തിരുവനന്തപുരം: കേരളത്തിലെ പ്രധാന ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്‌ക്കായി പ്രത്യേക സ്‌ക്വാഡും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ലോക് ഡൗണ്‍ മാറുന്ന സാഹചര്യത്തില്‍ ഗുണനിലവാരമില്ലാത്തതും മായം ചേര്‍ത്തതുമായ ഭക്ഷ്യവസ്തുക്കള്‍ വരുന്നത് തടയേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പാല്‍, പച്ചക്കറികള്‍, മത്സ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
തിരുവനന്തപുരം ജില്ലയിലെ അമരവിള, കൊല്ലം ജില്ലയിലെ ആര്യങ്കാവ്, പാലക്കാട് ജില്ലയിലെ വാളയാര്‍, കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് പ്രത്യേക സ്‌ക്വാഡുകളുടെ പരിശോധനകള്‍ ഏര്‍പ്പെടുത്തുന്നത്. പരിശോധനകളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം കര്‍ശന നടപടി സീകരിക്കുന്നതായിരിക്കും.
സംസ്ഥാനത്ത് കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ പഴകിയതും കേടുവന്നതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ 200-ല്‍ അധികം മെട്രിക് ടണ്‍ മത്സ്യം നശിപ്പിച്ചിട്ടുണ്ട്. ഇത്തരം പരിശോധനകള്‍ നിരന്തരം നടത്തുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് സംസ്ഥാനത്തെ പ്രധാന ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥിരം പരിശോധനാ സംവിധാനം ആരംഭിക്കുന്നത്.
എല്ലാ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ക്ലാര്‍ക്കുമാരും ഓഫീസ് അറ്റന്‍ഡര്‍മാരും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ചെക്ക് പോസ്റ്റ് ഡ്യൂട്ടിയില്‍ പങ്കെടുക്കുന്നതാണ്. ഓരോ പരിശോധന സ്‌ക്വാഡിനും ഒരു ക്ലാര്‍ക്ക്, ഒരു ഓഫീസ് അറ്റന്‍ഡന്റ് എന്നിവരുടെ സഹായത്തോടെ ഒരു ഫുഡ് സേഫ്റ്റി ഓഫീസര്‍ നേതൃത്വം നല്‍കും. ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ അവരുടെ അധികാര പരിധിയിലുള്ള ജില്ലയില്‍ നിന്ന് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ചെക്ക് പോസ്റ്റ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതാണ്. വാളയാര്‍ ചെക്ക് പോസ്റ്റില്‍ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള ജീവനക്കാരെ എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ നിയോഗിക്കും.
ചെക്ക് പോസ്റ്റുകളോടനുബന്ധിച്ച് മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയും സ്ഥാപിക്കും. ഓരോ ചെക്ക് പോസ്റ്റിലും ഒരേ സമയം രണ്ട് പരിശോധനാ ടീമുകളെയാണ് നിയോഗിക്കുന്നത്. ഇവര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ രാത്രിയും പകലുമായി രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയും വൈകുന്നേരം 7 മുതല്‍ രാവിലെ 7 വരെയും സേവനമനുഷ്ഠിക്കും. ഒരു സ്‌ക്വാഡിനെ 7 ദിവസത്തേക്കാണ് നിയമിക്കുന്നത്. നിയമാനുസൃതമായ ഭക്ഷണ സാമ്പിളുകള്‍ പതിവായി എടുക്കുകയും മൊബൈല്‍ ലാബുകള്‍ ഉപയോഗിച്ച് ദ്രുത പരിശോധന നടത്തുകയും ചെയ്യും. ഓരോ സ്‌ക്വാഡിനും പ്രത്യേക മൊബൈല്‍ ഫോണ്‍ നല്‍കുന്നതാണ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റിനായി പ്രത്യേകം പ്രത്യേക വാഹനവും അനുവദിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: