കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്ശനവിലക്കുകളാല് സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ദേവീദേവ വിഗ്രഹങ്ങള്‍ക്ക് ചാര്‍ത്താനുള്ള മാലയും, ദീപം തെളിയിക്കാനുള്ള എണ്ണയും, നിത്യനിദാനത്തിനുള്ള നേദ്യം കഴിക്കാന്‍ പോലും വകയില്ലാത്തവരായി സ്വകാര്യക്ഷേത്രങ്ങളും, ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വരുമാനമില്ലാത്ത ക്ഷേത്രങ്ങളും മാറി. ഭക്തജനങ്ങളുടെ സംഭാവനയും, വഴിപാടുകളും, കാണിക്കയും കൊണ്ടാണ് പല ക്ഷേത്രങ്ങളും നിലനിന്നിരുന്നത്. ക്ഷേത്രം മേല്‍ശാന്തി, കഴകം, കീഴ്ശാന്തിക്കാര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് ഉപജീവനത്തിനുള്ള ശമ്പളം നല്‍കാനും, ദേവസ്വം ക്ഷേത്രങ്ങളിലെ പെന്ഷന് ജീവനക്കാര്‍ക്ക് പെന്ഷന് നല്‍കാനും കഴിയുന്നില്ല എന്ന് ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിരിക്കുന്നു. ഇതിലും ദയനീയമാണ് സ്വകാര്യക്ഷേത്രങ്ങളുടെ സ്ഥിതി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഉചിതമായ വഴികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്നില്ല. വിവിധമാര്‍ഗ്ഗങ്ങളിലൂടെ ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ട ഫണ്ടുകള്‍ വാങ്ങിയെടുക്കുന്നതിലും ഗുരുതര വീഴ്ച വരുത്തി.
പ്രളയസഹായമായി 100 കോടി രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ 30 കോടി രൂപമാത്രമാണ് ദേവസ്വം ബോര്‍ഡിന് നല്‍കിയത്. ബാക്കി 70 കോടി രൂപ ആവശ്യപ്പെട്ട് ദേവസ്വം കത്ത് നല്‍കിയെങ്കിലും ഇന്നേവരെ അനുവദിച്ചിട്ടില്ല. സംസ്ഥാനത്ത് കോടിക്കണക്കിന് രൂപ ആദായം ലഭിക്കുന്ന ദേവസ്വം ഭൂമികള്‍ കയ്യേറ്റക്കാരുടെ കൈകളിലാണ്. 20,000 ഏക്കറില്‍ അധികം ഭൂമി, ദേവസ്വത്തിന് തിരുവിതാംകൂറില്‍ മാത്രം അന്യാധീനപ്പെട്ടു. 1811 ല്‍ കേണല്‍ മണ്‍റോയും, ഭൂപരിഷ്കരണ നടപടികളിലൂടെ കേരള സര്‍ക്കാരും ഏറ്റെടുത്ത ദേവസ്വം ഭൂമികളിലെ ആദായത്തിന്റെ പലിശയിനത്തില്‍ നഷ്ടപരിഹാരമായി നല്‍കേണ്ട വര്‍ഷാശനമായി (ആന്വിറ്റി) സര്‍ക്കാര്‍ നല്‍കുന്നത് തുച്ഛമായ തുകയാണ്. 20 ലക്ഷം രൂപ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും, 80 ലക്ഷം രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നല്‍കിവരുന്നുണ്ട്. രൂപയുടെ മൂല്യത്തിന്റേയും ആദായങ്ങളുടെ വിലവര്‍ദ്ധനവിന്റെയും അടിസ്ഥാനത്തില്‍ 100 ഇരട്ടി വര്‍ദ്ധനവ് ആന്വിറ്റിയില്‍ വരുത്തേണ്ടതാണ്. ദേവസ്വം ഭരണാധികാരികള്‍ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ നിരവധി ഉത്തരവുകളാണ് ഇറക്കിയിട്ടുള്ളത്. അതില്‍ ഒന്ന് ദേവസ്വത്തിന്റെ വിവിധ തസ്തികകളില്‍ നിയമനം നടത്തുക എന്നതാണ്. വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നത് ദേവസ്വത്തിന് അധിക ബാധ്യത വരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
ദേവസ്വം ബോര്‍ഡ് മുന്‍പ് പ്രഖ്യാപിച്ച ദേവാരണ്യം പദ്ധതിയിലൂടെ വൃക്ഷങ്ങളും തെങ്ങുകളും ദേവസ്വം ഭൂമികളില്‍ നട്ടുപിടിപ്പിച്ചിരുന്നു. ഈ കൃഷികള്‍ പരിപാലിക്കാനും, സംരക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും ആളില്ലാതെ നാശോന്മുഖമായിരിക്കുമ്പോഴാണ് കോവിഡ് പശ്ചാത്തലത്തില്‍ ദേവഹരിതം എന്ന പേരില്‍ പുതിയകൃഷിയുമായി ദേവസ്വം രംഗത്ത് വരുന്നത്. അതിനായി ദേവസ്വം ഭൂമി പാട്ടത്തിന് നല്‍കും. സംഘടനകള്‍, കുടുംബശ്രീകള്‍ എന്നിവരെയെല്ലാം പരിഗണിക്കുമ്പോള്‍ ഭക്തജനകൂട്ടായ്മകള്, ക്ഷേത്ര ഉപദേശകസമിതികള്‍ എന്നിവരെ പരിഗണിക്കുന്നതിന് തീരുമാനമായിട്ടില്ല. വിവിധ ഏജന്‍സികള്‍ക്കും സംഘടനകള്‍ക്കും കുടുംബശ്രീകള്ക്കുമെല്ലാം പാട്ടത്തിന് നല്‍കുന്നതിലൂടെ ഭൂമി അന്യാധീനപ്പെടാനുള്ള സാഹചര്യം കൂടുതലാണ്. ദേവസ്വം ഭൂമിയില്‍ ക്ഷേത്രാവശ്യത്തിനുള്ള പുഷ്പങ്ങള്‍, ഔഷധസസ്യങ്ങള്‍, ജന്മനക്ഷത്രമരങ്ങള് എന്നിവ നട്ടുപിടിപ്പിക്കാന്‍ തീരുമാനം ഇല്ല. ഇവിടെ കൃഷിയിറക്കാനുള്ള അവകാശം കരാര്‍ വ്യവസ്ഥയില്‍ നല്‍കേണ്ടത് വിശ്വാസികള്‍ക്കും, ക്ഷേത്രങ്ങളോട് കൂറ് പുലര്‍ത്തുന്നവര്‍ക്കുമാണ്.
ക്ഷേത്രങ്ങളില്‍ വഴിപാടായി ലഭിക്കുന്ന ഓട്ടുപാത്രങ്ങള്‍, നിലവിളക്കുകള്‍, മറ്റ് സാധനങ്ങള്‍ എന്നിവ ലേലം ചെയ്യുവാനാണ് മറ്റൊരു തീരുമാനം. ദേവസ്വം ഉത്തരവില്‍ തന്നെ ദേവസ്വം വഴിപാടായി ലഭിക്കുന്ന സാധനങ്ങള്‍ ലിസ്റ്റ് ചെയ്ത് കണക്കില്‍ കൊള്ളിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ട് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ടണ്‍ കണക്കിന് ഓട്ടുപാത്രങ്ങളും, നിലവിളക്കുകളും മറ്റ് പാത്രങ്ങളുമെല്ലാം ദേവസ്വം സ്റ്റോറില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇതെല്ലാം ഉപയോഗശൂന്യവസ്തുക്കളല്ല. ലോഹനിര്‍മ്മിതമാണ് എന്നതിനാല്‍ ക്ലാവുപിടിച്ച് കറുത്ത് കിടക്കുന്നു എന്ന് മാത്രമേയുള്ളു. ഇതില്‍ അമൂല്യവും, പൗരാണികവുമായ പല വസ്തുക്കളും ഉണ്ട്. ഭക്തര്‍ ഭഗവാന് സമര്‍പ്പിക്കുന്ന സാധന സാമഗ്രികള്‍ വിറ്റഴിക്കുന്നതിന് ഭക്തരുടെ അനുമതിയും തേടണം. ദേവന് സമര്‍പ്പിക്കുന്ന സാധനങ്ങള്‍ക്ക് വിപണി മൂല്യം മാത്രമല്ല ഉള്ളത്. അവയുടെ കാലപ്പഴക്കവും, മൂല്യവും നിശ്ചയിക്കാന്‍ സാധ്യമല്ല. നൂറ്റാണ്ടുകളുടെ പഴക്കവും, ഇപ്പോള്‍ ലഭ്യമല്ലാത്ത പുരാവസ്തു രേഖകളും അടങ്ങിയ പഴയ ലോഹപ്പാത്രങ്ങള്‍, വിളക്കുകള്‍, ഇതരലോഹവസ്തുക്കള് എന്നിവ തങ്ങളുടെ ഇഷ്ടക്കാരായ കരാറുകാര്‍ക്ക് ആക്രിസാധനങ്ങളുടെ വിലയ്ക്ക് വിറ്റുതുലക്കാന്‍ അനുവദിക്കണമോ എന്ന ചോദ്യത്തിനാണ് ഹിന്ദു സംഘടനകള്‍ ഉത്തരം തേടുന്നത്. ക്ഷേത്രസ്വത്തും, ക്ഷേത്രവസ്തുക്കളും വിറ്റു മുടിക്കാന്‍ തീരുമാനമെടുത്തവര്‍ ഭക്തജനങ്ങളെ ക്ഷേത്രസങ്കേതങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ചില തീരുമാനങ്ങളും എടുത്തുകഴിഞ്ഞു. ക്ഷേത്രങ്ങളില്‍ ഭക്തജന പങ്കാളിത്തത്തോടെ നടത്തുന്ന നവാഹം, സപ്താഹം ഇനിമേലില്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ നടത്തേണ്ടതില്ല എന്നതാണ് പുതിയ തീരുമാനം. ദേവസ്വങ്ങള്‍ക്ക് വരുമാനമില്ലെന്നും, വലിയതുക ചിലവ് വരും എന്നൊക്കെയാണ് പുതിയ കണ്ടെത്തല്‍. ക്ഷേത്രാഭിവൃദ്ധിയും, ക്ഷേത്രങ്ങളുടെ ഭൗതികാവൃദ്ധിയും ഉണ്ടായത് ഇത്തരം ചടങ്ങുകളിലൂടെയാണ്. ക്ഷേത്രങ്ങള്‍ ആദ്ധ്യാത്മിക കേന്ദ്രം എന്നതിലുപരിയായി സാമൂഹ്യകേന്ദ്രവും, സേവന കേന്ദ്രവും എന്ന നിലയിലേക്ക് ഉയര്‍ന്നു. ഭക്തജന കൂട്ടായ്മകള്‍ ശക്തിപ്പെട്ടു. ക്ഷേത്രസംസ്കാരവും, കുടുംബ സംസ്കാരവും ജീവിതത്തില്‍ പകര്‍ത്തിയ ഭക്തജനസമൂഹത്തില്‍ വലിയ മാറ്റങ്ങളാണ് ഇതിലൂടെ സംഭവിച്ചത്. നറുക്കില നേദ്യം കഴിക്കാന്‍പോലും കഴിവില്ലാത്ത ക്ഷേത്രങ്ങള്‍ മഹാക്ഷേത്രങ്ങളായി മാറുന്ന കാഴ്ചകള്‍ കേരളീയസമൂഹം കണ്ടു. ജീര്‍ണ്ണതയില്‍ നിന്ന് ക്ഷേത്രസങ്കേതങ്ങള്‍ സ്വയംപര്യാപ്തതയിലേക്ക് വളര്‍ന്നതും ഈ കൂട്ടായ്മകളിലൂടെയാണ്.
ഈ സാഹചര്യത്തില്‍ ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രതിഷേധം ഉയര്‍ത്തിയേ മതിയാകൂ. ഇന്ന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികാരപരിധിയിലുള്ള അസി.കമ്മീഷണര്‍ ഓഫീസുകള്‍ക്ക് മുന്‍പിലും ഭക്തജന ധര്‍ണ നടത്തും. ഭക്തജനങ്ങളെ കോവിഡ് കാലഘട്ടത്തില്‍ പ്രതിഷേധവുമായി തെരുവിലിറക്കിയതിന്റെ ഉത്തരവാദിത്തം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രവിരുദ്ധരായ ഭരണാധികാരികള്ക്കാണുള്ളത്. ഭക്തജനങ്ങളുടെ കടമയാണ് നിയമത്തില്‍ മൈനറായ ഈശ്വരന്റെ സ്വത്ത് സംരക്ഷിക്കുക എന്നത്. ആ കടമയാണ് ഹിന്ദുഐക്യവേദി നിര്‍വ്വഹിക്കുന്നതും.
ഇ.എസ്. ബിജു
സംസ്ഥാന ജനറല്‍ സെക്രട്ടറി
ഹിന്ദു ഐക്യവേദി
9947444728
പ്രതികരിക്കാൻ ഇവിടെ എഴുതുക: