ന പച്ചക്കള്ളമാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. മലയാളികള്‍ നാട്ടിലെത്തുന്നത് സര്‍ക്കാരിന് ബാധ്യത എന്നാണ് നിലപാട്. ഇത് കൈവിട്ടകളിയാണെന്ന് പറയേണ്ടിയിരിക്കുന്നു.
ഇവിടെ എല്ലാം സജ്ജം. എത്രപേര്‍ എത്തിയാലും സഹായിക്കാനും സംരക്ഷിക്കാനും സന്നദ്ധം എന്നാണ് സര്‍ക്കാര്‍ ഇന്നലെവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ കാര്യത്തോടടുക്കുമ്പോഴാണ് ഒന്നും ഇവിടെ ഒരിക്കിയില്ലെന്ന് വ്യക്തമാകുന്നത്. അസാധാരണ സാഹചര്യത്തില്‍ പാര്‍ട്ടി താല്പര്യങ്ങള് പരമാവധി സംരക്ഷിക്കുക എന്ന നിലപാടാണ് സ്വീകരിക്കുന്നത്. ആദ്യ കമ്യൂണിസ്റ്റ് ഭരണകാലത്ത് നടപ്പാക്കിയ സെല്‍ഭരണം ഇപ്പോള്‍ നടപ്പാക്കുകയാണ്. കൊറോണയെ നേരിടാന്‍ തട്ടിക്കൂട്ടിയ സന്നദ്ധസേന തന്നെ അതിന് ഉദാഹരണമാണ്. പോലീസിനൊപ്പം പാര്‍ട്ടിക്കാര്‍ക്ക് ബാഡ്ജും നല്‍കും. അവരെ ക്രമസമാധാനപാലനത്തിന് നിയോഗിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്.
അടിയന്തിര ഘട്ടങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കാനാണ് ദുരന്ത നിവാരണ നിയമപ്രകാരം സന്നദ്ധ സേന രൂപീകരിച്ചത്. ഇന്ന് ആ സേന നിലവില്‍വരികയാണ്. ഇതിന് പ്രത്യേക വെബ്സൈറ്റും തയ്യാറാക്കി അതില്‍ രജിസ്റ്റര്‍ ചെയ്യാനാണ് മുഖ്യമന്ത്രി അറിയിച്ചത്. യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐക്കാരെ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് വെബ്സൈറ്റ് വിവരം മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. പലപ്പോഴും വെബ്സൈറ്റ് ബ്ലോക്ക് ആയതിനാല്‍ പാര്ട്ടിക്കാര് അല്ലാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും സാധിച്ചില്ല. പോലീസ് വാളന്റിയര്‍മാര്‍ എന്നാണ് നിയോഗിക്കപ്പെടുന്നവര്‍ അറിയപ്പെടുക. പോലീസ് വോളന്റിയേഴ്സ് എന്ന് മഞ്ഞ അക്ഷരത്തിലെഴുതിയ നീല നിറത്തില്‍ മൂന്നിഞ്ച് വീതിയുള്ള തുണിയില്‍ നിര്‍മിച്ച ആം ബാന്‍ഡ് ഇവര്‍ക്ക് നല്‍കും. രണ്ടു പേരടങ്ങുന്ന പോലീസ് സംഘത്തില്‍ ഒരാളായി ഈ വോളന്റിയറുണ്ടാകും. ബൈക്ക് പട്രോള്‍ നടത്തുന്ന പോലീസുകാര്ക്കൊപ്പവും ഇവരെ നിയോഗിക്കും. ഇവരുടെ വിശദവിവരങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കും.
പോലീസിനോടൊപ്പം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് ആവശ്യമായ പ്രോത്സാഹനവും സഹായവും വോളന്റിയര്‍മാര്‍ക്ക് നല്‍കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവില്‍ പറയുന്നു. രജിസ്റ്റര്‍ പട്ടികയില്‍ സ്ഥാനം നേടിയ പലരും പോലീസിനെ ആക്രമിച്ച കേസുകളില്‍ പോലും പ്രതിസ്ഥാനത്തുള്ളവരെന്നും കേള്‍ക്കുന്നു. ഇതൊക്കെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കും എന്നതില്‍ സംശയമില്ല. എല്ലാം രഹസ്യമാക്കി പാര്‍ട്ടി അജണ്ട നടപ്പാക്കാനുള്ള നീക്കം ഒരുതരത്തിലും ന്യായീകരിക്കാന്‍ പറ്റുന്നതല്ല. മലയാളികളുടെ രക്ഷയാകണം സര്‍ക്കാരിന്റെ മുന്‍ഗണന. മാര്‍ക്സിസ്റ്റ് രക്ഷ മേല്‍ക്കൈ നേടുമ്പോള്‍ എല്ലാം തകിടം മറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: