വടകര: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീ ലോകനാര്‍കാവ് ക്ഷേത്രത്തിലെ വലിയ ചിറയിലെ മത്സ്യങ്ങളെ ലേലം ചെയ്ത് വില്‍ക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. കഴിഞ്ഞ ദിവസമാണ് മത്സ്യങ്ങളെ വലിയചിറയില്‍ നിന്നും പിടിക്കാനും അത് വില്‍ക്കാനും ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് ക്ഷേത്ര നോട്ടീസ് ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെ തുടര്‍ന്ന് നിരവധി ഭക്തരാണ് മത്സ്യലേല നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍, ദേവസ്വം കമ്മീഷണര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
ആചാരത്തിനും വിശ്വാസത്തിനും നിരക്കാത്ത പ്രവൃത്തിയായതിനാലാണ് പരാതിയുമായി മുന്‍പോട്ടു പോകുന്നതെന്ന് ഭക്തര്‍ നല്കിയ പരാതികളില്‍ പറയുന്നു. ക്ഷേത്രക്കുളത്തില്‍ നിന്ന് മത്സ്യം പിടിക്കാന്‍ പാടില്ലെന്ന് മുന്‍പ് ദേവപ്രശ്നത്തില്‍ തെളിഞ്ഞിരുന്നു. ഇതോടനുബന്ധിച്ച് മത്സ്യം പിടിക്കരുതെന്ന ബോര്‍ഡും കുളക്കരയില്‍ സ്ഥാപിച്ചിരുന്നെങ്കിലും പിന്നീടത് അപ്രത്യക്ഷമായി. കൊറോണ കാലത്തെ പ്രതിസന്ധികള്‍ക്ക് നടുവില്‍ വരുമാനം ഉണ്ടാക്കാന്‍ ക്ഷേത്രവസ്തുക്കളും വിളക്കുകളും ഉള്‍പ്പെടെ ലേലം ചെയുന്ന സാഹചര്യത്തിലാണ് ചിറയിലെ മത്സ്യലേലവുമായി ദേവസ്വം ബോര്‍ഡ് രംഗത്ത് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: