അഹമ്മദാബാദ് : ഗുജറാത്തില്‍ നിന്നും മലയാളികളെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി. ക്വാറന്റൈന് സൗകര്യങ്ങള്‍ ഇനിയും ഒരുക്കി തീര്‍ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് കേരളത്തിന്റെ അഭ്യര്‍ത്ഥനയില്‍ സര്‍വീസ് റദ്ദാക്കി.
രാജ്കോട്ടില്‍ നിന്ന് ഇന്ന് രാത്രി പുറപ്പെടേണ്ട ട്രെയിനാണ് റദ്ദാക്കിയത്. ഇതോടെ ട്രെയിനില്‍ നാട്ടിലെത്താമെന്ന് പ്രതീക്ഷിച്ചവരുടെ യാത്ര കേരള സര്‍ക്കാരിന്റെ സമ്മതത്തിനായി അനന്തമായി നീണ്ടുപോകുന്നത്. നാട്ടിലെത്തേണ്ടവരുടെ കണക്കടക്കം കഴിഞ്ഞ ആഴ്ച കേരളം ഗുജറാത്തിന് കത്തയച്ചിരുന്നു. കത്തിന്റെ അടിസ്ഥാനത്തിലാണ് 1600 പേരുമായി രാജ്കോട്ടില്‍ നിന്ന് ട്രെയിന്‍ അയക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയാറെടുത്തത്.
ഗുജറാത്തില്‍ വഡോദര വാപ്പി എന്നിവിടങ്ങളില്‍ സ്റ്റോപ്പും തീരുമാനിച്ചു. ഇവിടെ യാത്രക്കാരെ എത്തിക്കാനുള്ള ബസ് സൗകര്യവും മെഡിക്കല്‍ സ്ക്രീനിങ് ചെയ്യാനുള്ള സജ്ജീകരണങ്ങളും ഒരുക്കി. എന്നാല്‍ രാവിലെയോടെ കേരളം ക്വാറന്റൈന് സൗകര്യം ഇല്ലെന്നും ട്രെയിന്‍ സര്‍വീസ് റദ്ദാക്കണമെന്നും ആവശ്യം ഉന്നയിക്കുകയായിരുന്നു.
നിലവിലെ കേന്ദ്രനിര്‍ദ്ദേശപ്രകാരം കേരളത്തിന്റെ അനുമതി ഇല്ലാതെ തന്നെ ഗുജറാത്തിന് മലയാളികളെ സംസ്ഥാനത്തേയ്ക്കുള്ള ട്രെയിന്‍ അയയ്ക്കാം. കഴിഞ്ഞ ആഴ്ച അഹമ്മദാബാദില്‍ നിന്നും മലയാളികളുമായി പുറപ്പെടേണ്ടിയിരുന്ന ട്രെയിനും കേരളത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: