കാസര്‍കോട്: ജില്ലാ രൂപീകരണ വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നിര്‍വഹിക്കും. കാസര്‍കോട് ജില്ല ഇന്നലെ, ഇന്ന്, നാളെ എന്ന ഒരു മാസം നീണ്ടു നില്ക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനമാണ് ജില്ലാ പിറവി ദിനമായ നാളെ രാവിലെ 10 മണിക്ക് വീഡിയോ കോണ്ഫറന്സു വഴി സുരേന്ദ്രന് നിര്‍വഹിക്കുക.
ജില്ലയുടെ കാര്‍ഷിക, വ്യവസായിക, വാണിജ്യ, ആരോഗ്യ, വിദ്യാഭ്യാസ, പശ്ചാത്തല സൗകര്യമേഖലകളിലെ പിന്നോക്കാവസ്ഥയും, പരിഹാര നിര്‍ദേശങ്ങളും അതത് മേഖലകളിലെ പ്രമുഖരുമായി ചര്‍ച്ച ചെയ്ത് ക്രിയാത്മക റിപ്പോര്‍ട്ടുകള്‍, പത്രമാധ്യമങ്ങള്‍ വഴിയും, സോഷ്യല്‍ മീഡിയ വഴിയും പ്രസിദ്ധപ്പെടുത്തും.
അതോടൊപ്പം ജില്ലയിലെ കലാകായിക സാംസ്കാരികമുള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ പരിചയപ്പെടുത്തുകയും, ആദരിക്കുകയും ചെയ്യും. ജില്ലയുടെ തനത് കലാരൂപങ്ങളുടെ ചരിത്ര പശ്ചാത്തലമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുതു തലമുറക്ക് പരിചയപ്പെടുത്തിക്കൊണ്ടുള്ള പരിപാടികളും ക്യാമ്പയിന്റെ ഭാഗമായി ഉണ്ടാകും.
സഹകരണ മേഖലയുടെയും, വനിതാ ശാക്തീകര പരിപാടികളുടെയും ഉള്‍പ്പെടെ പ്രത്യേകം ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. സപ്തഭാഷാ സംഗമഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാസര്‍കോട്ടെ വ്യത്യസ്ഥ ജനവിഭാഗങ്ങളെക്കുറിച്ചും അറിവു പകരുന്ന വിവരങ്ങള്‍ പങ്കുവെക്കും.
ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാവും പരിപാടികള്‍ സംഘടിപ്പിക്കുക. പരിപാടിക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി നാളെ ജില്ലയില്‍ രണ്ടു ലക്ഷം മാസ്കുകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: