തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺലോഡിന് ശേഷം കോളേജുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു.
എല്ലാ കോളേജുകളും ജൂൺ ഒന്നിനു തന്നെ തുറക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം, റഗുലർ ക്ലാസ്സുകൾ ആരംഭിക്കാൻ കഴിയുന്നതു വരെ ഓൺലൈൻ ക്ലാസ്സുകൾ നടത്താം.
അദ്ധ്യാപകർ അക്കാദമിക് കലണ്ടർ അനുസരിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ടെന്നും വിദ്യാർത്ഥികൾ അതിൽ പങ്കാളികളാകുന്നുണ്ടെന്നും പ്രിൻസിപ്പൽമാർ ഉറപ്പാക്കണം, ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെയും കൃത്യമായ ഹാജർ രേഖപ്പെടുത്തി സൂക്ഷിക്കുകയും യഥാസമയം ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്യുകയും വേണം.
ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർഥികൾക്ക് ക്ലാസുകൾ ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിന് പ്രിൻസിപ്പൽമാർ ശ്രദ്ധിക്കണം. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചായിരിക്കണം കോളേജുകൾ തുറന്നു പ്രവർത്തിക്കേണ്ടത്.
സർവകലാശാല പരീക്ഷകളിൽ പങ്കെടുക്കുന്നതിന് വിദ്യാർഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണം, ആരോഗ്യ വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാക്കാനുളള നടപടി കൈക്കൊള്ളണം, ഓൺലൈൻ പഠനരീതിക്ക് ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് വിക്ടേഴ്സ് ചാനൽ പോലെ ടിവി/ഡി.ടി.എച്ച്/റേഡിയോ ചാനൽ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിനുളള സാധ്യതകൾ പരിശോധിക്കണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: