വൈവിധ്യങ്ങളായ കാര്‍ഷിക ഉത്പന്നങ്ങളും അനുബന്ധ വസ്തുക്കളും ഉത്പാദിപ്പിക്കുന്ന മുന്‍നിര ഉത്പാദക രാജ്യമാണ് ഇന്ത്യ. ഇതില്‍ ചിലതെല്ലാം കയറ്റുമതിയും ചെയ്യുന്നു. പലവിധ സാഹചര്യങ്ങളേയും അഭിമുഖീകരിച്ച് അശ്രാന്തമായി കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരോടാണ് നാം കടപ്പെട്ടിരിക്കുന്നത്. കുരുക്ഷേത്ര യുദ്ധ വേളയില്‍ ഭഗവാന് ശ്രീകൃഷ്ണന് അര്ജുനനോട് ഫലം ഇച്ഛിക്കാതെ കര്‍മം ചെയ്യാനാണ് ഉപദേശിക്കുന്നത്. ആ നിഷ്കാമ കര്‍മത്തിന്റെ ഉത്തമ ഉദാഹരണമാണ് നമ്മുടെ കര്‍ഷകര്‍. രാവെന്നോ പകലെന്നോ ഇല്ലാതെ, മഞ്ഞെന്നോ വെയിലെന്നോ മഴയെന്നോ ഇല്ലാതെ, പര്യാപ്തമായ വിള ലഭിക്കുമോ എന്നറിയാതെ അവര്‍ അധ്വാനിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ അവര്‍ക്ക് അധ്വാനത്തിന്റെ വില പലപ്പോഴും ലഭിക്കാറില്ല. ഒരു കര്‍ഷകന്റെ മകന് എന്ന നിലയില്‍ ഞാന്‍ ഇതിനെല്ലാം സാക്ഷിയാണ്.
എല്ലാ മൗലിക അവകാശങ്ങള്‍ക്കും മേല്‍ മിതമായ നിയന്ത്രണം നമ്മുടെ ഭരണഘടന നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ദശാബ്ദങ്ങളായി യുക്തിരഹിതമായ നിയന്ത്രണങ്ങളുടെ ഇരകളാണ് നമ്മുടെ കര്‍ഷകര്‍. അവര്‍ ഉത്പാദിപ്പിക്കുന്നത്, അയല്പക്കങ്ങളില് പോലും വിറ്റഴിക്കുന്നതിന് സ്വാതന്ത്ര്യമില്ല. ന്യായമായ വില എന്നത് ഇന്നും അവര്‍ക്കൊരു മരീചികയാണ്. വിപണിയുടെ, ഇടനിലക്കാരന്റെ, പണം കടം കൊടുക്കുന്നവന്റെ ദയയെ ആധാരമാക്കിയാണ് അവന്റെ ആദായം. വിതരണ ശൃംഖലയിലുള്ളവരാണ് കൂടുതല്‍ ലാഭം നേടുന്നത്.
കര്‍ഷകര്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍
രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് 1943 ല്‍ ഉണ്ടായ ക്ഷാമം, അറുപതുകളില്‍ നേരിട്ട ഭക്ഷ്യ അപര്യാപ്തത, വരളര്‍ച്ച എന്നിവയാണ് കര്‍ഷകരുടെ വിപണന സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിക്കുന്ന, ചൂഷണം ചെയ്യുന്ന നിയന്ത്രണങ്ങള്‍ക്ക് നിദാനം. 1955 ലെ അവശ്യ വസ്തുനിയമം, സംസ്ഥാനങ്ങളുടെ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റീസ് നിയമം എന്നിവ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ ഇച്ഛാനുസരണം വില്‍ക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നു. ഉപഭോക്തൃ വിപണിയിലെ ഇരകളാണ് കര്‍ഷകര്‍. അവരുടെ നിസ്സഹായാവസ്ഥയുടേയും ചൂഷണം ചെയ്യപ്പെടലിന്റേയും അടിസ്ഥാന കാരണവും ഇതാണ്.
കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംഭരണ കേന്ദ്രങ്ങള്‍, വേഗം കേടുവരുന്ന സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ഗതാഗത സംവിധാനം, കോള്‍ഡ് സ്റ്റോറേജ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതില്‍ രാജ്യം ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്.
ഭക്ഷ്യ സുരക്ഷയുടെ ആധാരശിലയാണ് കര്‍ഷകര്‍. സ്വപ്രയത്നത്താല്‍ അവര്‍ അത് ഉറപ്പുവരുത്തുകയും രാജ്യത്തിന് അഭിമാനമാവുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ക്ക് അര്‍ഹമായതൊന്നും തിരിച്ചു കിട്ടുന്നില്ല.
രാജ്യത്തെ സാമ്പത്തിക വൈജാത്യം നിമിത്തം ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സംരക്ഷിക്കപ്പെടണം. അതോടൊപ്പം ഉത്പാദകന്റെ നിര്‍മാണ ചെലവും പരിഗണിക്കേണ്ടതുണ്ട്. ഇതില്‍ ഒരു സന്തുലിതാവസ്ഥയില്ലെങ്കില്‍ കര്‍ഷകര്‍ നിസ്സഹായരാകും. നിയന്ത്രിതമായ വ്യാപാരവും വിപണി നയങ്ങളും കര്‍ഷകരുടെ വരുമാനത്തില്‍ കാതലായ നഷ്ടം വരുത്തും.
കാത്തിരുന്ന സ്വാതന്ത്ര്യം
കര്‍ഷകര്‍ക്ക് വിപണി സ്വാതന്ത്ര്യത്തില്‍ കാലങ്ങളായി ഉണ്ടായിരുന്ന നിയന്ത്രണം ഇല്ലാതാക്കിക്കൊണ്ടുള്ള പ്രഖ്യാപനമാണ് അടുത്തിടെ കൊറോണ പാക്കേജിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായിട്ടുള്ളത്. സാമ്പത്തിക രംഗത്ത് ഉണര്‍വേകുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ കാര്‍ഷിക, അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം തന്നെ ധനമന്ത്രി നിര്മലാസീതാരാമന് വിശദീകരിക്കുകയുണ്ടായി.
കാര്‍ഷിക, അനുബന്ധ മേഖലകള്‍ക്കായി 4 ലക്ഷം കോടി രൂപയുടെ പാക്കേജ് കൊണ്ട് ലക്ഷ്യമിടുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വായ്പാ പരിധി ഉയര്‍ത്തുക എന്നിവയാണ്. അവശ്യ വസ്തു നിയമം, എപി
എംസി നിയമങ്ങള്‍ എന്നിവയില്‍ കാലോചിതമായ മാറ്റം വരുത്തും എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. അങ്ങനെയെങ്കില്‍ കര്‍ഷകരെ സംബന്ധിച്ച് അതൊരു നിര്‍ണായക നേട്ടമാണ്. കര്‍ഷകര്‍ ഒരുതരത്തിലും ചൂഷണം ചെയ്യാപ്പെടാതിരിക്കുന്നതിന് അത്യന്തം ഉത്തരവാദിത്തത്തോടുകൂടി മാത്രമേ പുനരവലോകനം നടത്താവൂ. അത് അടിയന്തരമായി നിര്‍വഹിക്കുകയും വേണം. നിരവധി പേര് കര്‍ഷകരില്‍ നിന്ന് നേരിട്ട് വിഭവങ്ങള്‍ സമാഹരിക്കുന്നുണ്ട്. ഫാം പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനുകളുടെ ഫലപ്രദമായ ഇടപെടല്‍ ഇവിടെ ആവശ്യമാണ്. കര്‍ഷകരുടെ വിലപേശല്‍ ശേഷി ഉയര്‍ത്തുന്നതിനും അവര്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാനും ഇത് അനിവാര്യമാണ്. കരാര്‍ അടിസ്ഥാനത്തിലുള്ള കൃഷിയും, സ്വകാര്യ നിക്ഷേപങ്ങള്‍ സജ്ജമാക്കുന്നതിന് പുറമെ ആവശ്യമാണ്.
നിരവധി പ്രവര്‍ത്തനങ്ങളിലൂടെ കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര പാക്കേജ് എന്നതാണ് മറ്റൊരു പ്രത്യേകത. കന്നുകാലി വളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങി ഇതര മാര്‍ഗ്ഗങ്ങളിലൂടെയും കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുന്നതിന് സഹായിക്കുന്ന ഉത്തേജക പാക്കേജാണിത്.
ഈ കൊറോണ കാലയളവില്‍ നിരവധിയാളുകള്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങള്‍ മാത്രമാണ് ആശ്രയം. നമ്മുടെ കര്‍ഷകര്‍ രാജ്യത്തിന്റെ അഭിമാനമാണ്. അവര്‍ ഉത്പാദിപ്പിക്കുന്നതിന്് ഇഷ്ടമുള്ളയിടത്ത് വിപണി കണ്ടെത്തുന്നതിനുള്ള സ്വാതന്ത്ര്യം അവര്‍ അര്‍ഹിക്കുന്നു. അത് ഉടന്‍ യാഥാര്‍ത്ഥ്യമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: