പേരാമ്പ്ര: പതിനാറു കുടുംബങ്ങള്‍ താമസിക്കുന്ന കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കുന്നരം വെള്ളി ലക്ഷം വീട് കോളനിയില്‍ കുടിവെള്ളം കിട്ടാതായിട്ട് മാസങ്ങളായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പ് കോര്‍പ്പസ് ഫണ്ട് പ്രകാരം ഏഴുലക്ഷം രൂപ മുടക്കി കുടിവെള്ള പദ്ധതി ആരംഭിച്ചെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇതിന്റെ പ്രവര്‍ത്തനം മുടങ്ങുകയായിരുന്നു. കിണറ്റില്‍ റിങ്ങ് താഴ്ത്തിയതല്ലാതെ മറ്റ് പണികളൊന്നും ചെയ്തില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു. ഈ കിണറില്‍ ഒരു പൂച്ച വീണെങ്കിലും അതിനെ എടുത്ത് മാറ്റിയതല്ലാതെ കിണര്‍ വൃത്തിയാക്കാതെ വെള്ളം മലിനമായി കിടക്കുകയാണ്.
കിണര്‍ വൃത്തിയാക്കിയാല്‍ മാത്രമെ ഈ പദ്ധതിയുടെ ഉപയോഗം കോളനി നിവാസികള്‍ക്ക് ലഭ്യമാവൂ. നാല് എസ്സി കുടുംബവും പന്ത്രണ്ട് ജനറല്‍ കുടുംബവുമാണ് താമസിക്കുന്നത്. മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കാത്തതില്‍ കോളനി നിവാസികള്‍ക്ക് പ്രതിഷേധം ഉണ്ട്. എസ്സി കുടുംബത്തിന് അനുവദിച്ച പദ്ധതിയായത് കൊണ്ട് കോളനിയിലെ മറ്റ് കുടുംബങ്ങള്‍ക്ക് വെള്ളം ലഭിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ജനറല്‍ വിഭാഗത്തില്‍ വെള്ളം ലഭിക്കാത്തതുകൊണ്ട് ഉദ്ഘാടന ചടങ്ങ് വരെ കോളനിയിലെ ജനറല്‍ വിഭാഗം ബഹിഷ്ക്കരിച്ചിരുന്നു. മഴക്കാലത്തിന് മുമ്പ് ഈ കിണര്‍ വൃത്തിയാക്കാനും മുഴുവന്‍ കുടുംബത്തിനും കുടിവെള്ളം ലഭ്യമാക്കാനും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് കോളനി നിവാസികള്‍ ആവശ്യപ്പെടുന്നത്.
ഈ പദ്ധതി ഉടന്‍ പ്രവര്‍ത്തന യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും കോളനി നിവാസികളായ കല്യാണിയും പെണ്ണുക്കുട്ടിയും പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: