കോഴിക്കോട്: 26 ന് തുടങ്ങുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ മുന്നോടിയായി കോര്പറേഷന് പരിധിയിലെ എല്ലാ സ്കൂളുകളും ശുചീകരിച്ച് അണുവിമുകതമാക്കും. ബന്ധപ്പെട്ട പിടിഎ കമ്മറ്റികളുടെ നേതൃത്വത്തിലാണ് ഇത് നടപ്പാക്കുക. പരീക്ഷക്ക് മുന്നോടിയായി ഒരുക്കേണ്ട സംവിധാനങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പരീക്ഷ എഴുതുന്ന എല്ലാ കുട്ടികള്‍ക്കും മാസ്ക് നല്‍കും. ഇത് പരമാവധി വീടുകളില്‍ എത്തിക്കും. സാധിക്കാത്തപക്ഷം കുട്ടികള്‍ സ്കൂളില്‍ പ്രവേശിക്കുന്നതിനു മുമ്പ് സ്കൂള്‍ അധികൃതര്‍ കൈമാറും. എല്ലാ കുട്ടികളും മാസ്ക് ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് ബന്ധപ്പെട്ട ഹെഡ്മാസ്റ്റര്, ഹെഡ്മിസ്ട്രസ്, പ്രിന്‍സിപ്പല്‍ എന്നിവരെ ചുമതലപ്പെടുത്തി.
കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എം. രാധാകൃഷ്ണനെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് ചുമതലപ്പെടുത്തി.എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടക്കുന്ന എലത്തൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്കൂളുകളിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍ദ്ദേശം നല്കി. പരീക്ഷ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് വിവിധ പഞ്ചായത്തുകളില്‍ യോഗം ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: