തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ പ്രധാനാധ്യാപകര്‍ക്കും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്നും ക്വാറന്റീനില്‍ കഴിയുന്നവരുള്ള വീടുകളില്‍ നിന്നും എത്തുന്നവര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേകം ഇരിപ്പിടം നല്‍കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ 14 ദിവസത്തെ ക്വാറന്റിനില്‍ കഴിയണം. ഇവര്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം ഒരുക്കും.
പരീക്ഷാകേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികളെ തെര്‍മല്‍ സ്ക്രീനിംഗിന് വിധേയമാക്കും. 5000 ഐ. ആര്. തെര്‍മോമീറ്ററുകള്‍ വാങ്ങും. വൈദ്യപരിശോധന വേണ്ടവര്‍ക്ക് നല്‍കുന്നതിന് സ്കൂളുകളില്‍ സൗകര്യം ഒരുക്കും. അധ്യാപകര്‍ ഗ്ളൗസ് ധരിക്കും. ഉത്തരക്കടലാസുകള്‍ ഏഴു ദിവസം പരീക്ഷാകേന്ദ്രത്തില്‍ തന്നെ സൂക്ഷിക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കുളിച്ച് ശുചിയായ ശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപഴകാവൂ. ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ സ്കൂളുകള്‍ അണുവിമുക്തമാക്കും.
സാനിറ്റൈസറുകളും സോപ്പും വിദ്യാലയങ്ങളില്‍ ലഭ്യമാക്കും. കുട്ടികള്‍ക്ക് മാസ്ക്കും ആരോഗ്യ ചിട്ടകള്‍ സംബന്ധിച്ച വിവരങ്ങളും വീട്ടിലെത്തിക്കുന്നതിന് സമഗ്രശിക്ഷാ കേരളയെ ചുമതലപ്പെടുത്തി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് എന്‍. എസ്. എസ് വഴി മാസ്ക്ക് വിതരണം ചെയ്യും.
പരീക്ഷാ കേന്ദ്ര മാറ്റത്തിനായി 10,920 കുട്ടികളാണ് അപേക്ഷ നല്‍കിയത്. 1866 എസ്. എസ്. എല്‍. സി വിദ്യാര്‍ത്ഥികളും 8835 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളും 219 വി. എച്ച്. എസ്്. സി വിദ്യാര്‍ത്ഥികളുമാണ് മാറ്റത്തിനായി അപേക്ഷിച്ചത്. ഗള്‍ഫിലെയും ലക്ഷദ്വീപിലെയും കേന്ദ്രങ്ങളിലും ക്രമീകരണം നടത്തി. ഗള്‍ഫിലെ സ്കൂളുകളില്‍ പരീക്ഷ നടത്താന്‍ അനുമതി ലഭിച്ചു. ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള തീയതിയില്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് ഉപരിപഠനത്തിന് അവസരം നഷ്ടപ്പെടാത്ത വിധം സേ പരീക്ഷയ്ക്കൊപ്പം റെഗുലര്‍ പരീക്ഷയും നടത്തും.
പരീക്ഷാ ഏകോപനത്തിനും സംശയദൂരീകരണത്തിനും പൊതുവിദ്യാഭ്യാസ ഡയറക്ട്രേറ്റിലും ഉപഡയറക്ടര്‍ ഓഫീസുകളിലും 23 മുതല്‍ വാര് റൂം പ്രവര്‍ത്തിക്കും.ജൂണ്‍ ഒന്നു മുതല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്കി. റെഗുലര്‍ ക്ളാസുകള്‍ ആരംഭിക്കുന്നതു വരെ ഓണ്‍ലൈന്‍ ക്ളാസുകള്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: